സൈക്കിൾ

സദൻതോപ്പിൽ

ഇന്നീ രാത്രി അവസാനിക്കും മുമ്പേ എന്റെ കൈകൾ സ്വതന്ത്രമാകണം! ഇതൊരു വർഷം തെണ്ടിപ്പെറുക്കിയ സ്വപ്നമാണ്. ഒരാണ്ടറുതിക്കായ് കാത്തുവെച്ച ആശയാണ്. ഒന്നും ബാക്കിയാക്കാതെപോയ വഴിയിൽ പൂർത്തീകരിച്ച മോഹ-ചക്രങ്ങൾ ഉരുളണം.എന്റെ വേദനകളെ വലിച്ചുചവിട്ടേണ്ട ചെയിൻവീലിന്റെ പല്ലുകളിൽ ഒരു തിളക്കമാർന്ന ചിരി! അച്ഛനെത്തന്നെയാണല്ലൊ ഓർമ്മിപ്പിക്കുന്നത്!
നാളെ ചെയിനുരഞ്ഞുകരയാതിരിക്കാൻ… ഒരോടം എണ്ണയൊഴിക്കണം.അഴിച്ചും,മുറുക്കിയും… എന്റെ കൈകളിൽ പടർന്ന കറുത്ത ഗ്രീസിന്റെ പഴകിയ വാസന! തുരുമ്പുരച്ചുതേഞ്ഞ വിരലിൽ ഒലിച്ചിറങ്ങിയ പെയിന്റ് !എല്ലാം കഴുകിക്കളയണം. അതിന്…ഒന്നുറക്കെ കരയണം.

കഴിഞ്ഞില്ല്യേ…. ന്റെ ഉണ്ണ്യേ… കിടന്നോ… കുട്ട്യേ… നാളെ ശ്രാദ്ധമൂട്ടാനുള്ള താ… കൃഷ്ണാ…ഗുരുവായൂരപ്പാ… ന്റെ കുട്ടീനെ കാത്തോളണേ!

അമ്മമ്മ… ഉറങ്ങിയിട്ടില്ല… പാവം! ഉറക്കമില്ലാതെ തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോൾ ആടിയുലയുന്ന പഴയ കട്ടിലിന്റെ മർമ്മരങ്ങൾ ! പ്രസവിച്ച മകനെയോർത്ത്… കരഞ്ഞുമുറിയുന്ന ഗദ്ഗദങ്ങളെ വിഴുങ്ങുന്നു.

ദാ… വന്നു അമ്മമ്മേ…

തട്ടിയണച്ച മണ്ണെണ്ണവിളക്കിന്റെ പുക തെക്കേപുറത്തെ ചായ്പ്പിലേക്ക് കയറിവന്ന നിലാവെളിച്ചത്തെ ചുറ്റിപ്പിണഞ്ഞു.

പുഴയോരത്ത് തെക്കോട്ട് തിരിഞ്ഞിരുന്ന് ചെയ്തുതീർത്ത തർപ്പണത്തിൽ … മനസ്സു നൊന്തതുപോലെ ദൂരെ അങ്ങ് കിഴക്ക് സഹ്യന്റെ മാറ് പിളർന്നുദിയ്ക്കുന്ന… കതിരവന്റെ ചുവന്നുതുടുത്തിട്ടുണ്ട്. പിരിച്ചുകെട്ടിയ ദർഭമോതിരത്തിൽ ചെമപ്പ്രാശി പടർത്തിയ കിരണങ്ങൾ! കൈയിൽ പറ്റിപ്പിടിച്ച വെളുത്ത അരിയിൽ മരിച്ചുറങ്ങിയ കറുത്ത എള്ള് !
അമാവാസിനാളിലായിരുന്നു ന്റ കുട്ടീടെ ജനനം ..നി പ്പൊ ആ നാളിലന്നേ… അമ്മമ്മ കർമ്മിയോട് എന്തോ സംഭാഷണം മുഴുമിച്ചില്ല. ഒഴുകിയൊടുങ്ങുന്ന പുഴയുടെ തീരം പുൽകി നര വീണ പുരികം ഒരു തോണിപോലെ ചിന്തകളിലേക്ക് കൂപ്പുകുത്തി!

ഒരു ദീർഘനിശ്വാസത്തോടെ എന്റെ കൈകളിൽ പിടിച്ച് പുഴയുടെ പടവുകൾ കയറുമ്പോൾ … തോന്നി
സൂര്യനെ ഇടയ്ക്കിടെ തിരിഞ്ഞുനോക്കി മുഖം ചുളിക്കുന്ന വൃദ്ധമനസ്സിൽ ഒരു പക കാണണം. എരിഞ്ഞടങ്ങാത്ത പക!

ചിറകടിച്ചുപറന്നു പോയ പക്ഷിക്കൂട്ടങ്ങളിൽ ചിലത് ഒറ്റപ്പെട്ടു ദിശമാറി സഞ്ചരിക്കുന്നത് ഒരു നിമിഷം ഉണ്ണി നോക്കിനിന്നു.

പാടവരമ്പ് കഴിഞ്ഞ് വീട്ടിലേക്ക് കയറുമ്പോഴാണ് ശ്രദ്ധിച്ചത് വിഷുവെത്തും മുമ്പേതന്നെ മഞ്ഞ കുലച്ച്.. കണ്ണിന് കണിയുതിർത്തുനിന്നിരുന്ന കൊന്നമരം… കുറച്ചു പൂക്കൾ മാത്രമായി നിരാശയുടെ നിഴലുകളിൽ ഒതുങ്ങിനിൽക്കുന്നു!

താഴെപ്പാടത്തിന്റെ തട്ടു തിരിച്ച വിളഞ്ഞ നെൽപ്പാടങ്ങളിൽ വെളിച്ചംവിതറി നിൽക്കുമ്പോൾ ദാരിദ്ര്യം ഒരു തീണ്ടാപ്പാടകലെ…. വളഞ്ഞുകുത്തിയ അവശതയോടെ അടുപ്പുകൂട്ടിത്തുടങ്ങിയിരുന്നു.

എന്റെ അച്ഛനെ കൊന്ന സൂര്യന് ഇന്ന് ശോഭകൂടുതലാണ്.അതേ തീവ്രത പുലയനാർക്കാവിലെ ആയിരം തിരിക്കും ഇന്നെനിക്ക് കാണണം!

ഇരുളുപരക്കുവോളം കരിമരുന്നിടിച്ച്… കറുപ്പിൽ പുതഞ്ഞു പോയ രൂപം, അച്ഛനുള്ള കഞ്ഞിപ്പാത്രവുമായി ഇടിപ്പുരയിലെത്തുമ്പോൾ… തീ പിടിച്ച പോലുള്ള മഞ്ഞച്ചിരി…വായിലെ മുറുക്കാൻ ചവച്ച് .. തുപ്പുന്ന ചോരക്കട്ട!

ഉണ്ണിട്ട്യേ… ടയറുരുട്ടിയാണോ വന്നെ… റോഡെറങ്ങി.. നോക്കീം… കണ്ടും തിരിച്ചു പോണം… ട്ടോ.. അച്ഛ വരുമ്പൊ എന്താ കൊണ്ട്രണ്ടേ…
കടലമിട്ടായി !

കനത്ത ശബ്ദം!
ഒരു ഡൈനമിട്ടു പൊട്ടി! ഭൂമി കുലുങ്ങി!
ഉണ്ണിയെ ഓർമ്മകളിൽനിന്ന് ഞെട്ടിയകറ്റി. കാറ്റിലലിഞ്ഞു തീർന്ന അലയൊലികൾ… ദൂരെനിന്ന് അരമണിനാദങ്ങൾ.. കറുത്ത കരിങ്കാലിക്കൂട്ടങ്ങളുടെ
കാൽച്ചിലമ്പൊലിത്താളങ്ങൾ അടുത്തു വരുന്നതുപോലെ….

നാടു മുഴുവൻ പിടിച്ചുകുലുക്കിയസ്ഫോടനം !

കഴിഞ്ഞ പൂരനാളിലാണ്. നട്ടുച്ച നേരം! കനത്ത വെയിലിൽ വൈകുന്നേരത്തെ വെടിക്കെട്ടിനുള്ള പണി തീർന്ന വെടിക്കോപ്പുകൾ കൂട്ടിവെച്ച് ടാർപോളിത്തലീൻ ഷീറ്റ് വിരിക്കുന്നതിനിടയിലാണ്…. അമിതമായ വേനൽച്ചൂടിൽ തനിയെ കത്തിപ്പിടിക്കുകയായിരുന്നു.

രക്ഷപ്പെടാൻ കഴിയുന്ന നിമിഷങ്ങൾ… കൂടെ നിന്നവരെയെല്ലാം തട്ടിമാറ്റി ഓടിച്ചുവിട്ട്…. തീഗോളങ്ങളെ സ്വന്തമാക്കി പൊട്ടിച്ചിതറിയ വെടിപ്പണിക്കാരൻ രാഘവൻ. എന്റെ അച്ഛനാ …. എന്റെ അച്ഛൻ!

ഞാൻ ചാഞ്ഞുറങ്ങിയ തോളെല്ല്…. കരിഞ്ഞ തെങ്ങിൻപട്ടത്തുമ്പിലാടുന്നത് ഞാൻ കണ്ടു. എന്നെ വാത്സല്യത്തോടെ തൊട്ടുതലോടിയ കരം തെറിച്ചുവീണപ്പോൾ.. മുറുകെ ചുരുട്ടിപ്പിടിച്ചിരുന്നു… ഓർമ്മ മറയുമ്പോൾ…. പിന്നെയെല്ലാം ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങൾ മാത്രം!

അമ്മയെക്കുറിച്ചുള്ള എന്റെ നേർത്ത ഓർമ്മകളെ …. അച്ഛൻ പഴയ പാട്ടുകൾ പാടി ഓർമ്മിപ്പിക്കാറുള്ള ദിവസങ്ങളിൽ പുര നിറയെ പനങ്കള്ളിന്റെ മണമായിരിക്കും.എരിഞ്ഞുതീരാറായ കുറ്റിബീഡിയിൽനിന്നും ചരടു ചുരുട്ടിയുറപ്പിച്ച പുതിയൊരെണ്ണത്തിലേക്ക് കത്തിപ്പടരുന്ന ചിന്തയിൽ വിഷാദം തളം കെട്ടി നിൽക്കും… ചുമച്ചു നെഞ്ചുഴിയും…. പാവം!

കഴിഞ്ഞ പൂരത്തിന്റന്ന് രാവിലെ… കുളിച്ചീറൻ മാറി. മുരുകന്റെ ഫോട്ടോക്ക് മുൻപില് വിളക്ക് കൊളുത്തി… പ്രാർത്ഥിച്ചു.
കഞ്ഞി കോരി കുടിക്കുമ്പോ… എന്നെ വിളിച്ചു…. അമ്മമ്മേനേം…

അമ്മാ….. ഉണ്ണിട്ടി…ടെ… പത്താം ക്ലാസ്സ് തീരല്ലെ… ടൗണിലെ കോളേജില് പോകാൻ അവനൊരു സൈക്കിൾ വാങ്ങിക്കൊടുക്കണംന്ന്…. വിചാരിക്കാ…. ഇത്രേം ദൂരം എങ്ങനാ… നടന്നു പോകാ…..ഈ സീസണില് പണി ണ്ട്… ഉത്രാളിക്കാവിലെ പണി കിട്ട്യേ ത്രെ വാസ്വേട്ടന്…

മനസ്സിൽ മുഴുത്ത സന്തോഷം അടക്കാൻ പറ്റാതെ പുരയ്ക്ക് പുറത്തേക്ക് ഒറ്റ ഓട്ടമായിരുന്നല്ലൊ…. മണിക്കൂറുകൾക്കുള്ളിൽ… എല്ലാം നാമാവശേഷമായി… തീർന്നു

ഉണ്ണ്യേ…. ഉപ്പുമാവ് കലായേക്കുന്നു … വന്നു കഴിക്ക് കുട്ട്യേ…

കഴിയ്ക്കുമ്പോൾ ഓർത്തു എത്ര പെട്ടെന്നാണ് ഒരു വർഷം കടന്നുപോയത്….അച്ഛന്റെ അകാലവിയോഗം, പട്ടിണി, ഫീസ്… ചുമതലകൾ!

ലക്ഷ്യങ്ങൾ എത്രയോ അകലെയാണ്!
അച്ഛന്റെ അനുഗ്രഹം മാത്രമാണ് കൂടെയുള്ളത് !

പ്രീഡിഗ്രി ചേർന്നപ്പോഴേ…. ടൗണിലുള്ള…ഭാസ്ക്കരൻ മുതലാളിടെ ഇരുമ്പുരുക്കു കമ്പനിയിൽ പാർട്ട് ടൈം പണി കിട്ടിയത് എത്ര നന്നായി.

ഉരുകിയൊലിക്കുന്ന മൂശയിൽനിന്ന് ഉറച്ച ചില ആഗ്രഹങ്ങൾ ഉരുത്തിരിഞ്ഞിരുന്നു !അച്ഛന്റെ ഓർമ്മ ദിവസം തന്നെ ഒരു സൈക്കിൾ സ്വന്തമാക്കണം… പുലയനാർക്കാവിലെ പൂരത്തിന് കൂടണം… അച്ഛന്റെ പേരിൽ ആയിരം തിരി കത്തിയ്ക്കണം. അമ്മമ്മയുമായി പുലരുവോളം അരയാൽത്തറയിലിരുന്ന് ദേവീസ്തോത്രങ്ങൾ ചൊല്ലണം.

കമ്പനിയിൽ വരുന്ന പഴയ ഇരുമ്പു ശേഖരങ്ങളിൽ നിന്നും തിരഞ്ഞുകിട്ടിയ സൈക്കിളിന്റെ പല ഭാഗങ്ങളും വേർതിരിച്ചെടുക്കാൻ മാസങ്ങൾതന്നെ വേണ്ടി വന്നു. ഒരുക്കിയെടുക്കും തോറും മനസ്സിൽ സന്തോഷം ഉദിച്ചു വന്നു. ഒരു വർഷത്തെ ആഗ്രഹവും ഒരു ദിവസത്തെ വ്രതവും ചേർന്ന് ഇന്നച്ഛന്റെ മുൻപിൽ ഈ സൈക്കിൾ ഞാൻ സമർപ്പിക്കുകയാണ്… ഒരു പാടു ദൂരം…. പിതൃസ്മരണയോടു കൂടി, എന്റെ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാൻ അച്ഛന്റെ അനുഗ്രഹം കൂടെയുണ്ടാകും. തീർച്ചയാണ്.

അമ്മമ്മേ ഉച്ചയ്ക്ക് ശേഷം തെയാറായിക്കോളൂ…. ട്ടോ.. നമ്മക്ക് പുലയനാർക്കാവിലേക്ക് പോകേണ്ടതാണ്.

നിറഞ്ഞ മനസ്സോടെ അച്ഛനെല്ലാം കാണുന്നുണ്ടാകും.
തെളിഞ്ഞ ആകാശത്ത് കത്തിജ്ജ്വലിക്കുന്ന സൂര്യനെ നോക്കി ഉണ്ണി ഒന്നു പുഞ്ചിരി തൂവി !