ഇനി സ്ഥിരം തൊഴിലില്ല ; മിന്നല്‍ വേഗത്തില്‍ മോദിയുടെ നിയമംപാലിച്ച് യൂണിയന്‍ ബാങ്ക്

കൊച്ചി : സ്ഥിരം തൊഴില്‍ ഇല്ലാതാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം വന്ന്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഉദ്ധരിച്ച് തൊഴില്‍ നിഷേധവുമായി യൂണിയന്‍ ബാങ്ക്. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ ഒഴിവുകളില്‍ സ്ഥിരം നിയമനം നടത്താതെ പുറംകരാർവൽക്കരണം നടപ്പാക്കുന്നതിനെതിരെ നല്കിയ വ്യവസായ തർക്ക പരാതിയ്ക്കുള്ള  മാനേജ്മെന്റിന്റെ മറുപടിയിലാണ് പുതിയ വിജ്ഞാപനം ചൂണ്ടിക്കാണിയ്ക്കുന്നത്. ഇത്രയും കാലമായി സ്ഥിരം നിയമനം നടത്തിവന്ന തസ്തികയിലാണ് ബാങ്ക് കരാര്‍ നിയമനത്തിന് ഒരുങ്ങുന്നത്.

ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്റിംഗ് ഓര്‍ഡര്‍ ആക്റ്റ് ഭേദഗതി ചെയ്ത് മാര്‍ച്ച്‌ 16 ന് ഉത്തരവിറങ്ങിയ സാഹചര്യത്തില്‍  സെക്യൂരിറ്റി ജോലിയ്ക്ക് കരാര്‍ തൊഴിലാളികളെ വെക്കാന്‍ ബാങ്കിന് എല്ലാ അധികാരവുമുണ്ടെന്നും അത് ചോദ്യം ചെയ്യാനാകില്ലെന്നുമാണ് ബാങ്കിന്റെ എച്ച് ആര്‍ ചീഫ് മാനേജര്‍ യൂണിയന്‍ ബാങ്ക്ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷന് നല്‍കിയ മറുപടിയില്‍ പറയുന്നത്. ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ സ്ഥിരം ഒഴിവുകളില്‍ കരാര്‍ നിയമനം നടത്തരുതെന്നായിരുന്നു യൂണിയന്‍ ആവശ്യപ്പെട്ടത്. വ്യാവസായിക മേഖലയിൽ സ്ഥിരം തൊഴിൽ സമ്പ്രദായം അവസാനിപ്പിച്ചാണ് മാര്‍ച്ച്‌ 16ന്റെ തൊഴിൽ നിയമ ഭേദഗതി. പുതിയ വിജ്ഞാപനപ്രകാരം രാജ്യത്തെ വ്യവസായ മേഖലയിൽ ഒരു സ്ഥിരം തൊഴിൽപോലും പുതുതായി ഉണ്ടാവില്ലെന്ന അവസ്ഥ വരുമെന്ന് തൊഴിലാളി സംഘടനകള്‍ ചൂണ്ടിക്കാട്ടിയിരുന്നു.