ബൈക്ക് യാത്രക്കാരന് എസ്‌ഐയുടെ പച്ചത്തെറി; കോട്ടക്കലില്‍ കാര്‍ യാത്രക്കാരന്റെ മൂക്കിടിച്ച് തകര്‍ത്തു; ആലപ്പുഴയില്‍ പൊലീസ് അതിക്രമത്തില്‍ പൊലിഞ്ഞത് രണ്ട് ജീവനുകള്‍

പൊലീസ് ക്രൂരതയുടെ മറ്റൊരു മുഖമായിരുന്നു ഇന്നലെ മലപ്പുറം കോട്ടയ്ക്കലില്‍ കണ്ടത്. ഗവര്‍ണര്‍ പി.സദാശിവത്തിന്റെ വാഹനം കടന്നുപോകുന്നതിനു വഴിയൊരുക്കാന്‍ നഗരത്തില്‍ എത്തിയ എഎസ്‌ഐയാണ് റോഡില്‍വച്ചു കാര്‍ യാത്രക്കാരന്റെ മൂക്കില്‍ ഇടിച്ചുപരിക്കേല്‍പിച്ചതെന്നാണ് പരാതി. കുളത്തൂപറമ്പ് സ്വദേശി ‘ശ്രുതി’യിലെ ജനാര്‍ദനനാണ്(69) പരിക്കേറ്റത്. കാര്‍ വേണ്ടത്ര ഒതുക്കിയിട്ടില്ലെന്ന് പറഞ്ഞായിരുന്നു മര്‍ദനം. ”രാവിലെ വീട്ടില്‍ നിന്ന് സ്വാഗതമാട്ടേക്ക് കാറോടിച്ച് പോകുകയായിരുന്നു ഞാന്‍. റോഡ് നീളെ പൊലീസുകാരുണ്ടായിരുന്നു. പൊന്നാനിയിലേക്ക് പോകുന്ന ഗവര്‍ണര്‍ക്ക് വഴിയൊരുക്കാന്‍ ഗവര്‍ണറുടെ വാഹനം എത്താറായപ്പോള്‍ കാര്‍ കഴിയാവുന്നത്ര വശത്തേക്ക് മാറ്റി നിര്‍ത്തി. ഗവര്‍ണര്‍ പോയി കാറെടുക്കാനൊരുങ്ങുമ്പോള്‍ ഒരു പൊലീസുകാരന്‍ ആക്രോശിച്ച് കൊണ്ടുവന്നു. എന്തെടാ നിനക്ക് വണ്ടി സൈഡാക്കാനൊന്നും അറിയില്ലേ എന്ന് ചോദിച്ച് മുഷ്ടിചുരുട്ടി മൂക്കിനിടിച്ചു. മൂക്കു പൊട്ടി ചോരയലിച്ചു”, ജനാര്‍ദനന്‍ പറഞ്ഞു. രക്തം വാര്‍ന്നൊഴുകിയതോടെ യാത്രക്കാരന്‍ കാറില്‍ നിന്ന് ഇറങ്ങി. സംഭവം കണ്ട് ഓടിക്കൂടിയവര്‍ പൊലീസിന് നേരെ തിരിഞ്ഞു. സുരക്ഷയുടെ ഭാഗമായി റോഡിലെ വാഹനങ്ങള്‍ നീക്കാന്‍ എത്തിയ എഎസ്‌ഐ പ്രകോപനംകൂടാതെ മൂക്കില്‍ ഇടിക്കുകയായിരുന്നെന്നാണ് ജനാര്‍ദനന്റെ പരാതി. സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. വിഐപി വാഹനം വരുന്നതു കണ്ടതോടെ കാര്‍ പരമാവധി പാതയോരത്തേക്കു മാറ്റിയതായി ജനാര്‍ദനന്‍ പറയുന്നു. പൊലീസ് വാഹനത്തില്‍ ജനാര്‍ദനനെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. അതേസമയം കാര്‍യാത്രക്കാരനെ മനഃപൂര്‍വം ഒന്നും ചെയ്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. ഗവര്‍ണറുടെ വാഹനത്തിന് പിന്നാലെ പിന്നെയും അകമ്പടിവാഹനങ്ങള്‍ പോകാനുണ്ടായിരുന്നു. ഈ സമയത്ത് കാര്‍ മുന്നോട്ടെടുക്കാനൊരുങ്ങിയ ജനാര്‍ദ്ദനനെ കൈ കൊണ്ട് തടയുക മാത്രമാണ് ചെയ്തത്. അപ്പോള്‍ പൊലീസുകാരന്റെ നഖമോ മോതിരമോ മുഖത്ത് തട്ടിയിരിക്കാം. മൂക്കില്‍ നിന്ന് രക്തം വരുന്നതുകൊണ്ട് പൊലീസ് വാഹനത്തില്‍ത്തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും പൊലീസ് വിശദീകരിച്ചു.

അതേസമയം ആലപ്പുഴയില്‍ സമാനമായ രീതിയില്‍ റോഡില്‍ പൊലീസ് അതിക്രമത്തില്‍ രണ്ട് ജീവനുകളാണ് പൊലിഞ്ഞത്. പൊലീസ് ജീപ്പ് പിന്തുടര്‍ന്നു കുറുകെ നിര്‍ത്തിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ പരിക്കേറ്റു ചികിത്സയിലിരുന്ന വീട്ടമ്മയും കഴിഞ്ഞ ദിവസം മരിച്ചു. കഞ്ഞിക്കുഴി ഊത്തക്കരച്ചിറ (കിഴക്കേ തയ്യില്‍) ഷേബുവിന്റെ ഭാര്യ സുമിയാണു (34) മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ പാതിരപ്പള്ളി വെളിയില്‍ ബാലന്റെ മകന്‍ വിച്ചു (24) സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ കുത്തിയതോട് എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തു. എസ്‌ഐക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചു. തുടരന്വേഷണം നടത്തി ആവശ്യമെങ്കിലും കൂടുതല്‍ നടപടിയും സ്വീകരിക്കും.

കഴിഞ്ഞ പതിനൊന്നിനു പുലര്‍ച്ചെ കഞ്ഞിക്കുഴിയിലാണ് അപകടമുണ്ടായത്. പൊലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ പോയെന്ന് ആരോപിച്ചു ഷേബുവും കുടുംബവും സഞ്ചരിച്ച ബൈക്കിനു കുറുകെ പൊലീസ് ജീപ്പ് നിര്‍ത്തുകയായിരുന്നു. ഈ സമയം എതിരെ വന്ന വിച്ചുവിന്റെ ബൈക്ക് ഷേബുവിന്റെ ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

സുമിയെക്കൂടാതെ ബൈക്കിലുണ്ടായിരുന്ന ഭര്‍ത്താവ് ഷേബു (39), മക്കളായ ഹര്‍ഷ (10), ശ്രീലക്ഷ്മി (നാല്) എന്നിവര്‍ക്കും ഗുരുതരമായ പരുക്കേറ്റിരുന്നു. കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഷേബുവും മക്കളും കഴിഞ്ഞദിവസം വീട്ടിലെത്തിയെങ്കിലും നട്ടെല്ലിനു പരുക്കേറ്റ ഷേബു എഴുന്നേല്‍ക്കാന്‍പോലുമാകാത്ത അവസ്ഥയിലാണ്.

നടുറോഡില്‍ പൊലീസിന്റെ അതിക്രമം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസങ്ങളിലായി പലയിടത്തായി അരങ്ങേറിയ സംഭവങ്ങള്‍ പുറത്തുവന്നിട്ടും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപം.

കോട്ടയം ഈരാറ്റുപേട്ടയില്‍ സ്റ്റേഷനിലെത്തിയ യുവാവിനെ എസ്‌ഐ പച്ചത്തെറി വിളിച്ചതായാണ് പരാതി. ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ യാത്ര ചെയ്ത യുവാവിനെ സബ് ഇന്‍സ്‌പെക്ടര്‍ അസഭ്യവര്‍ഷം കൊണ്ട് നേരിട്ടത്.