വീണ്ടും നോക്കൂകൂലി; നടന്‍ സുധീര്‍ കരമനയില്‍നിന്ന് 25000 രൂപ വാങ്ങി

തിരുവനന്തപുരം: നോക്കുകൂലിക്കെതിരേ സര്‍ക്കാര്‍ തന്നെ രംഗത്തിറങ്ങുമ്പോഴും സംസ്ഥാനത്ത് വീണ്ടും നോക്കൂകൂലിക്കൊള്ള.

തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇലക്ട്രിക് കേബിളുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നോക്കുകൂലി ചോദിച്ച സംഭവം വിവാദമായതിനു തൊട്ടുപിന്നാലെ നടന്‍ സുധീര്‍ കരമനയുടെ വീട്ടില്‍ സാധനങ്ങള്‍ ഇറക്കിയതിനു യൂണിയന്‍കാര്‍ നോക്കൂകൂലിയായി 25000 രൂപ വാങ്ങിയതായി റിപ്പോര്‍ട്ട്. ജോലിക്കാരെ അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.

മൂന്നു യൂണിയനുകള്‍ ചേര്‍ന്നാണ് നോക്കുകൂലി വാങ്ങിയത്. ചാക്ക ബൈപ്പാസിനു സമീപത്താണ് സുധീര്‍ കരമന തന്റെ പുതിയ വീട് വയ്ക്കുന്നത്.

ഇവിടേക്ക് കൊണ്ടുവന്ന മാര്‍ബിളും ഗ്രാനൈറ്റും ഇറക്കുന്നതാണ് യൂണിയനുകള്‍ തടഞ്ഞത്. മാര്‍ബിളും ഗ്രാനൈറ്റും വാങ്ങിയ കമ്പനിയില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെയാണ് ഇവ ഇറക്കാനായി എത്തിയത്. അതിനായി 16,000 രൂപയും കമ്പനി സുധീറില്‍ നിന്ന് ഈടാക്കിയിരുന്നു.

ലോഡുമായി വാഹനം സുധീറിന്റെ വീട്ടില്‍ എത്തിയപ്പോള്‍ യൂണിയന്‍കാര്‍ എത്തി 75000 രൂപ നോക്കുകൂലി ആവശ്യപ്പെടുകയായിരുന്നു.

വിലപേശലിനൊടുവില്‍ 25,000 രൂപ നല്‍കാമെന്ന് സമ്മതിച്ചു. തുക വാങ്ങിയ യൂണിയന്‍കാര്‍ സാധനം ഇറക്കാതെ മുങ്ങി. ഇതോടെ കമ്പനിയില്‍ നിന്നെത്തിയ തൊഴിലാളികള്‍ തന്നെ മാര്‍ബിളും ഗ്രാനൈറ്റും ഇറക്കേണ്ടിവന്നു.