കേരളം ഒരു ദിവസം തള്ളുന്നത് 200 ടൺ ആശുപത്രി മാലിന്യം

കൊച്ചി:സംസ്ഥാനത്ത് ആശുപത്രികളിലെ ഒരു ദിവസത്തെ മാലിന്യം 200 ടണ്ണോളം വരുമെന്ന് അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യയുടെ (അസോചം) റിപ്പോര്‍ട്ട്. രാജ്യത്തൊട്ടാകെ പുറന്തള്ളുന്ന മാലിന്യത്തിന്റെ മൂന്നിലൊന്ന് കേരളത്തിലാന്നെും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്താകെ 550 ടണ്‍ ആശുപത്രി മാലിന്യമാണ് ഒരു ദിവസം പുറന്തള്ളുന്നത്.

വരുന്ന രണ്ടുവര്‍ഷത്തിനകം ഇത് 775 ടണ്ണിലധികമാകുമെന്നും കഴിഞ്ഞദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീടുകളിലെ മാലിന്യം പോലും യഥാവിധം സംസ്‌കരിക്കാനാകാത്ത സാഹചര്യത്തില്‍ ആശുപത്രി മാലിന്യം വലിയ വെല്ലുവിളിയാകുമെന്നാണ് മുന്നറിയിപ്പ്.

കേരളത്തില്‍ 11,436 ആശുപത്രികളാണ് ഉള്ളത്. ഇതില്‍ 92,154 കിടക്കകള്‍. ഒരു കിടക്കയില്‍ നിന്ന് ഉണ്ടാകുന്നത് ശരാശരി 300 ഗ്രാം മാലിന്യമാണ്. അങ്ങനെ വരുമ്പോള്‍ ഒരു ദിവസം 2,77,542 കിലോ മാലിന്യം ദിവസവുമുണ്ടാകും. കിടക്ക മുഴുവന്‍ രോഗികള്‍ ഇല്ലെങ്കിലും മാലിന്യം 200 ടണ്ണിനടുത്തുവരുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആശുപത്രി മാലിന്യങ്ങള്‍ക്കു പുറമേ ലാബുകളിലെ മാലിന്യം, കാലാവധി തീര്‍ന്ന മരുന്നുകള്‍ എന്നിവയും ഭീഷണി ഉയര്‍ത്തുന്നുണ്ട്. മാലിന്യങ്ങളില്‍ മൂന്നില്‍ രണ്ടും ശാസ്ത്രീയമായി സംസ്‌കരിക്കുന്നില്ല എന്നതാണ് വാസ്തവം.

ആശുപത്രി മാലിന്യം സംസ്‌കരിക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായ നിയമം പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കരണം ഫലപ്രദമാക്കാന്‍ ബാര്‍കോഡിങ് സമ്പ്രദായം ഏര്‍പ്പെടുത്താനും നീക്കം നടക്കുകയാണെന്നാണ് വിവരം. വ്യവസ്ഥകളനുസരിച്ച് ആശുപത്രി മാലിന്യം 70 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകാന്‍ പാടില്ല.അതേസമയം ഇവ 48 മണിക്കൂറിനുള്ളില്‍ സംസ്‌കരിക്കുകയും വേണം. ഇങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ കുറഞ്ഞത് മൂന്നു പ്ലാന്റുകളെങ്കിലും ആവശ്യമാണെന്നാണ് അസോചം പറയുന്നത്.

പാലക്കാട്ട് ഐ.എം.എ.യുടെ നേതൃത്വത്തിലുള്ള പ്ലാന്റ് മാത്രമാണിപ്പോഴുള്ളത്. ഇതിന്റെ ശേഷി 50 ടണ്‍മാത്രമാണ്. ചില ആശുപത്രികളിലെ സംവിധാനങ്ങള്‍ ക്കൂടി കണക്കിലെടുത്താല്‍ പരമാവധി 75 ടണ്‍ വരെയാണ് കേരളത്തില്‍ മികച്ചവിധത്തില്‍ സംസ്‌കരിക്കുന്നത്. രണ്ടുപ്ലാന്റുകള്‍ തുടങ്ങാന്‍ ഐ.എം.എ. തയ്യാറാണെങ്കിലും പല പ്രശ്നങ്ങള്‍ കാരണം അത് മുന്നോട്ടുപോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ആശുപത്രികളിലെ ജൈവ മാലിന്യം സംസ്‌കരിക്കാന്‍ കഴിയാത്തത് ഗുരുതരമായ പ്രശ്നമാണ്. ചികിത്സാരംഗത്തെ നമ്മുടെ നേട്ടത്തിന് വിനയായിത്തീരാന്‍ പോലും ഗുരുതരമാണ് ഈ പ്രശ്നമെന്നാണ് വിലയിരുത്തല്‍. മാലിന്യം കൂട്ടിയിടുന്നതു കാരണം സാംക്രമികരോഗങ്ങള്‍ വ്യാപിക്കാനും കാരണമാകുമെന്ന് കേരള ഐഎംഎ സെക്രട്ടറി വ്യക്തമാക്കുന്നു