മിസ്റ്റർ രമേശ് ചെന്നിത്തല ആൻഡ് ആൾ ആത്മവഞ്ചകർസ്

സുനിത ദേവദാസ്

മിസ്റ്റർ രമേശ് ചെന്നിത്തല ആൻഡ് ആൾ ആത്മവഞ്ചകർസ് ..

നിങ്ങൾ നിലകൊള്ളുന്നത് കുട്ടികളുടെ ഭാവിക്കു വേണ്ടിയൊന്നുമല്ല , സ്വാശ്രയ മുതലാളിമാർക്ക് വേണ്ടി തന്നെയാണ് . ഇനിയെങ്കിലും കള്ളം പറയുന്നത് അവസാനിപ്പിക്കു.

കുട്ടികൾക്ക് വേണ്ടിയല്ല , മുതലാളിമാർക്ക് , മാനേജ്‌മെന്റിന് വേണ്ടിയാണു നിങ്ങൾ കരുണ , കണ്ണൂർ മെഡിക്കൽ കൊളേജുകൾക്ക് വേണ്ടി നിലകൊള്ളുന്നത് . ഇതാ തെളിവുകൾ :

1 . എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി കോടതിയെ പോലും വെല്ലുവിളിച്ചു കോളേജുകൾ നടത്തിയ അതിഗുരുതര ക്രമക്കേടുകൾക്കാണ് നിങ്ങൾ പിന്തുണ പ്രഖ്യാപിച്ചത് , കുട്ടികൾക്കല്ല

2 . ഈ നിയമം കുട്ടികൾക്ക് വേണ്ടിയല്ല , സ്വകാര്യ മാനേജമെന്റിനെ സഹായിക്കാനുള്ളതാണു . കാരണം ക്രമവിരുദ്ധമായി പ്രവേശനം നേടിയ കുട്ടികൾ എന്ത് പരിഗണനയാണ് അർഹിക്കുന്നത് ?

3 . കുട്ടികൾക്കായാണ് നിങ്ങൾ നിലകൊള്ളുന്നതെങ്കിൽ വിദ്യാർത്ഥികളിൽ 69 പേര് മെറിറ്റ് സീറ്റിൽ അഡ്മിഷൻ ലഭിച്ചവരാണ് . അവർക്ക് വേണ്ടി മാത്രം നിലകൊണ്ടാൽ മതിയായിരുന്നില്ലേ ? അവരുടെ ലിസ്റ്റ് അംഗീകരിച്ചാൽ മതിയായിരുന്നില്ലേ ?
അപ്പൊ ഉദ്ദേശം കുട്ടികളെ മറയാക്കി മാനേജ്‌മെന്റിനെ സഹായിക്കലാണ് .

4 . എല്ലാ കോളേജുകളും സർക്കാരുകളുമായി കരാർ ഒപ്പിടുമ്പോൾ, കരാര്‍ ഒപ്പിടാൻ പോലും ഒരുക്കമായിരുന്നില്ല ഈ കോളേജുകൾ . തുടക്കം മുതല്‍ ഈ രണ്ട് കോളേജുകളും ഒറ്റക്കാണ് തീരുമാനങ്ങൾ എടുക്കുന്നത് . സർക്കാരിന് പുല്ലുവില കൽപ്പിച്ചവരാണ് .എന്നിട്ടും അവരോട് എന്ത് മുദുസമീപനമാണ് കാണിക്കുന്നത് ? എന്തിനു ?

5 .കുട്ടികൾ എന്തിനു ആത്മഹത്യ ചെയ്യണം ? മെറിറ്റില്ലാത്ത , ഓൺലൈൻ അപേക്ഷ നല്കാത്ത കുട്ടികളാണ് അവിടെയുള്ള ഭൂരിപക്ഷവും . അവർ എന്തിനു ആത്മഹത്യാ ചെയ്യുമെന്നാണ് നിങ്ങളൊക്കെ പറയുന്നത് ? തട്ടിപ്പ് നടത്തിയതും പോരാ ആത്മഹത്യാ ചെയ്യും എന്നും ഭീഷണിപ്പെടുത്തുന്നു !

6 . കുട്ടികളുടെ ഭാവി , അനിശ്ചിതത്വം എന്നൊക്കെ ഇപ്പോൾ പറയുന്നുണ്ടല്ലോ ? നി​യ​മ പ്ര​കാ​ര​മ​ല്ല വി​ദ്യാ​ർ​ഥി​പ്ര​വേ​ശ​നം ന​ട​ന്ന​തെ​ന്ന് തെളിവടക്കം പുറത്തുവന്നതാണ് . അത്തരക്കാർക്ക് എന്ത് ഭാവി വേണമെന്നാണ് പറയുന്നത് ? എല്ലാ നിയമവ്യവസ്ഥയെയും വെല്ലുവിളിച്ചു അഡ്മിഷൻ നേടിയ കുറച്ചു കുട്ടികൾക്കും അവരുടെ സ്വാധീനവും പണവുമുള്ള മാനേജ്‌മെന്റിനും കൂട്ട് നിൽക്കുമ്പോൾ സത്യത്തിൽ കഷ്ടപ്പെട്ട് പഠിച്ചു , പ്രവേശനം നേടിയ ആയിരക്കണക്കിന് കുട്ടികളെയാണ് നിങ്ങൾ അപമാനിക്കുന്നത് .

7 . കോളേജുകൾ പ്രവേശനത്തിന് വ്യാ​ജ​രേ​ഖ​ക​ള്‍ ഉ​ണ്ടാ​ക്കി​യ​ത്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍ന്നാ​ണ് പ്ര​വേ​ശ​നം ക​ഴി​ഞ്ഞ​വ​ര്‍ഷം റദ്ദാക്കിയത് . ആ നിയമലംഘനമാണ് ഓർഡിനൻസിലൂടെ മറികടന്നത് . അതിനെയാണ് ഇപ്പോൾ കുട്ടികളുടെ ഭാവി എന്ന പഞ്ചസാര മുട്ടായിയിൽ പൊതിയുന്നത് . വിദ്യാഭ്യാസ കച്ചവടത്തെയാണ് ഇപ്പോൾ കുട്ടികളുടെ പേര് പറഞ്ഞു വെള്ള പൂശുന്നത് .

8 .ജ​സ്​​റ്റി​സ്​ ജെ​യിം​സ്​ ക​മ്മി​റ്റി,​ പ്രവേശനം ചട്ടം ലംഘിച്ചും പ്രവേശന പരീക്ഷ പോലും എഴുതാതെയും വൻ തലവരി പണം വാങ്ങിയും ആയിരുന്നു കോളേജുകൾ നടത്തിയത് എന്ന് കണ്ടെത്തിയിരുന്നു . ഇങ്ങനെയാണ് പ്രവേശനം റദ്ദാക്കിയത് . അതൊക്കെ ഞങ്ങൾ മറന്നുവെന്നാണോ ധാരണ ?

9 . കോളജുകള്‍ തലവരിപ്പണം വാങ്ങിയിട്ടില്ല എന്ന് ഉറപ്പാക്കണം എന്ന വ്യവസ്ഥയാണ് നിങ്ങൾ ഇപ്പോൾ മറികടന്നത് ,അവഗണിച്ചത്. 22 മുതൽ 45 ലക്ഷം വരെ കുട്ടികളിൽ നിന്നും പണം വാങ്ങിയെന്നു ആരോഗ്യ പ്രിൻസിപ്പൽ സെക്രെട്ടറി ബി ശ്രീനിവാസ് നൽകിയ റിപ്പോർട്ടാണ് നിങ്ങൾ ഇപ്പോൾ മറന്നു കളഞ്ഞത് . അതിനെയാണ് കുട്ടികളുടെ ഭാവി എന്ന വര്ണക്കടലാസിൽ പൊതിഞ്ഞു അവതരിപ്പിക്കുന്നത് .

10 . പ്രവേശനം റദ്ദ് ചെയ്യുന്നത് വിദ്യാര്‍ത്ഥികളുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു . കുട്ടികളുടെ പ്രവേശനം സംബന്ധിച്ച് കരുണ- കണ്ണൂര്‍ മെഡിക്കല്‍ മെഡിക്കല്‍ കോളേജുകള്‍ സമര്‍പ്പിച്ച രേഖകള്‍ കൃത്രിമമാണെന്ന് കണ്ടെത്തിയ കോടതി കൃത്രിമ രേഖകള്‍ സമര്‍പ്പിച്ച കോളേജുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ഉത്തരവിട്ടിരുന്നു . റദ്ദാക്കിയ 180 സീറ്റുകളിലേക്ക് പുനപ്രവേശനം നടത്താനാവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു . അതാണോ നിങ്ങൾ പറയുന്ന കുട്ടികളുടെ ഭാവി ?

11 .കോളേജുകൾ ഹാജരാക്കിയ രേഖകൾ കെട്ടിച്ചമച്ചതും രേഖകളിൽ നടത്തിയ കൃത്രിമം ഞെട്ടിക്കുന്നതാണെന്നും കോളേജിനെ പ്രോസിക്യൂട്ട് ചെയ്യണം എന്നും മുൻപ് കോടതി വാക്കാൽ പരാമർശിച്ചിരുന്നു.അതൊക്കെയാണ് നിങ്ങൾ ഇപ്പോൾ മറന്നത് . എന്നാൽ ഞങ്ങൾ ഇതൊന്നും മറന്നിട്ടില്ല . ഇതിന്റെയൊന്നും വിദ്യാർത്ഥികളുടെ ഭാവി കൊണ്ട് മറക്കാനും കഴിയില്ല . നിയമവ്യവസ്ഥയെ വെല്ലുവിളിച്ചു അഡ്മിഷൻ നടത്തിയ രണ്ടു കോളേജുകളെ സഹായിക്കാനാണ് നിങ്ങൾ ഇപ്പോൾ കുട്ടികളുടെ ഭാവി എന്ന് നാഴികക്ക് നാൽപ്പതു വട്ടം വിളിച്ചു പറയുന്നത് .

12 .കരുണയില്‍ പ്രവേശനത്തിന് യോഗ്യതയുള്ള 100 പേരുടെ പുതിയ പട്ടികയും കമ്മിറ്റി പ്രസിദ്ധീകരിചിരുന്നു ,കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ മുഴുവന്‍ പ്രവേശനനടപടികളും ക്രമവിരുദ്ദമെന്നു കണ്ടു റദ്ദാക്കുകയായിരുന്നു . അവർ പ്രവേശനം നൽകിയവർക്ക് രജിസ്‌ട്രേഷൻ നൽകരുതെന്ന് ജെ​യിം​സ് കമ്മറ്റി ആരോഗ്യ സർവകലാശാലയോട് ആവശ്യപ്പെട്ടിരുന്നു . അത് അംഗീകരിച്ചിരുന്നെകിൽ പ്രവേശനം നടക്കുമായിരുന്നില്ല . അത്രക്കും നിയമം ലംഘിച്ചു നടത്തിയ പ്രവേശനമാണ് ഇപ്പോൾ കുട്ടികളുടെ ഭാവിയിൽ നിങ്ങൾ ഒതുക്കാൻ നോക്കുന്നത് .

13 . ഓൺലൈൻ അപേക്ഷകൾ മാത്രമേ പരിഗണിക്കാവു എന്ന നിർദേശം പാലിച്ചില്ല ,സംവരണ വ്യവസ്ഥകൾ പാലിച്ചില്ല ,കോളേജിന്റെ വരവ് ചെലവ് കണക്കുകൾ ലഭ്യമല്ല , തലവരിപ്പണം വാങ്ങി , മെറിറ്റ് അട്ടിമറിച്ചു ….. ഇത്തരത്തിൽ ആയിരം നിയമവിരുദ്ധമായ കാര്യങ്ങൾ കോളേജുകൾ ചെയ്തിട്ടുണ്ട് .അതിന്റെയൊന്നും ഉത്തരവാദിത്തം കുട്ടികളുടെ ചുമലിൽ കെട്ടി വക്കാൻ കഴിയില്ല . ഇവിടെ കുട്ടികളുടെ ഭാവിയല്ല നിങ്ങളുടെ പ്രശനം . മാനേജ്‌മെന്റിന്റെ പണമാണ് എന്ന് മനസ്സിലാക്കാൻ സാമാന്യബുദ്ധിയുള്ള ആർക്കും പറ്റും .

വിദ്യാർത്ഥികൾക്ക് 2 വർഷം നഷടപ്പെട്ടുവെന്ന് വിലപിക്കുന്ന നിങ്ങൾ , കുട്ടികൾക്ക് വേണ്ടി ചെയ്യുന്ന ത്യാഗമാണ് ഈ പിന്തുണയെന്നാണോ പറയുന്നത്? നിങ്ങൾ കരുതുന്നത് വോട്ടർമാരൊക്കെ പൊട്ടന്മാരെന്നാണോ ? അതോ നിങ്ങൾ ഇതൊക്കെ മറന്ന പോലെ മറ്റുള്ളവരും മറന്നെന്നാണോ കരുതുന്നത് ?

സത്യമായിട്ടും അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ .. നിങ്ങൾ എപ്പോഴും പിണറായിയുടെ ഉപദേശകരെ കുറ്റം പറയാറുണ്ടല്ലോ . താങ്കൾക്ക് ആരാണ് ഈ പൊട്ടബുദ്ധിയൊക്കെ ഉപദേശിച്ചു തരുന്നത് ?

ശ്രീജിത്തിന്റെ സമര പന്തലിൽ പോയി ആട്ടും തുപ്പും വാങ്ങാനും ക്രമവിരുദ്ധ ബില്ലിനെ പിന്തുണയ്ക്കാനുമൊക്കെ ആരാണ് നിങ്ങളെ ഉപദേശിക്കുന്നത് ?
കഷ്ടം മുതലാളി കഷ്ടം . ആരായാലും അവർ നിങ്ങളുടെ ശത്രുക്കളുടെ ആളുകളാണ് .

പ്രതിപക്ഷ നേതാവ് എന്ന സ്ഥാനത്തിന്റെ ഉത്തരവാദിത്തം മനസ്സിലാവുന്നില്ലെങ്കിൽ , പണി മതിയാക്കണം മിസ്റ്റർ ചെന്നിത്തല . അല്ലാതെ സ്ഥാനമാനങ്ങൾ ഉപയോഗിച്ചു സ്വാശ്രയ മുതലാളിമാർക്ക് കുട പിടിച്ചു കൊടുക്കുന്നത് അശ്ളീലമാണ് .

ചരിത്രത്തിലെ പരാജയപ്പെട്ട പ്രതിപക്ഷ നേതാവാണ് നിങ്ങൾ .