മക്കള്‍ക്ക് പ്രചോദനം നല്‍കുന്ന 17 അമ്മമാരെ ബാര്‍ബിഡോളുകളാക്കി നിര്‍മാതാക്കള്‍

കഴിഞ്ഞ 58 വര്‍ഷമായി കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട പാവയാണ് ബാര്‍ബി ഡോള്‍. പല രൂപത്തിലും ഭാവത്തിലും വേഷത്തിലുമുള്ള ബാര്‍ബികള്‍ കുട്ടികളെ അത്രയേറെ ആകര്‍ഷിക്കുന്നവയാണ്. ഫാഷന്‍ ലോകത്ത് ബാര്‍ബിയുടെ സ്വാധീനം വളരെ വലുതുമാണ്. എന്നാല്‍ ഇപ്പോള്‍ പുതിയൊരു പരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബാര്‍ബി നിര്‍മ്മാതാക്കള്‍.

സമൂഹത്തിന്റെ ആവശ്യമനുസരിച്ചുള്ള പാവകളെ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി 8000ത്തോളം അമ്മമാരെ സര്‍വേ നടത്തിയാണ് ബാര്‍ബി പുതിയ ഡോളുകളെ നിര്‍മ്മിക്കുന്നത്. പെണ്‍മക്കളുടെ മനസിലെ റോള്‍ മോഡലുകളെക്കുറിച്ചായിരുന്നു ഒട്ടുമിക്ക അമ്മമാരും സര്‍വേയില്‍ വിശദമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ യഥാര്‍ഥ ജീവിതത്തിലെ മക്കള്‍ക്ക് പ്രചോദനം നല്‍കുന്ന 17 അമ്മമാരെ പാവകളാക്കാന്‍ ഒരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

യഥാര്‍ഥ ജീവിതത്തില്‍ പെണ്‍മക്കള്‍ വലുതാകുമ്പോള്‍ അവരുടെ മനസിലെ റോള്‍ മോഡല്‍ പല കാര്യങ്ങളിലും അമ്മമാരാണ്. അതിനാലാണ് ഇത്തരമൊരു പരീക്ഷണമെന്ന് ബാര്‍ബി ജനറല്‍ മാനേജറും വൈസ് പ്രസിഡന്റുമായ ലിസ മക്നൈറ്റ് പറഞ്ഞു.

പല വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ചവരാണ് ഈ 17 വനിതകള്‍. അറ്റ്ലാന്റിക് കടല്‍ നീന്തിക്കടന്ന ആദ്യ വനിത അമേലിയ ഇയര്‍ഹാര്‍ട്, മെക്സിക്കന്‍ ആര്‍ടിസ്റ്റ് ഫ്രിദ കാലോ തുടങ്ങിയ 17 പേരെയാണ് ബാര്‍ബി ഡോളുകളാക്കി നിര്‍മ്മിച്ചത്.