സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ ഡല്‍ഹിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ ഡല്‍ഹിയില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. സ്വകാര്യ സ്‌കൂള്‍ അധ്യാപകരായ രണ്ട് പേരും ഒരു കോച്ചിംഗ് സെന്റര്‍ ഉടമയുമാണ് അറസ്റ്റിലായത്.

റിഷഭ്, രോഹിത് എന്നീ അധ്യാപകരും, സിബിഎസ്ഇ പരീക്ഷ പരിശീലന കേന്ദ്രത്തിലെ ട്യൂട്ടറായ തൗഖീര്‍ എന്നയാളുമാണ് പിടിയിലായിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

പരീക്ഷ നടന്ന ദിവസം രാവിലെ 9 മണിക്കാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതെന്ന് ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.

അറസ്​റ്റ്​ വിവരം സ്​പെഷ്യല്‍ കമീഷണര്‍ ആര്‍.പി ഉപാധ്യായ്​, ജോയിന്റ് കമീഷണര്‍ അലോക്​ കുമാര്‍ എന്നിവര്‍ സ്ഥിരീകരിച്ചതായി ടൈംസ്​ ഒാഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​ ചെയ്യുന്നു.

അറസ്​റ്റിലായവരെ ഞായറാഴ്​ച തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ്​ വിവരം. നേരത്തെ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്​ ആറ്​ അധ്യാപകരെയും ഒരു സ്​കൂള്‍ പ്രിന്‍സിപ്പലിനെയും അന്വേഷണ സംഘം ചോദ്യം ചെയ്​തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട്​ ഝാര്‍ഖണ്ഡില്‍ മൂന്ന്​ പേരെ ​പൊലീസ്​ നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു.

പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറാണ് ഇവര്‍ ചോര്‍ത്തിയത്. 9.45 നായിരുന്നു ചോദ്യപേപ്പര്‍ വിതരണം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ 9.20 ആയപ്പോള്‍ തന്നെ ഇവര്‍ ചോദ്യപേപ്പര്‍ കവര്‍ പൊട്ടിക്കുകയും ചോദ്യപേപ്പര്‍ ട്യൂഷന്‍ സെന്റര്‍ ഉടമയ്ക്ക് നല്‍കി എന്നുമാണ് ക്രൈംബ്രാഞ്ച് പറയുന്നത്. പ്രിന്റഡ് കോപ്പിയാണ് ഇത്തരത്തില്‍ കൈമാറിയത്. എന്നാല്‍ ഇതിന്റെ കൈയ്യെഴുത്ത് പ്രതി പിന്നീട് പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ഇതാരാണ് ചെയ്തതെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിന് വ്യക്തതയില്ല.

സോനിപത്തിലെ സിബിഎസ്ഇ ഉദ്യോഗസ്ഥനും വൈകാതെ അറസ്റ്റിലായേക്കുമെന്നും സൂചനയുണ്ട്. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.  ഈ ഉദ്യോഗസ്ഥന്‍ വഴിയാണ് ചോദ്യപേപ്പര്‍ ചോരാന്‍ വഴിയൊരുങ്ങിയതെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. എന്നാലീക്കാര്യത്തില്‍ ക്രൈംബ്രാഞ്ചിന്റെ ഭാഗത്തുനിന്ന് സ്ഥിരീകരണം വന്നിട്ടില്ല.

ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് 15 പേരാണ് നിലവില്‍ കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡില്‍ ഒമ്പത് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും ഇവരെ ചോദ്യം ചെയ്തതിന് ശേഷം വിട്ടയച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് വിവരങ്ങള്‍.