സുഡാനി ഫ്രം നൈജീരിയ

സൈനു
കുഞ്ഞമണിയും കൂമൻ എന്ന അക്ബറും പിന്നെ സിനിമയിൽ “4000 രൂപക്ക്‌ നല്ല പ്ലെയറെ തരാം ” എന്ന് വാഗനാരിൽ ഇരുന്ന് പറയുന്ന ബാബുവും ആണ് ഞാൻ കണ്ട മാനേജർമാർ. പിന്നെ ഞങ്ങൾ അരിപ്രയിൽ ഫൈവ്‌സ് ടൂർണമെന്റ് വെച്ചപ്പോ ടീമിനെ ഇറക്കിയ ഗഫാർക്കയും .

താര അരിപ്ര എന്ന ഞങ്ങളുടെ ക്ലബ്ബിനു വേണ്ടി അഹോരാത്രം പണിയെടുക്കുന്ന കുഞ്ഞമണി , എവിടെ കാളിയുണ്ടെന്നു അറിഞ്ഞാലും താരയുടെ പേര് കൊടുക്കും , ടൂർണമെന്റിന്റെ വലിപ്പം അനുസരിച്ചു പ്ലയേഴ്‌സിനെ ഇറക്കും ,

അൽ മദീന ചെർപ്പുളശേരി എന്ന ഒരു കാലത്തു സെവെൻസിലെ കിരീടം വെക്കാത്ത രാജാക്കന്മാരെ 2009-2011 സീസണിൽ മാനേജ് ചെയ്ത അക്ബർ , ആഫ്രിക്കൻ പ്ലയേഴ്‌സിനെ ഇറക്കി പുഴക്കാട്ടിരി ഗ്രൗണ്ടിലും പനങ്ങാങ്ങര ഗ്രൗണ്ടിലും ഞങ്ങളുടെ കൂടെ കളിപ്പിച്ചു സെലക്ഷൻ നടത്തുന്ന മാനേജർ ,

ആഫ്രിക്കൻ പ്ലയെര്സ് താമസിച്ചിരുന്നത് അരിപ്ര അങ്ങാടിയിൽ കുഞ്ഞിപ്പാക്കന്റെ ഹോട്ടൽ ഉള്ള കെട്ടിടത്തിൽ

മദീനക്ക് കളിയില്ലാത്ത ദിവസം താര അരിപ്രക്ക്‌ വേണ്ടി 2-3 ആഫ്രിക്കൻ പ്ലയേഴ്‌സിനെയും ഞങ്ങൾ ഇറക്കും , 1000 രൂപ മാത്രേ കൊടുക്കുള്ളു ഒരു കളിക്ക് (2010 കാലഘട്ടത്തിൽ ആണുട്ടോ )

ഈ രണ്ടു മാനേജർമാരും ടീമിനെ ഇറക്കലും കളി നടത്തലും നാട്ടുകാരിൽ നിന്നൊക്കെ പിരിക്കലും അല്ലാതെ ഒരു രൂപ ലാഭം ഉണ്ടാക്കിയിട്ടില്ല എന്നാണ് എന്റെ ഓർമ്മ .

അന്ത കാലത്തു 17000 രൂപയെങ്ങാൻഡ് താര ക്ലബ്ബ് കുഞ്ഞമണിക്ക് കൊടുക്കാൻ ആയിരുന്നു , അക്ബറിനും കടവും കഷ്ടപ്പാടും ആയിരുന്നു

പക്ഷെ ഇത് കൊണ്ടൊന്നും ഫുടബോൾ ഉപേക്ഷിക്കാനോ വെറുക്കാനോ അവർക്കു പറ്റില്ല , ഞങ്ങൾ മലപ്പുറത്തുകാർക്കു പറ്റില്ല

സീസൺ തുടങ്ങിയ പിന്നെ കൊയ്ത പാടത്ത്‌ ട്രാക്ടർ ഇറക്കി ചെറുതായിട്ടൊന്ന് പൂട്ടി വേലൂർത്തേ ലോറി ഇറക്കി പൂട്ടിയ കണ്ടത്തൂടെ ഓടിച്ചു കണ്ടം ഗ്രൗണ്ട് ആക്കി അടുത്ത മഴക്കാലം വരെ കളിച്ചു തിമിർക്കുന്ന മലപ്പുറക്കാർ

സിനിമയിലെ മാനേജരെ പോലെ മുറിയൻ ഇംഗ്ലീഷ് വെച്ച് ആഫ്രിക്കൻ പ്ലയേഴ്‌സുമായി സംസാരിക്കുന്നവർ ,
ഒരിക്കൽ എന്റെ കൂടെ ബൈക്കിൽ വന്ന മിഖായെലിനെ (ആഫ്രിക്കൻ പ്ലയെർ ) സുഡു ന്ന് വിളിച്ചപ്പോ പച്ചമലയാളത്തിൽ പോടാ മൈ… ന്നു തിരിച്ചു വിളിച്ച അവനെ നോക്കി നിഷ്കളങ്കമായി ചിരിച്ച മലപ്പുറംകാർ.

ഇന്ത്യൻ ടീമിലെ കറുത്ത മുത്ത് ഐ എം വിജയൻ ജിങ്കാനാ തൃശൂരിനു വേണ്ടി കളിക്കുമ്പോ ആർപ്പു വിളികളോടെ പ്രോത്സാഹിപ്പിക്കുന്ന ഞങ്ങൾ , കളി മൊശമായാൽ ഏതു കൊമ്പത്തെ പ്ലെയറെയും കൂവി വെറുപ്പിക്കുന്ന ഞങ്ങൾ …
ലോക കപ്പ് തുടങ്ങിയ അർജന്റീനയോ ബ്രസീലോ കേമന്മാർ എന്ന് മാത്രം ചിന്തിക്കുന്ന ഒരു കൂട്ടം (മറ്റു ടീമുകൾക്കും ആരാധകർ ഉണ്ടെങ്കിലും ഇത്രയൊന്നും വരില്ല )…..
അങ്ങനെ ഒരുപാട് ഉണ്ട് പറയാൻ മലപ്പുറവും കാൽപന്ത് കളിയും തമ്മിലുള്ള അന്തർധാര ….

ഈ സിനിമ കണ്ടപ്പോ പലപ്പോഴും കരയുവാരുന്നു , പന്ത് കളിക്കാരന്റെ ആയുധം അവന്റെ കാലുകൾ ആണ് , അതിനു പരിക്ക്‌ പറ്റിയാൽ പിന്നെ പല്ല് കൊഴിഞ്ഞ സിംഹത്തെ പോലെ ആരാലും അറിയപ്പെടാതെ പരിക്കിന്റെ പിടിയിൽ വിധിയെ ഓർത്തു സങ്കടപ്പെടാനേ കഴിയൂ .

ആ അവസ്ഥയെ ഏറ്റവും മനോഹരമായി ചിത്രീകരിച്ച സിനിമയാണ് ഇത് , കൂടെ മലപ്പുറത്തെ സ്നേഹവും , പരിചരണവും , മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ വേണ്ടി മനുഷ്യർ ചെയ്യുന്ന പ്രാർത്ഥനകളും , എത്രയൊക്ക മക്കളെ തള്ളിപ്പറഞ്ഞാലും ഉമ്മമാരുടെ സ്നേഹവും കരുതലും , കൂട്ടുകാരന്റെ ഉമ്മാനെ “ഉമ്മാ” ന്നു വിളിക്കാൻ മടിയില്ലാത്തതും ….
അങ്ങനെ പലതും ഉണ്ട് ഈ സിനിമയിൽ കാണാൻ

നിങ്ങൾ ഏതെങ്കിലും ഒരു സ്പോർട്സ് ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ , ഇടക്കിടക്ക് ചിരിച്ചും കണ്ണ് നനയിച്ചും നമ്മളെ കൂടെ കൊണ്ട് പോകുന്ന ഒരു സിനിമ ,

രണ്ടു ഉമ്മമാർ ആണ് ഈ സിനിമയിലെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ , അവരുടെ റോളുകൾ ഏറ്റവും നന്നായി തന്നെ അവർ ചെയ്തു

(റേസിസം എന്ന് പറഞ്ഞു ഈ സിനിമയെ താറടിക്കാൻ നടക്കുന്നവർ ദയവായി ഈ സിനിമ കാണരുത് , കാരണം സിനിമ കണ്ടാൽ ഒരു പക്ഷെ നിങ്ങൾ തീരുമാനം മാറ്റിയേക്കാം )