സുശാന്ത് മേനോനും, കൃഷ്ണൻ കുട്ടി നായരും,വിശാല മത ഐക്യവും

ശരത് ശശി

ആറ്റിറമ്പിലെ അത്തിമരത്തിൽ സുശാന്ത് മേനോൻ എന്നു പേരുള്ള ഒരു വാനര ശ്രേഷ്ഠൻ വസിച്ചിരുന്നു. അദ്യേഹം അത്തി പഴങ്ങൾ ഭക്ഷിച്ചു സസുഖം ജീവിച്ചു വരുന്നതിനിടയിലാണ് അതേ ആറ്റിൽ വസിച്ചിരുന്ന കൃഷ്ണൻ കുട്ടി നായർ, വസുന്ധര പിള്ള എന്നീ മുതല ദമ്പതികളെ പരിചയപ്പെടുന്നത്.

വിശാല മത ഐക്യം ജീവിതവ്രതം ആക്കിയ സുശാന്ത് മേനോൻ ആ ദമ്പതികളുമായി പെട്ടെന്ന് അടുത്തു.ആറ്റിൽ അവർക്ക് ആവശ്യമായ ആഹാരം ലഭിക്കുന്നില്ല എന്ന ചിന്ത സുശാന്ത് മേനോനെ അസ്വസ്ഥനാക്കി.തനിക്ക് കിട്ടുന്ന അത്തിക്കായിൽ നിന്ന് ഒരു പങ്ക് സുശാന്ത് മേനോൻ കൃഷ്ണൻ കുട്ടി നായർക്കും, വസുന്ധരാ പിള്ളയ്ക്കുമായി മാറ്റി വെക്കാൻ തീരുമാനിച്ചു.

സുശാന്തിന്റെ തീരുമാനം,കൃഷ്ണൻ കുട്ടിയ്ക്കും, കുടുംബത്തിനും സ്വർഗ്ഗമാണ് നൽകിയത്.അവർ സുശാന്ത് മേനോനൊപ്പം മധുരിക്കുന്ന അത്തിപഴത്തിന്റെ ലോകത്തേക്ക് പിച്ച വെച്ചു.സന്തോഷത്തിന്റെ ദിനങ്ങൾ ആയിരുന്നു പിന്നീടങ്ങോട്ട്.

അങ്ങിനെ ഇരിക്കെ,ഒരു ദിവസം, വസുന്ധരാ പിള്ള, ക്ഷേത്ര ദർശനത്തിനു ശേഷമുള്ള സ്‌ഥിരം പൊറോട്ടയും ഉള്ളിക്കറിയും കഴിക്കുന്ന അവരുടെ സ്വകാര്യ നിമിഷത്തിലാണ് ആ ആഗ്രഹം തുറന്ന് പറഞ്ഞത്.

“ഈ അത്തി പഴത്തിന് ഇത്ര സ്വാദ് ആണെങ്കിൽ, അത്തി പഴം എന്നും കഴിക്കുന്ന സുശാന്ത് മേനോന്റെ ലിവർ ലോ ഫ്ലെയിമിൽ ഫ്രൈ ചെയ്തെടുത്തു, കുറച്ചു കുരുമുളക് തൂവി,ഇച്ചിരി ചെറിയ ഉള്ളിയും കാബേജും കൊണ്ട് അലങ്കരിച്ചാൽ, എന്തായിരിക്കും ടെയിസ്റ് ?”

വിശാല മത ഐക്യം എന്ന ചിന്ത ആദ്യം മനസിലേക്ക് കടന്ന് വന്നെങ്കിലും സുശാന്തിന്റെ ലിവർ ഫ്രൈയെ കുറിച്ചു ആലോചിച്ചപ്പോൾ, വാമ ഭാഗം പറയുന്നതിൽ കാര്യമുണ്ട് എന്ന് കൃഷ്ണൻ കുട്ടി നായർക്ക് തോന്നി.പോരാത്തതിന്, വസുന്ധര പിള്ള ഒരു പിള്ളയാണല്ലോ, “പിള്ള മനസിൽ കള്ളം ഇല്ല” എന്ന മഹത്വചനവും അയാൾക്ക് ധൈര്യം നൽകി.

അങ്ങിനെ ആ ദമ്പതികൾ, ഒരാഴ്ച ഉറക്കമിളച്ച്, സുശാന്ത് മേനോനെ കുടുക്കാൻ ഒരു മാസ്റ്റർ പ്ലാന്റെ ബ്ലൂ പ്രിന്റ് തയ്യാറാക്കി.

ആറ്റിന് അക്കരെയുള്ള വലിയ അത്തി മരം വർണിച്ചു കേൾപ്പിച്ചു,സുശാന്തിനുള്ളിൽ മോഹങ്ങൾ അങ്കുരിപ്പിക്കുകയായിരുന്നു ആദ്യ പടി. സുശാന്ത് മേനോൻ ആറ്റിനപ്പുറത്തെ ഒരിക്കലും കാണാത്ത അത്തിമരത്തെ പ്രണയിച്ചു തുടങ്ങിയ ആ നിമിഷം, കൃഷ്ണൻ കുട്ടി നായർ, സുശാന്തിന്റെ പ്രണയ ഭാജനത്തിന്റെ അടുക്കൽ എത്താൻ വേണ്ട എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.സൗജന്യമായി യാത്രാ സൗകര്യം വാഗ്ദാനം ചെയ്തപ്പോൾ സുശാന്തിന് ആദ്യം അല്പം സംശയം തോന്നിയെങ്കിലും,

“ഒരിക്കലും ഒരു നായർ, മേനോനെ പറ്റിക്കില്ല”

എന്നു സുശാന്തിന്റെ മനസ് പറഞ്ഞു.അങ്ങിനെ അന്ധമായ പ്രണയത്തിൽ വിശ്വസിച്ചു, സുശാന്ത് മേനോൻ, മഞ്ഞു തുള്ളികൾ,പുൽ നാമ്പുകളിൽ കവിത എഴുതിയ ഒരു പുലരിയിൽ കൃഷ്ണൻ കുട്ടി നായർക്ക് ഒപ്പം, ആറ്റിനക്കരെ ഉള്ള അത്തി മരം തേടി യാത്ര തിരിച്ചു.

അക്ഷര ശ്ലോകങ്ങളും, നാട്ടു വർത്തമാനങ്ങളും, ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുടെ ചർച്ചകളുമായി ബഹുരസമായി ആ യാത്ര പകുതി ദൂരം പിന്നിട്ടു. ആറിന്റെ ഒത്ത നടുക്ക് എത്തിയപ്പോൾ, എൻജിൻ ബ്രെക്ക് ഡൗണ് ആയതു പോലെ, കൃഷ്ണൻ കുട്ടി നായർ സഡൻ ബ്രെക്കിട്ടു.വല്ല ചായ കുടിക്കാനും ആകും എന്നാണ് സുശാന്ത് മേനോൻ ആദ്യം കരുതിയത്.

കാലാകാലങ്ങൾ ആയി വില്ലന്മാർ ചെയ്തു വരുന്ന ക്ളീഷേ പോലെ, കൃഷ്ണന്കുട്ടിനായർ കാര്യത്തിലേക്ക് കടക്കുന്നതിന് മുൻപ്, ലിവർ ഫ്രൈ എന്ന തന്റെ ആഗ്രഹത്തെ കുറിച്ചും, തന്റെ പദ്ധതികളെ കുറിച്ചും, സുശാന്ത് മേനോനോട് വിശദമായി പറഞ്ഞു.

എല്ലാം കേട്ട് കഴിഞ്ഞപ്പോൾ, സുശാന്ത് കരഞ്ഞില്ല, വാശിപിടിച്ചില്ല.താൻ എന്നും കുളിച്ചു തൊഴാറുള്ള തേവരെ കുറിച്ചു മാത്രമോർത്തു. തേവർക്ക് ഒരു ശയന പ്രദിക്ഷണം നേർന്നു.കഴിയുമെങ്കിൽ അടുത്ത കുംഭ ഭരണിക്ക്, കുടുംബ സമേതം ദേവിക്ക് ഒരു പൊങ്കാല ഇടണം എന്നും അയാൾ മനസ്സിൽ ഉറപ്പിച്ചു.

അത്ഭുതം എന്നു പറയട്ടെ,ശയന പ്രദിക്ഷണത്തിന്റെ ശക്തിയിൽ സുശാന്ത് മേനോന്, ഒരു ആശയം തോന്നി.അയാൾ കയ്യിൽ ഇരുന്ന ഡ്രോയിങ് ഷീറ്റിൽ വാനരരുടെ ശരീര ഘടന വരച്ചു കാണിച്ചു.അതിലൂടെ പ്രത്യേക വിഭാഗത്തിൽ പെട്ട വാനരർക്ക്, ലിവർ ശരീരത്തിന് വെളിയിൽ ആണ് എന്ന് അയാൾ സ്ഥാപിക്കാൻ ശ്രമിച്ചു.

ബയോളജി ക്ലാസ്സിൽ വാനര ശരീര ശാസ്ത്രം പഠിപ്പിച്ച ദിവസം ആബ്‌സെൻറ് ആയിരുന്ന കൃഷ്ണൻ കുട്ടി നായർ, ഇന്ഫോക്ലിനിക്ക് പേജ് ഫോളോ ചെയ്തിരുന്നുമില്ല. അങ്ങിനെ മെഡിക്കൽ രംഗത്തെ കുറിച്ചു വലിയ ധാരണ ഇല്ലാത്ത കൃഷ്ണൻ കുട്ടി നായരെ സുശാന്ത് മേനോൻ സ്വന്തം തിയറി പറഞ്ഞു വിശ്വസിപ്പിക്കുന്നു.

ലിവർ എടുക്കാൻ എന്ന വ്യാജേന സുശാന്ത് സ്വന്തം അത്തി മരത്തിൽ തിരികെ എത്തുന്നു. സാവധാനം മുകളിൽ കയറിയ സുശാന്ത്, കൃഷ്ണൻ കുട്ടി നായരോട് കടുത്ത പഞ്ച് ഡയലോഗ് പറയുന്നു.

“ഒരു മേനോനെ ഒരു നായർ ചതിച്ചതായി ഞാൻ കാണുന്നില്ല,ഒരു കൂട്ടുകാരൻ വേറൊരു കൂട്ടുകാരനെ തേച്ചു, എന്നേ ഞാൻ കരുത്തുന്നുള്ളൂ.”

കൃഷ്ണൻ കുട്ടിനായർ ലജ്ജ കൊണ്ട് തല താഴ്ത്തി, കുറ്റബോധം താങ്ങാനാകാതെ, ആറിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടു.പിന്നീട് സുശാന്ത് മേനോൻ അവനെയും കുടുംബത്തെയും കണ്ടിട്ടേ ഇല്ല. ദൈവങ്ങൾ തിരികെ നൽകിയ ജീവിതത്തിന് നന്ദി പറഞ്ഞു കൊണ്ട്, ശിഷ്ടകാലം പൊങ്കാലകളും, ശയന പ്രദിക്ഷണങ്ങ ളുമായി അയാൾ സുഖമായി ജീവിച്ചു.

അടിക്കുറിപ്പ് : ഈ കഥയ്ക്ക് ജീവിച്ചിരിക്കുന്നവരോ, മണ്മറഞ്ഞു പോയവരോ ആയ ആരുമായും യാതൊരു ബന്ധവുമില്ല.ഞങ്ങളുടെ തറവാട്ടിൽ തലമുറകൾ ആയി കുട്ടികളെ ഉറക്കാനായി പറയുന്ന കഥയാണ്.