കേരളത്തിൽ ജാതിയില്ല എന്ന് കരുതുന്നവരാണോ സത്യത്തിൽ നമ്മളൊക്കെ ?

സുനിത ദേവദാസ്

കേരളത്തിൽ ദുരഭിമാനക്കൊല നടന്നെന്നും എന്തോ അപകടം സംഭവിക്കാൻ പോകുന്നെന്നും മാധ്യമങ്ങളിൽ വലിയ വാർത്ത .

കേരളത്തിൽ ജാതിയില്ല എന്ന് കരുതുന്നവരാണോ സത്യത്തിൽ നമ്മളൊക്കെ ?

കേരളത്തിൽ ജാതിയുണ്ട് . കൊടികുത്തിവാഴുന്ന ജാതിവിവേചനമുണ്ട് .

അത്‌ തിരിച്ചറിയുന്നില്ലെങ്കിൽ അതിന്റെ കാരണം ദളിതർ അത്രക്കും സമൂഹത്തിൽ അദൃശ്യനായി പോയത് കൊണ്ടാണ് . എവിടെയും അവരെ കാണാൻ പോലും ഇല്ല . പി സി ജോർജ് നടത്തുന്ന ദളിത് വിരുദ്ധ പരാമർശങ്ങൾ നാം കേൾക്കുന്നുണ്ട് . എന്നാൽ അതിനെക്കുറിച്ച് ദളിതർ എന്ത് പറയുന്നുവെന്നത് പോലും നമുക്ക് അറിയില്ല .
മാധ്യമങ്ങൾ മൈക്ക് കൊടുക്കുന്നത് പി സി ജോർജുമാർക്കാണ് , ഒരു ദളിതനും ഇന്നും കേരളത്തിൽ എവിടെയും അർഹമായ സ്ഥാനം പോയിട്ട് അതിജീവിക്കാനുള്ള ഇടം പോലും ലഭിക്കുന്നില്ല .

ന്യൂസ് റൂമുകളിൽ പോലും ജാതി കൊടി കുത്തി വാഴുന്നുണ്ട് . എത്ര ദളിത് ജേർണലിസ്റ്റുകൾക്ക് ജോലിയുണ്ട് ?അതിൽ എത്ര പേര് മുഖ്യധാരയിലുണ്ട് ?

ചത്ത് ജീവിക്കുന്ന എത്രയോ ദുരഭിമാന ഇരകൾ നമുക്കിടയിലുണ്ട് .

എത്രയോ പെൺകുട്ടികൾ ” തേപ്പുപെട്ടികൾ ” എന്ന പേരിൽ അറിയപ്പെട്ടത് എന്ത് കൊണ്ടാണ് ?

ഇന്ത്യയിൽ പ്രണയ പരാജയങ്ങൾക്കു കാരണം വീട്ടുകാരാണെന്നു സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട് . 1995 പ്രണയ വിവാഹത്തിന് വീട്ടുകാർ എതിർത്തതു മൂലം ആത്മഹത്യക്കു ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ച കേസിൽ വിധി പറയുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ കാമുകന് ജീ​വ​പ​ര്യ​ന്തം ത​ട​വ് വിധിച്ച ​​കീ​ഴ്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ്​ സുപ്രീംകോടതി ഇങ്ങനെ പറഞ്ഞത്.”

ഇതേ അവസ്ഥ തന്നെയാണ് ഇന്ത്യയിലും കേരളത്തിലും ഇന്ന് നിലനിൽക്കുന്നത് .

പ്രണയിക്കുന്നത് ജാതി നോക്കി തന്നെയാണ് . തേക്കുന്നതും ജാതി നോക്കി തന്നെ . അതിനു ശേഷം ഇഷ്ടമില്ലാത്ത വിവാഹത്തിന് വഴങ്ങി എത്രയോ പേര് ചത്ത് ജീവിക്കുന്നു .

എത്രയോ പേര് വിവാഹശേഷം ആത്മഹത്യ ചെയ്യുന്നു . ഉടൻ നമ്മളത് ഭർത്താവിന്റെ ചുമലിൽ വക്കും . ഭർതൃപീഡനം എന്ന് .

എത്രയോ പെൺകുട്ടികൾ വിവാഹശേഷവും വിവാഹത്തിന് മുൻപും ആത്മമഹത്യ ചെയ്യുന്നു . ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെടുന്നു . ഇതിൽ പലതും ദുരഭിമാന ആത്മഹത്യകളും കൊലകളും തന്നെയായിരുന്നു .

ഇന്ന് ചാനലുകളിൽ മുഴുവൻ ഈ വിഷയം ചർച്ച ചെയ്തത് ആരാണ് ? പേരിനു പുറകിൽ അഭിമാന വാലുള്ളവർ . അവിടെ പോലും ദളിതർ അദൃശ്യരാണ് .

കേരളത്തിലെ വിവാഹ പരസ്യ സൈറ്റുകളുടെ പേരുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? ക്രിസ്ത്യൻ മാട്രിമോണി , നായർ മാട്രിമോണി…. അല്ലെ ?

എന്നിട്ടും നാം അത്ഭുതത്തോടെ ഞെട്ടൽ രേഖപ്പെടുത്തുന്നു . എന്ത് ഇവിടെ ജാതിയോ എന്ന് .

മതം മാറ്റം നടക്കുമ്പോൾ പോലും നായരോ നമ്പൂതിരിയെ ഒക്കെ മതം മാറിയാൽ വിലയുണ്ട് . മറിച്ചു ദളിതൻ ഏത് മതത്തിലേക്ക് മാറിയാലും ദളിതൻ തന്നെ .

കേരളത്തിൽ ആദ്യത്തെ ദുരഭിമാനക്കൊല എന്ന് പറയുമ്പോൾ ഓർക്കുക

കാരണമറിയാതെ മരിച്ച അനേകരുടെ മുഖങ്ങൾ …
തീവണ്ടിക്കു മുന്നിൽ ചാടിയ എത്രയോ കമിതാക്കളെ …
കിണറ്റിൽ ചാടി മരിച്ച പെൺകുട്ടികളെ ..
ഉത്തരത്തിൽ തൂങ്ങിയാടിയ സ്ത്രീകളെ ..
വിഷം കുടിച്ചു മരിച്ച മനുഷ്യരെ …
നാടുവിട്ടു പോയവരെ … കാണാതായവരെ ….

അതിനൊപ്പം മറ്റു ചിലരെ കൂടി ഓർക്കുക .
വിവാഹശേഷം ഒളിച്ചോടി പോകുന്ന ചിലരെ കുറിച്ചൊക്കെ അത്ഭുതം തോന്നാറില്ലേ ?
വയസ്സായി വിവാഹം കഴിക്കുന്നവരെ കുറിച്ചും ?
ദുരഭിമാനത്താൽ മരിച്ചു ജീവിച്ചവരാണ് പലരും … എല്ലാ ഉത്തരവാദിത്തങ്ങളും തീരുമ്പോൾ , അവർ സ്വന്തം ഇഷ്ടം നിറവേറ്റുന്നു .

“നിങ്ങൾ ഓഫീസറായി പണിയെടുക്കേണ്ട സ്ഥലത്ത് നിങ്ങൾ വിധി പറയേണ്ട ഒരു കേസിൽ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാൻ നിങ്ങൾ എന്ത് തീരുമാനമാണെടുക്കുക?”

ഐ എ എസ് ഇൻറർവ്യൂ ബോർഡിന്റെ ചോദ്യത്തിന് നായാടിജാതിക്കാരനായ ധർമപാലൻ തന്റെ ജീവിതം കൊണ്ട് മറുപടി പറയുന്നു:

“ഒരു നായാടിയെയും മറ്റൊരു മനുഷ്യനെയും രണ്ട് വശത്ത് നിർത്തുകയാണങ്കിൽ സമത്വം എന്ന ധർമ്മത്തിന്റെ അടിസ്ഥാനത്തിൽ ആ ക്ഷണം തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു .അവൻ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും അവൻ നിരപരാധിയാണ് .”

ജയമോഹന്റെ നൂറു സിംഹാസനങ്ങളിൽ നിന്നുള്ള ഈ ഭാഗം പറഞ്ഞു കൊണ്ട് നിർത്തുന്നു .