പെണ്‍കുട്ടികള്‍ക്കായി ആധുനിക പിങ്ക് വാഷ്റൂം

പെണ്‍കുട്ടികള്‍ക്ക് മാത്രമായി ആധുനിക പിങ്ക് വാഷ്റൂം. രാജ്യത്തു തന്നെ പൊതുമേഖല വിദ്യാലയത്തില്‍ വിദേശ മാതൃകയിലുള്ള ശുചിമുറി കോംപ്ലക്സ് ഒരുക്കുന്നത് ഇതാദ്യമായാണ്. മഞ്ചേരി ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് പിങ്ക് വാഷ്റൂം യാഥാര്‍ഥ്യമായിരിക്കുന്നത്. പുല്ലഞ്ചേരി ഗ്രാനൈറ്റ് ഇന്‍ഡസ്ട്രീസിന്റെ സാമൂഹിക പ്രതിബന്ധതാ ഫണ്ട് ഉപയോഗപ്പെടുത്തി 99 പോസിറ്റീവ് സര്‍കിള്‍ കൂട്ടായ്മയാണ് ഈ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്.

യൂറോപ്യന്‍ മാതൃകയിലുള്ള 10 ശുചിമുറികള്‍, ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനും ശുചിത്വം ഉറപ്പാക്കാനും പ്രത്യേക സംവിധാനങ്ങള്‍, സാനിറ്ററി നാപ്കിന്‍ വെന്‍ഡിംഗ് മെഷീന്‍, ഉപയോഗിച്ച നാപ്കിനുകള്‍ കത്തിച്ചു കളയാനുള്ള ഇന്‍സിനിയറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്കായി ഏര്‍പെടുത്തിയിരിക്കുന്നത്.

മഞ്ചേരി ഗവണ്‍മെന്‍റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ആധുനിക പിങ്ക് വാഷ്റൂം കളരി ആചാര്യ കടത്തനാട്ട് മീനാക്ഷി രാഘവന്‍ ഗുരുക്കള്‍ ഉദ്ഘാടനം ചെയ്തു. 2000ല്‍ പരം കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ 76 പേര്‍ ഭിന്നശേഷിക്കാരായുണ്ട്. മീനാക്ഷി ഗുരുക്കള്‍ക്കൊപ്പം സ്ത്രീ സുരക്ഷ, ആരോഗ്യം, ശുചിത്വ ബോധം തുടങ്ങിയവയുടെ പ്രതീകങ്ങളായി 99 പിങ്ക് ബലൂണുകള്‍ വാനിലുയര്‍ത്തി വിദ്യാര്‍ത്ഥികളും ഉദ്ഘാടനത്തില്‍ പങ്കാളികളായി.