ഫൊക്കാന ന്യൂയോര്‍ക്ക് ആര്‍.വി.പി ആയി ശബരിനാഥ് നായരെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എന്‍ഡോര്‍സ് ചെയ്തു

ഫൊക്കാന ന്യൂയോര്‍ക് റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തങ്ങളുടെ പ്രതിനിധിയായ ശ്രീ ശബരിനാഥ് നായരെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക നിര്‍ദേശിച്ചതായി പ്രസിഡണ്ട് അജിത് കൊച്ചു കുടിയില്‍ അറിയിച്ചു. നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത ഗായകനും മികച്ച കലാകാരനുമായ ശബരി 2008 മുതല്‍ ഫൊക്കാനയുടെ നിരവധി ഘടകങ്ങളില്‍ സജീവ പ്രവര്‍ത്തകന്‍ ആണ് . മൂന്നു തവണ നാഷണല്‍ കമ്മിറ്റി അംഗവും ഒരു തവണ ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും ആയിട്ടുള്ള ശബരിനാഥ് ആര്‍ വി പി സ്ഥാനത്തു വന്നാല്‍ അത് ഫൊക്കാന ന്യൂയോര്‍ക് റീജിയണിനു പുത്തന്‍ ഉണര്‍വേകും എന്ന് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു . ഹൃദ്യമായ പെരുമാറ്റവും പ്രവര്‍ത്തനത്തിലെ ആത്മാര്‍ത്ഥതയും ശബരിയെ സംഘടനകള്‍ക്കു അപ്പുറമുള്ള ഒരു വലിയ സഹൃദ വലയത്തിനു ഉടമയാക്കി .

ശബരി ഒരു മികച്ച സംഘാടകന്‍ ആണെന്ന് നിരവധി തവണ തെളിയിച്ചുട്ടുള്ളതാണ് . സ്വപ്നങ്ങളെ കാവല്‍, ബിങ്കോ ( ഇംഗ്ലീഷ് ) , ഐ ലവ് യു എന്നീ ടെലിഫിലിമുകളും , മാര്‍ത്താണ്ഡ വര്‍മ്മ , ഭഗീരഥന്‍ , വിശുദ്ധന്‍ , സ്വാമി അയ്യപ്പന്‍ എന്നീ പ്രൊഫഷണല്‍ നാടകങ്ങളും എഴുതി സംവിധാനം ചെയ്തിട്ടുള്ള ശബരിനാഥ് ക്വീന്‍സിലെ കേരള കള്‍ച്ചറല്‍ അസ്സോസിയേഷന്‍ന്റെ ഭരണ സമിതിയില്‍ 2005 മുതല്‍ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു . “മഹിമയുടെ ” സെക്രട്ടറി ആയിരുന്ന ഇദേഹം ഇപ്പോള്‍ പ്രസിഡന്റ് ആണ് . ഇരുപതിലേറെ വര്‍ഷമായി കേരളത്തിലും പുറത്തും പ്രൊഫഷണല്‍ ഗാനമേളകളിലേ സജീവ സാന്നിധ്യം ആണ് ശബരി . ഫൊക്കാനയുടെ തീം സോങ് ഉള്‍പ്പടെ നിരവധി ഗാനങ്ങള്‍ക്കു സംഗീതം പകര്‍ന്നു .പതിനഞ്ചു വര്ഷം മുന്‍പ് സംഗീതം നല്‍കിയ “ഇതാ കര്‍ത്താവിന്റെ ദാസി ” എന്ന ക്രിസ്ത്യന്‍ ഡിവോഷണല്‍ ആല്‍ബം ഏറെ പ്രശംസ ചെറു പ്രായത്തിലെ ഈ അനുഗ്രഹീത കലാകാരന് നേടി കൊടുത്തു .

ഫിലിം ഫെസ്റ്റിവല്‍ ഉള്‍പ്പടെ ഫൊക്കാനയുടെ പല മികച്ച പരിപാടികളുടെയും പിന്നില്‍ ആസൂത്രകനായും നിശബ്ദ പ്രവര്‍ത്തകനായി എന്നും നിലനിന്നിട്ടുള്ള ഇദ്ദേഹം നിസ്വാര്‍ഥ സ്‌നേഹത്തിന്റെ ചെറു പുഞ്ചിരിയോടെ കര്‍മ്മ പരിപാടികളില്‍ മുഴുകുന്നു . സഹ പ്രവര്‍ത്തകരുടെ സ്‌നേഹവും വിശ്വാസവും ആണ് സംഘടനയുടെ മൂലധനം എന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന ശബരിനാഥിന് ന്യൂയോര്‍ക്കിലെ അംഗ സംഘാടനകള്‍ എല്ലാം സമ്പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു . ഫിസിക്‌സില്‍ ബിരുദവും , ഫിനാന്‍സ് മാനേജ്‌മെന്റില്‍ എം ബി എ യും ഉള്ള ശബരിനാഥ് 2003 ല്‍ ആണ് അമേരിക്കയിലേക്ക് കുടിയേറുന്നത് . ഫോറെസ്‌റ് ഹില്‍സ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് ല്‍ ഫിനാന്‍ഷ്യല്‍ കണ്‍സല്‍ട്ടന്‍റ് ആയി അമേരിക്കയില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച ഇദ്ദേഹം ഇപ്പോള്‍ ന്യൂയോര്‍ക് സിറ്റി ട്രാന്‍സിറ്റ് അതോറിറ്റി യില്‍ ജോലി ചെയ്യുന്നു . ഭാര്യ ചിത്രയോടും ,വേദ ശബരിനാഥ് , നേഹല്‍ ശബരിനാഥ് എന്നീ രണ്ടു മക്കളോടൊപ്പം ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കില്‍ താമസിക്കുന്നു . ഫൊക്കാനയുടെ സ്ഥാപക നേതാക്കളായ ഡോ പാര്‍ത്ഥസാരഥി പിള്ള , ഡോ അനിരുദ്ധന്‍ , സണ്ണി വൈക്ലിഫ് എന്നിവരോടൊപ്പം ഫൊക്കാനയുടെ ആരംഭ കാല പ്രവര്‍ത്തകന്‍ ആയിരുന്ന പരേതനായ ശ്രീ മുല്ലശ്ശേരി മുകുന്ദന്റെ മകനാണ് ശബരിനാഥ് . നാളിതുവരെ സംഘടന ഏല്പിച്ച ദൗത്യം വിജയകരമായി പ്രവര്‍ത്തികമാക്കിയതിനുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും , സംഘടന തന്നില്‍ അര്‍പ്പിച്ച വിശ്വാസം കൂടുതല്‍ ഉത്തരവാദിത്വത്തോടെ കാത്തു സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു . മലയാളിയുടെ ദൈനംദിന ആവശ്യങ്ങളിലേക്കു ഒരു കാവലാളായി ഫൊക്കാനയുടെ സാന്നിധ്യം അറിയിക്കുക എന്ന വലിയ സ്വപ്നമാണ് തനിക്കുള്ളത് എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു .