ഡേറ്റ ചോര്‍ച്ച; ലൈഫ്‌സ്‌റ്റൈല്‍ മാസിക പ്ലേബോയ് ഫെയ്‌സ്ബുക് അക്കൗണ്ട് നീക്കം ചെയ്തു

ഷിക്കാഗോ: ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ന്നതായി വ്യക്തമായതിനെത്തുടര്‍ന്ന് അമേരിക്കന്‍ ലൈഫ്‌സ്‌റ്റൈല്‍ മാസികയായ പ്ലോബോയ്യും ഫെയ്‌സ്ബുക് അക്കൗണ്ട് നീക്കം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയോടെ ഫെയ്‌സ്ബുക്കില്‍നിന്ന് പിന്‍മാറുകയാണെന്ന് പ്ലേബോയ് പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. പ്ലേബോയ്ക്കു രണ്ടരക്കോടിയില്‍ അധികം ആരാധകരാണു ഫെയ്‌സ്ബുക്കിലുണ്ടായിരുന്നതെന്നു കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ശേഖരിച്ചതായി വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ #ഡിലീറ്റ്‌ഫെയ്‌സ്ബുക് എന്ന ക്യാംപെയ്‌നും പ്രചരിച്ചു. ഇതേത്തുടര്‍ന്നു സ്‌പേസ്എക്‌സ് സ്ഥാപകന്‍ ഇലണ്‍ മസ്‌കും സ്ഥാപനത്തിന്റെ ഔദ്യോഗിക പേജും ഇലക്ട്രിക് കാറുകളുടെ പേജായ ടെസ്ലയുടെ പേജും ഫെയ്‌സ്ബുക്കില്‍നിന്നു നീക്കാന്‍ ആവശ്യപ്പെട്ടിരുന്നു.

ഫെയ്‌സ്ബുക് ആണ് തങ്ങളുടെ ഏറ്റവും വലിയ വായനക്കാരെന്ന് 2014ല്‍ പ്ലേബോയ് പറഞ്ഞിരുന്നു. എന്നാല്‍ ഫെയ്‌സ്ബുക്കില്‍നിന്നു പിന്‍മാറിയെങ്കിലും പ്ലോബോയ്, സ്‌പേസ്എക്‌സ്, ടെസ്ല എന്നിവരുടെ പേജുകള്‍ എഫ്ബിയുടെ തന്നെ ഉടമസ്ഥതയിലുള്ള ഇസ്റ്റഗ്രാമില്‍ സജീവമാണ്.