ഞഞ്ഞഞ്ഞ…. ഉൽകൃഷ്ട പദം

 

മക്കൾ ഡോക്ടറാകണമെന്ന് മനുഷ്യർ ആഗ്രഹിക്കുന്നതിൽ തെറ്റ് കാണാൻ കഴിയില്ല. മെഡിസിന് പോകണമെന്ന് വിദ്യാർത്ഥികൾ ആഗ്രഹിക്കുന്നതും ന്യായമായാണ്. ഞാനും എൻറെ മാതാപിതാക്കളും ഒരുകാലത്ത് ആഗ്രഹിച്ചിരുന്നതും നേടിയതുമായ കാര്യം തന്നെയാണിത്. ആ ആഗ്രഹത്തിൻറെ വേദനയും വിങ്ങലും എനിക്കറിയാം. അത് സാധിച്ചെടുക്കാനുള്ള കടമ്പകളും. ജീവിതത്തിൽ കൊടുക്കേണ്ടിവരുന്ന വിലയും.

മക്കൾ ഡോക്ടറാകണമെന്ന് ആഗ്രഹിക്കുന്ന സകല മാതാപിതാക്കളുടെയും, അതുപോലെ മെഡിസിന് പഠിക്കണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും, ആഗ്രഹം സാധിച്ചു കൊടുക്കുക സാദ്ധ്യമല്ല. എൻറെ വീട്ടിലും അത് സാധിച്ചിട്ടില്ല. പ്രവേശന പരീക്ഷയെഴുതിയപ്പോൾ എന്നെക്കാൾ സമർത്ഥയായ എൻറെ അനിയത്തിക്ക് അഗ്രികൾച്ചറിനാണ് കിട്ടിയത്. എനിക്ക് മെഡിസിനും കിട്ടി. അനിയത്തി അഗ്രികൾച്ചർ ഇഷ്ടപ്പെട്ടു പഠിച്ചെങ്കിലും പിന്നീട് എൽ.എൽ.ബി. പഠിച്ച് വക്കീലായി. അതായിരുന്നു അവളുടെ കുട്ടിക്കാലത്തേയുള്ള ആഗ്രഹം.

പണ്ടേ എനിക്ക് മനസ്സിലായ ഒരു കാര്യമുണ്ട്. ബുദ്ധിയും വിഷയങ്ങളിലെ അറിവും കൂടാതെ പ്രവേശന പരീക്ഷ കടക്കാനുള്ള പ്രത്യേക കഴിവും കൂടി ചേർന്നാൽ മാത്രമേ മെഡിസിന് അഡിമിഷൻ ലഭിക്കൂ. എന്നാൽ ഈ കഴിവെല്ലാം കൂടി ചേർന്നവരാണ് പരമ യോഗ്യന്മാരെന്ന തെറ്റിദ്ധാരണയൊന്നും എനിക്കില്ല.

എന്നോടൊപ്പം പഠിച്ചിട്ട് മെഡിസിൻ പ്രവേശന പരീക്ഷ പാസാകാത്തവർ പലരും ഐ.എ.എസ് കാരായിട്ടുണ്ട്. എൻറെ ക്ലാസിൽ മെഡിസിന് പഠിച്ച ജയതിലക് ഡോക്ടറായ ശേഷം ഐ.എ.എസ് എടുത്ത് പുറത്തുപോയി. മെഡിസിൻ പഠനം വഴിയിൽ ഉപേക്ഷിച്ചു പോയ സുഹൃത്ത് ഈശ്വരൻ ഇന്ന് ഡൽഹിയിലെ പ്രമുഖ പത്രപ്രവർത്തകനാണ്. പ്രമുഖ ചലച്ചിത്രകാരൻ ചെറിയാൻ കല്പകവാടി മെഡിസിൻറെ അവസാന മൂന്ന് പേപ്പർ മാത്രം എഴുതാതെ ഇട്ടിട്ടുപോയ ആളാണ്. എൻട്രൻസ് കോച്ചിങ്ങിന് പണ്ട് കൂടെപ്പഠിച്ച ആൽഫ് ആനിയെ പതിറ്റാണ്ടുകൾക്ക് ശേഷം ഇന്നലെ ഫേസ്ബുക്കിൽ കണ്ടുമുട്ടി. പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് ആണിപ്പോൾ. മെഡിസിനെപ്പറ്റി ചിന്തിക്കുക പോലും ചെയ്യാതെ ചെറുപ്പത്തിലേ കുടുംബത്തിലെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് ക്ലർക്കായി ജോലിക്കു ചേർന്ന ചില സുഹൃത്തുക്കൾ പിന്നീടു് അഡിഷണൽ സെക്രട്ടറി പോലുള്ള വലിയ ഉദ്യോഗങ്ങളിൽ എത്തിചേർന്നു. മെഡിസിന് പഠിക്കാത്തതുകൊണ്ട് രക്ഷപ്പെട്ടവരുടെ കാര്യമാണ് ഈ പറഞ്ഞതെല്ലാം 🙂

എത്ര കഷ്ടപ്പെട്ടും അഡ്മിഷൻ നേടി മെഡിസിന് പഠിക്കാൻ ആഗ്രഹിക്കുന്നവരാണ് നാട്ടിൽ കൂടുതലും. എന്നാൽ ആഗ്രഹിക്കുന്നവരെ മുഴുവനും നമുക്ക് ഡോക്ടറാക്കാൻ കഴിയില്ല. ഇനി, അതിനു ശ്രമിച്ചാൽത്തന്നെ കേരളത്തിൽ ലക്ഷക്കണക്കിന് മെഡിക്കൽ സീറ്റുകൾ വേണ്ടിവരും. നാട്ടിൽ അങ്ങനെയൊരു ആവശ്യവുമില്ല.

മെഡിസിന് അഡ്മിഷൻ കിട്ടുന്നവരെല്ലാം മിടുക്കന്മാർ തന്നെയാണ്. എന്നാൽ അവരെല്ലാം, അല്ലെങ്കിൽ അവർ മാത്രമാണ്, ലോകോത്തര ബുദ്ധിമാന്മാരാണെന്ന അഭിപ്രായം പണ്ടേ എനിക്കില്ല. ഏതാനും മണിക്കൂറുകൾ മാത്രമുള്ള പ്രവേശന പരീക്ഷയ്ക്ക് ഒരാളുടെ ഡോക്ടറാകാനുള്ള ബുദ്ധിയും മനോഭാവവും മറ്റു കഴിവുകളും പൂർണ്ണമായി അളക്കാൻ കഴിയുമെന്ന വിശ്വാസവും എനിക്കില്ല. പ്രവേശന പരീക്ഷയിലൂടെത്തന്നെ ഈ മേഖലയിലേയ്ക്ക് കടന്നുവന്ന ഒരാളെന്ന നിലയിൽ എനിക്കിത് ഉറപ്പിച്ച്‌, നെഞ്ചിൽ കൈവച്ച്, പറയാൻ കഴിയും. പ്രവേശന പരീക്ഷയിൽ എന്നെക്കാളും റാങ്ക് നേടിയ ചിലരെങ്കിലും ഡോക്ടറെന്ന നിലയിലും സാമൂഹ്യജീവിയെന്ന നിലയിലും പരാജയമാണ്. അതുപോലെ തന്നെ എന്നേക്കാൾ താഴെ റാങ്ക് വാങ്ങി മെഡിസിന് പഠിച്ച പലരും എന്നെക്കാളും സമർത്ഥരോ നല്ല മനുഷ്യരോ ആണെന്നും എനിക്കറിയാം. അവരിൽ പലരും രോഗികളുടെ മുത്താണ് ! മെഡിസിന് പോകാൻ കഴിയുമായിരുന്നിട്ടും പോകാത്ത പലരും ഇന്ന് മറ്റു മേഖലകളിൽ അതി പ്രശസ്തരാണ്. ചലച്ചിത്രഗായകൻ ജി. വേണുഗോപാൽ ഉൾപ്പെടെ.

ബയോളജിയും മെഡിസിനുമൊക്കെ പഠിക്കാൻ ഇഷ്ടമുള്ള വിദ്യാർത്ഥികൾ ധാരാളം ഉണ്ട്. മെഡിസിൻ പഠനത്തിൽ ഒരുപാടുപേർ എത്തിപ്പെടുന്നത് അങ്ങനെയാണ്. പക്ഷേ, വെറും സാമൂഹ്യ സമ്മർദ്ദത്തിൻറെ പേരിൽ ഡോക്ടറാകുന്നവരാണ് വലിയൊരു ഭാഗം. മെഡിസിൻ പഠനം പിൽക്കാലത്ത് കൊണ്ടുവരുമെന്ന് ധരിക്കുന്ന പണവും പ്രശസ്തിയും പ്രാമുഖ്യവും തന്നെയാണ് ഒരുപാടുപേരുടെ ലക്‌ഷ്യം. ഇത് സമ്മതിക്കാനും തുറന്നുപറയാനും നമ്മൾ ഇനിയെങ്കിലും തയ്യാറാകണം. ഡോക്ടർമാരുൾപ്പെടെ. മുഴുവൻപേരും ഡോക്ടറാകുന്നത് ആതുരസേവനത്തിനാണെന്ന ന്യായമൊന്നും ഇനി ഓടില്ല.

ഡോക്ടറാകാനുള്ള (ആക്കിക്കാനുള്ള) മനുഷ്യരുടെ ആഗ്രഹവും അതിനുവേണ്ടി എന്ത് ത്യാഗവും ചെയ്യാനുള്ള മനോഭാവവും ആണ് മെഡിക്കൽ കോളേജ് വ്യവസായത്തിൽ നമ്മളെ കൊണ്ടു ചെന്നെത്തിച്ചത്. ‘ആവശ്യം’ ഉണ്ടാക്കിയ ‘മാർക്കറ്റ്’. ഇതിനിടയിൽ എവിടെ കാശിട്ടാൽ എങ്ങനെ കൊയ്യാൻ കഴിയുമെന്ന് മുതലാളിമാരെ പഠിപ്പിക്കേണ്ട കാര്യമില്ല.

സ്വകാര്യമേഖല ഒരു തെറ്റല്ല. പലപ്പോഴും അതൊരു ആവശ്യവും യാഥാർത്ഥ്യവുമാണ്. സർക്കാരിനെക്കൊണ്ട് എല്ലാം ചെയ്യാൻ കഴിയില്ല, ഒരു നാട്ടിലും. ഹാർവാഡും ഓക്സ്ഫോഡും ഒന്നും സർക്കാർ നേരിട്ടുനടത്തുന്ന യൂണിവേഴ്സിറ്റികളല്ല. എന്നിട്ടും ആ സ്ഥാപനങ്ങൾക്കെല്ലാം എന്ത് പേരാണ്? ഇന്ത്യയിലെ ഏറ്റവും നല്ല മെഡിക്കൽ കോളേജുകളിൽ പലതും സ്വകാര്യമേഖലയിലാണ് എന്നതും നമ്മൾ മറക്കരുത്. എന്നാൽ കള്ളക്കടത്തുകാർക്കും കരിഞ്ചന്തക്കാർക്കും തുടങ്ങാനുള്ള പുതിയ ബിസിനസായി മെഡിക്കൽ കോളേജുകളെ വിട്ടുകൊടുത്തത് വലിയ തെറ്റാണ്.

മെഡിക്കൽ കോളേജ് നടത്തുന്നത് ചെലവുള്ള കാര്യമാണ്. അമേരിക്കയിലെയും ഇംഗ്ലണ്ടിലെയുമൊക്കെയുള്ള പ്രശസ്ത യൂണിവേഴ്സിറ്റികളിലെ മെഡിസിൻ പഠനത്തിനുള്ള ഫീസ് ഊഹിക്കാവുന്നതിലും അധികമാണ്. പക്ഷേ, അവിടെയൊക്കെ പഠിക്കുന്നത് ധനികർ മാത്രമല്ല. കുട്ടികൾക്ക് നീണ്ടകാല ലോണുകൾ എടുക്കാനുള്ള സംവിധാനങ്ങൾ കൂടുതലായി ഉണ്ടാകണം. ജോലി കിട്ടിയ ശേഷം തിരിച്ചടയ്ക്കാവുന്ന രീതിയിൽ. അതുണ്ടായാൽ, മകനെ മെഡിക്കൽ കോളേജിൽ ചേർക്കാൻ ലക്ഷങ്ങൾ കടംവാങ്ങി വെട്ടിലായി ടെലിവിഷന് മുന്നിൽ കരയുന്ന ഓട്ടോറിക്ഷ ഡ്രൈവരുടെ ദുഖങ്ങൾക്കു മുന്നിൽ നമുക്കും കണ്ണ് നനയ്ക്കേണ്ടി വരില്ല.

നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി പ്രവർത്തിക്കാൻ സ്ഥാപനങ്ങൾ തയ്യാറാവുകയും അവരെ അങ്ങനെ പ്രവർത്തിപ്പിക്കാൻ ഭരണത്തിന് നട്ടെല്ലുണ്ടാവുകയും വേണം. രണ്ടുപേരും സംഘടിച്ച്‌ പണിയൊപ്പിക്കാൻ നോക്കിയാൽ കോടതി ഇടപെടും. അതാണ് നാട്ടിൽ സംഭവിച്ചത്.

പ്രൈമറി സ്‌കൂൾ തുടങ്ങുന്നതിന് മുമ്പ് കൈക്കൊള്ളുന്ന മുൻകരുതലുകളെങ്കിലും മെഡിക്കൽ കോളേജ് തുടങ്ങുന്ന കാര്യത്തിൽ എടുക്കാതിരുന്നതിൻറെ ഫലമാണ് ഇന്നനുഭവിക്കുന്നത്. മെഡിക്കൽ പഠനം പോലൊരു വലിയ വിഷയം നമ്മൾ വളരെ നിസ്സാരമായി കൈകാര്യം ചെയ്തതിൻറെ ദുരന്തമാണ്‌ നമ്മൾ കാണുന്നത്.

മെഡിക്കൽ വിദ്യാഭ്യാസ രംഗം പൂർണ്ണമായും ശുദ്ധീകരിക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തി പ്രകടിപ്പിക്കാനുള്ള അവസരമാണിത്. ഭരണക്കക്കാർക്കും പ്രതിപക്ഷത്തിനും. ഭരണത്തിൽ (മുന്നണി വ്യത്യാസമില്ലാതെ) പറ്റിയ തെറ്റുകൾ ജനങ്ങളോട് ഏറ്റുപറഞ്ഞ് സംഗതി എത്രയും പെട്ടെന്ന് കോംപ്ലിമെൻറ്സ് ആക്കുന്നതാണ് ഭംഗി 🙂 എല്ലാവര്ക്കും നന്ന്. കൂടുതൽ ന്യായീകരിച്ചാൽ കൂടുതൽ നാറും.

കുറച്ചു ദിവസമായി ടെലിവിഷൻ വാർത്തകളിൽ രാഷ്‌ടീയ പ്രവർത്തകർ (വിദ്യാർത്ഥി നേതാക്കൾ ഉൾപ്പെടെ) കിടന്ന് വിഷമിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്. എന്ത് ചോദിച്ചാലും മറുപടി ഞഞ്ഞഞ്ഞ…. ശ്രേഷ്ഠഭാഷയായ മലയാളത്തിലെ ഉൽകൃഷ്ട പദമായി ഞഞ്ഞഞ്ഞ മാറിയിരിക്കുന്നു.

ഡോ.എസ് എസ് ലാലിന്റെ ഫേസ് ബുക്ക് പോസ്റ്റ്

http://drsslal.blogspot.com

picture courtesy: internet