സിബിഎസ്ഇ ചോദ്യപേപ്പര്‍ വിറ്റത് ഡല്‍ഹി യുവതി; വിവരങ്ങള്‍ തേടി ഗൂഗിളിന് കത്തയച്ചു; പ്രതിഷേധം ശക്തം

ന്യൂഡല്‍ഹി: സിബിഎസ്ഇയുടെ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് മൂന്നോ നാലോ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിയാണ്. ഇവര്‍ ആരൊക്കെയാണെന്നോ ഏത് മേഖലയിലുള്ളവരാണെന്നോ തുടങ്ങിയ വിശദാംശങ്ങളെല്ലാം രഹസ്യമായി സൂക്ഷിക്കും. തയ്യാറാക്കിയ ചോദ്യങ്ങള്‍ രഹസ്യകേന്ദ്രങ്ങളിലാണ് സൂക്ഷിക്കുക. പിന്നീട് മേഖലാ ഓഫീസുകളിലേക്കും അവിടെ നിന്ന് ബാങ്കുകളിലേക്കുമാണ് അത് എത്തിക്കുക. ബാങ്കുകളില്‍ നിന്നു പരീക്ഷാദിവസം മാത്രമാണ് ചോദ്യക്കടലാസുകള്‍ സ്‌കൂളുകളിലെത്തിക്കുക. പരീക്ഷാകേന്ദ്രത്തില്‍ എത്തിയതിനു ശേഷം മാത്രമാണ് കവര്‍ പൊട്ടിക്കുന്നത്. ഇത്രയും രഹസ്യമായി തയ്യാറാക്കി, കനത്ത സുരക്ഷയില്‍ എത്തിക്കുന്ന ചോദ്യക്കടലാസ് എങ്ങനെയാണു ചോര്‍ന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്.

ഡല്‍ഹിയിലെ ഒരു കോച്ചിങ് സെന്ററില്‍ തുടങ്ങി ഗൂഗിളില്‍ വരെ കയറിയിറങ്ങുകയാണ് അന്വേഷണ സംഘം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെ ചോര്‍ച്ചയില്‍ അതൃപ്തി രേഖപ്പെടുത്തിയിരിക്കുന്നു. മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവഡേക്കര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. വിദ്യാര്‍ഥികളും രക്ഷിതാക്കളും സിബിഎസ്ഇ ആസ്ഥാനത്തേക്ക് വന്‍ പ്രതിഷേധ പ്രകടനവും നടത്തി. ചോദ്യക്കടലാസ് ചോര്‍ന്ന പത്താം ക്ലാസ് കണക്ക്, പന്ത്രണ്ടാം ക്ലാസ് ഇക്കണോമിക്‌സ് പരീക്ഷകള്‍ എന്നു നടത്തുമെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹി പൊലീസിനെക്കൂടാതെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘവും അന്വേഷണത്തിനുണ്ട്.

പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ തലേന്നു തന്നെ, മാര്‍ച്ച് 28ന് പുലര്‍ച്ചെ 1.40ന്, ചോദ്യക്കടലാസ് ചോര്‍ന്നതായി കാണിച്ച് ഒരു ഇമെയില്‍ സിബിഎസ്ഇ അധികൃതര്‍ക്കു ലഭിച്ചിരുന്നു. സിബിഎസ്ഇ ചെയര്‍പേഴ്‌സന്റെ ജിമെയിലിലേക്കാണു ചോദ്യക്കടലാസിലെ വിവരങ്ങള്‍ പകര്‍ത്തിയെഴുതിയ നിലയില്‍ 12 ഫോട്ടോകളായി അയച്ചത്. ഇത് എവിടെ നിന്നാണ് അയച്ചതെന്ന് അറിയാന്‍ ക്രൈംബ്രാഞ്ച് സംഘം ഗൂഗിളിന്റെ സഹായം തേടിയിരിക്കുകയാണ്. പൊലീസിന് കണ്‍ട്രോള്‍ റൂമിലേക്കും ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഒരു ഫോണ്‍ സന്ദേശമെത്തിയിരുന്നു.

പരീക്ഷയ്ക്കു രണ്ടു ദിവസം മുന്‍പു തന്നെ സിബിഎസ്ഇ അധികൃതര്‍ക്കും പൊലീസിനും ചോദ്യക്കടലാസ് ചോര്‍ച്ചയെപ്പറ്റി വിവരമുണ്ടായിരുന്നതായി പ്രഥമ വിവര റിപ്പോര്‍ട്ടും (എഫ്‌ഐആര്‍) വ്യക്തമാക്കുന്നുണ്ട്. ഇക്കണോമിക്‌സ് പരീക്ഷയ്ക്ക് രണ്ടു ദിവസം മുന്‍പ്, മാര്‍ച്ച് 23നു തന്നെ, ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച ഫാക്‌സ് സന്ദേശം ബോര്‍ഡ് അധികൃതര്‍ക്കു ലഭിച്ചിരുന്നു. പിറ്റേന്നു തന്നെ വിവരം പൊലീസിനെ അറിയിച്ചു. എന്നാല്‍ പരീക്ഷ മാറ്റിവച്ചില്ല. കേസ് റജിസ്റ്റര്‍ ചെയ്തതാകട്ടെ മാര്‍ച്ച് 27ന് ഇക്കണോമിക്‌സ് പരീക്ഷ കഴിഞ്ഞ് ഒരു ദിവസത്തിനും ശേഷവും. പിന്നാലെയാണ് രണ്ടു പരീക്ഷകള്‍ റദ്ദാക്കാനും സിബിഎസ്ഇ നിര്‍ദേശിച്ചത്. ചോര്‍ന്നെന്ന് അറിഞ്ഞിട്ടും പരീക്ഷ നടത്തിയത് എന്തിനായിരുന്നുവെന്നാണ് ബോര്‍ഡ് ഇപ്പോള്‍ നേരിടുന്ന പ്രധാന വിമര്‍ശനം.

ക്രൈംബ്രാഞ്ച് ഇതുവരെ മുപ്പതിലേറെ പേരെ ചോദ്യം ചെയ്തു. വിവിധ കോച്ചിങ് സെന്ററുകളിലെ അധ്യാപകരെയും വിദ്യാര്‍ഥികളെയുമാണ് ഇതുവരെ ചോദ്യം ചെയ്തത്. ഇവരില്‍ പത്തോളം പേരില്‍ നിന്ന് മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. ഡല്‍ഹി രജീന്ദര്‍ നഗറിലെ ‘വിദ്യ’ കോച്ചിങ് സെന്റര്‍ തലവന്‍ വിക്കി വാദ്വ(40)യെ കസ്റ്റഡിയിലുമെടുത്തു. ഇയാളുടെ ഫോണിലെ വാട്‌സാപ്പില്‍ നിന്ന് ചോദ്യപേപ്പറിന്റെ ‘എഴുതിയ പകര്‍പ്പുകള്‍’ കണ്ടെടുത്തിട്ടുണ്ട്. ഡല്‍ഹിയിലെ 11 സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, ഏഴു കോളജ് വിദ്യാര്‍ഥികള്‍, അഞ്ച് അധ്യാപകര്‍, ഇവരെക്കൂടാതെ മറ്റു രണ്ടു പേര്‍ എന്നിങ്ങനെയാണു പൊലീസിന്റെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ ഇരുപതോളം വിദ്യാര്‍ഥികളെ ഇതിനോടകം തിരിച്ചറിഞ്ഞു ചോദ്യം ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും വാട്‌സാപ്പിലൂടെയാണു ചോദ്യപേപ്പര്‍ ചോര്‍ന്നുകിട്ടിയത്.

5000 മുതല്‍ 35,000 രൂപ വരെ നല്‍കിയാണു പലരും ചോദ്യക്കടലാസ് സ്വന്തമാക്കിയതെന്നാണ് വിവരം. ഇതു വിതരണം ചെയ്ത വാട്‌സാപ് ഗ്രൂപ്പിന്റെ അഡ്മിനായ യുവതിയും ക്രൈംബ്രാഞ്ചിന്റെ നിരീക്ഷണത്തിലാണ്. ഡല്‍ഹി നിവാസിയായ ഇവരാണ് ചോദ്യക്കടലാസ് വിതരണത്തിനു ചുക്കാന്‍ പിടിച്ചത്. ഈ ചോദ്യക്കടലാസ് സമൂഹമാധ്യമങ്ങളിലും പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഡല്‍ഹിക്കു പുറത്തേക്കും ചോദ്യക്കടലാസ് ചോര്‍ന്നതായി വിവരമുണ്ട്. ചിലരാകട്ടെ ഉയര്‍ന്ന വില കൊടുത്തു ‘വാങ്ങിയ’ ചോദ്യക്കടലാസ് മറിച്ചുവില്‍ക്കാനും ശ്രമിച്ചു. അങ്ങനെ 5000 രൂപയ്ക്കു വരെ വില്‍പന നടന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്.

സിബിഎസ്ഇ ഉദ്യോഗസ്ഥര്‍ക്കു നേരെയും അന്വേഷണം നീളുന്നുണ്ട്. പരീക്ഷയ്ക്കു മേല്‍നോട്ടം വഹിച്ചവരെയും സ്‌കൂള്‍ അധികൃതരെയും കോച്ചിങ് സെന്ററുകളെയും ചോദ്യപേപ്പര്‍ പ്രിന്റ് ചെയ്തയിടങ്ങളും കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം. അതിനിടെ അന്വേഷണ സംഘത്തിന് ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹായിക്കാനായി സിബിഎസ് മൂന്ന് ഉന്നത ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

സിബിഎസ്ഇ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നത് ഇങ്ങനെ

1.ഓരോ വിഷയത്തിനും മൂന്നോ നാലോ വിദഗ്ധര്‍ ഉള്‍പ്പെടുന്ന സമിതിക്കാണ് സിബിഎസ്ഇ ചോദ്യക്കടലാസ് തയാറാക്കാന്‍ ചുമതല.

2.അധ്യാപകരായ ഇവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

3.ചോദ്യങ്ങള്‍ ടൈപ്പ് ചെയ്തു പ്രിന്റ് എടുത്താണു കൈമാറുക.

4.ചോദ്യങ്ങളുടെ നിലവാരം മോഡറേറ്റര്‍മാര്‍ പരിശോധിക്കും.

5. പരിഭാഷ തയാറാക്കുന്നു. തുടര്‍ന്നു പ്രിന്റ് ചെയ്യുന്നു.

6 ചോദ്യങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ സൂക്ഷിക്കും.

7 പിന്നീട് ഇവ മേഖലാ ഓഫിസുകളിലേക്ക് അയയ്ക്കും.

8.മേഖലാ ഓഫിസുകളില്‍ നിന്നു ബാങ്കിലേക്കു മാറ്റും.

9 ബാങ്കുകളില്‍നിന്നാണു പരീക്ഷാദിവസം സ്‌കൂളില്‍ എത്തിക്കുന്നത്.

10. പരീക്ഷാ കേന്ദ്രങ്ങളിലെത്തിയശേഷം മാത്രമാണു ചോദ്യക്കടലാസുകളുടെ കവര്‍ പൊട്ടിക്കുക.

വിതരണം ചെയ്യുന്നത്

1.നാലു സെറ്റ് ചോദ്യക്കടലാസുകളാണു തയാറാക്കുക. ഡല്‍ഹി മേഖലയ്ക്ക് ഒരെണ്ണം. രാജ്യത്തെ മറ്റു സ്ഥലങ്ങള്‍ക്കു രണ്ടാം സെറ്റ്. രാജ്യത്തിനു പുറത്തുള്ള കേന്ദ്രങ്ങള്‍ക്കു മൂന്നാം സെറ്റ്. ഒരെണ്ണം റിസര്‍വ്.

2 അവസാന നിമിഷം ചോദ്യക്കടലാസ് ചോര്‍ച്ചയോ മറ്റോ ഉണ്ടായാല്‍ റിസര്‍വ് ചോദ്യക്കടലാസ് ഉപയോഗിക്കും.

3. ഓരോ മേഖലയ്ക്കും മൂന്നു സെറ്റ് ചോദ്യങ്ങള്‍ ലഭിക്കും. ചോദ്യങ്ങളെല്ലാം സമാനമാണെങ്കിലും ക്രമത്തില്‍ മാറ്റം.

4. പരീക്ഷാ നടത്തിപ്പു പരിഷ്‌കരിച്ചതിനാല്‍ ഇത്തവണ എല്ലാ മേഖലയ്ക്കും ഒരു ചോദ്യക്കടലാസ് മാത്രം നല്‍കുകയായിരുന്നു.