27 C
Kochi
Saturday, April 27, 2024
ഇലക്ട്രോണിക് വ്യവസായം: പ്രത്യേക കമ്പനി രൂപീകരിക്കും

ഇലക്ട്രോണിക് വ്യവസായം: പ്രത്യേക കമ്പനി രൂപീകരിക്കും

സംസ്ഥാനത്ത് ലാപ്‌ടോപ്പുകളും സെര്‍വറുകളും ഉല്പാദിപ്പിക്കുന്ന ഇലക്ട്രോണിക് വ്യവസായ ആവാസ വ്യവസ്ഥ (ഇക്കോസിസ്റ്റം) ഉണ്ടാക്കുന്നതിന് പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കാന്‍ കെല്‍ട്രോണിനെ ചുമതലപ്പെടുത്തി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്.

കേരള സര്‍ക്കാരും ഇന്റല്‍ കോര്‍പ്പറേഷനും യു.എസ്.ടി ഗ്ലോബലും 2017 നവംബര്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ഒപ്പിട്ട ധാരാണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇലക്ട്രോണിക് വ്യവസായം വികസിപ്പിക്കുന്നതിനെ കുറിച്ച് പഠനം നടത്താന്‍ വിവരസാങ്കേതിക വകുപ്പിന് കീഴിലെ ഹാര്‍ഡ് വേര്‍ മിഷനെ ചുമതലപ്പെടുത്തിയിരുന്നു. മിഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് കമ്പനി രൂപീകരിക്കുന്നത്. കമ്പനിയില്‍ കെല്‍ട്രോണിന് പുറമെ കെ.എസ്.ഐ.ഡി.സിക്കും കേരളത്തില്‍ നിലവിലുളള അനുബന്ധ ഘടക നിര്‍മാതാക്കള്‍ക്കും ഓഹരിയുണ്ടാകും.

സെമികണ്ടക്ടര്‍, മൈക്രോ പ്രൊസസ്സര്‍ എന്നിവ നിര്‍മിക്കുന്ന ലോകത്തിലെ പ്രധാന കമ്പനിയായ ഇന്റല്‍ കോര്‍പ്പറേഷന്‍, ഇലക്ട്രോണിക് ഇക്കോസിസ്റ്റം സൃഷ്ടിക്കുന്നതിന് കേരളവുമായി സഹകരിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ലാപ് ടോപ്പുകളും സെര്‍വര്‍ ക്ലാസ് മെഷിനുകളും ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്നില്ല. വിവിധ ഘടകങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയാണ് (അസംബിള്‍) ഇന്ത്യയില്‍ ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ നിര്‍ദിഷ്ട പദ്ധതി രാജ്യത്തിന് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും നേട്ടമായിരിക്കും. സംരംഭം ആരംഭിക്കുന്നതിന് 30 കോടി രൂപയാണ് മുതല്‍ മുടക്ക് കണക്കാക്കിയിട്ടുളളത്.

കെല്‍ട്രോണിന്റെ മണ്‍വിളയിലുളള ഭൂമിയും കെട്ടിടവും ഈ സംരംഭത്തിന് ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം ഒരു ലക്ഷം ലാപ്‌ടോപ്പ് ആവശ്യമുണ്ടെന്നാണ് കണക്ക്. അതിനാല്‍ നിര്‍ദിഷ്ട കമ്പനിയുടെ ഉല്പാദന ശേഷിക്ക് അടിത്തറയാവും. ഇന്റല്‍ പ്രൊസസ്സര്‍ ഉപയോഗിച്ച് ലാപ്‌ടോപ്പുകളും സെര്‍വറുകളും ഉല്പാദിപ്പിക്കാനാണ് പദ്ധതി. ഐടി നയത്തിന്റെ ഭാഗമായുളള പ്രൈസ് പ്രിഫറന്‍സ് മൂന്നുവര്‍ഷത്തേക്ക് നിര്‍ദിഷ്ട കമ്പനിക്ക് നല്‍കാമെന്നും തീരുമാനിച്ചിട്ടുണ്ട്. കേരളത്തിന്റെ ഇലക്ട്രോണിക് വ്യവസായത്തിന് പുതുജീവന്‍ നല്‍കുന്ന പദ്ധതിയായി ഇതു മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്