കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം; മീരാബായി ചാനുവിന്റേത് റെക്കോര്‍ഡ് നേട്ടം

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. ഭാരോദ്വഹനത്തില്‍ മണിപ്പുരില്‍ നിന്നുള്ള മീരാബായ് ചാനുവാണ് ഇന്ത്യയ്ക്ക് സ്വര്‍ണം സമ്മാനിച്ചത്. വനിതാവിഭാഗം 48 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് ചാനുവിനു സ്വര്‍ണം. ആകെ 196 പോയിന്റുമായി ഫിനിഷ് ചെയ്ത ചാനുവിന്റേത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ റെക്കോര്‍ഡ് നേട്ടമാണ്. സ്‌നാച്ചില്‍ 86 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 110 കിലോയുമാണ് ചാനു ഉയര്‍ത്തിയത്.

രാജ്യത്തിന്റെ 22 വര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ചായിരുന്നു ആ സ്വര്‍ണ നേട്ടം. ഈ വിഭാഗത്തിലെ ദേശീയ റെക്കോര്‍ഡും ചാനുവിനൊപ്പമാണ്. 23 -കാരിയായ ചാനു 2017 സെപ്റ്റംബറില്‍ ഓസ്‌ട്രേലിയയില്‍ നടന്ന കോമണ്‍വല്‍ത്ത് സീനിയര്‍ ഭാരോദ്വഹന ചാംപ്യന്‍ഷിപ്പിലും റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു. 2014ല്‍ ഗ്ലാസ്‌ഗോയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയ ചാനു 2017 ഡിസംബറില്‍ യുഎസിലെ അനഹെയിമില്‍ നടന്ന നടന്ന ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍, 48 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണവും നേടിയിരുന്നു.

നേരത്തെ കാമണ്‍വെല്‍ത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലും ഭാരോദ്വഹനത്തിലൂടെയായിരുന്നു. പുരുഷന്മാരുടെ 56 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ഗുരുരാജയാണ് വെള്ളി മെഡല്‍ കരസ്ഥമാക്കി ഇന്ത്യയ്ക്ക് ആദ്യ മെഡല്‍ സമ്മാനിച്ചത്.

അതേസമയം, മലയാളി താരം സജന്‍ പ്രകാശ് 50 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ നീന്തലില്‍ പുറത്തായി. കോമണ്‍വെല്‍ത്ത് ഗെയിംസ് ലക്ഷ്യമിട്ട് ഒരു മാസത്തെ കഠിന പരിശീലനത്തിലായിരുന്നു താരം. ബാഡ്മിന്റന്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ കിഡമ്പി ശ്രീകാന്ത് ആദ്യറൗണ്ടില്‍ ജയം കണ്ടു. ശ്രീലങ്കയുടെ കരുണരത്‌നയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തോല്‍പിച്ചത്.

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് ചിരാഗ് ഷെട്ടി സഖ്യം ശ്രീലങ്കയുടെ തന്നെ കരുണരത്‌നഭുവനേക സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. വനിത ഹോക്കിയിലും ഇന്ത്യക്ക് തോല്‍വിയോടെയാണ് തുടക്കം. രണ്ടിനെതിരെ മൂന്ന് ഗോളിന് വെയില്‍സാണ് ഇന്ത്യയെ തോല്‍പിച്ചത്.