“വിത്തും കൈക്കോട്ടും ചക്കയ്ക്കുപ്പുണ്ടോ” വിഷു വന്നേ വിഷു ..

മിനി നായർ അറ്റ്‌ലാന്റാ

മലയാളി എവിടെയുണ്ടോ അവിടെ വിഷുവും,കണിക്കൊന്നയും ,വിഷുക്കണിയും ,വിഷു കൈനീട്ടവും ഒക്കെയുണ്ടാകും.അതൊരു ആഘോഷമായി കൊണ്ടാടാൻ മലയാളിക്ക് ഒരു പ്രത്യേക കഴിവ് തന്നെയാണ് .എല്ലാം തുല്യമായി കാണാൻ മലയാളിക്ക് കഴിയും .ആഘോഷിക്കുവാനും.വിഷുവിന്റെ അർത്ഥവും അത് തന്നെ .
വിഷു എന്നാല്‍ തുല്യമായത്‌ എന്നാണ്‌ അര്‍ത്ഥം. അതായത്‌ രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന്‌ മേടവിഷുവും തുലാം ഒന്നിന്‌ തുലാവിഷുവും ഉണ്ട്‌. ഒരു രാശിയില്‍നിന്ന്‌ അടുത്ത രാശിയിലേക്ക്‌ സൂര്യന്‍ പോകുന്നതിനെ സംക്രാന്തി എന്നുപറയുന്നു. സംക്രാന്തികളിലെ പ്രധാനമായത്‌ മഹാവിഷു എന്നും പറയുന്നു. ഈ വിശേഷദിവസങ്ങള്‍ പണ്ടുമുതലേ ആഘോഷിച്ചുവരുന്നുണ്ടാവണം. സംഘകാലത്ത്‌ ഇതിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ പതിറ്റുപത്ത്‌ എന്ന കൃതിയില്‍ ഉണ്ട്‌. നരകാസുരന്‍ ശ്രീകൃഷ്‌ണനാല്‍ വധിക്കപ്പെട്ട ദിവസമാണ്‌ വിഷുവായി ആഘോഷിക്കുന്നതെന്നാണ്‌ ഐതീഹ്യം.

വിഷു വിളവെടുപ്പിന്റെ ഉത്സവം കൂടി ആണ് .വിളവെടുപ്പിന്‍റെ സമൃദ്ധിയില്‍ അറയും നിറയും നിറഞ്ഞു തുളുമ്പുന്നതിന്‍റെ ഉല്ലാസവേളയാണ്ഓണമെങ്കില്‍ വിളവിറക്കാനുള്ള തയ്യാറെടുപ്പിന്‍റെ ഉത്സവമാണ് വിഷു. പുതുമഴ പെയ്യുമ്പോള്‍ പുതുവര്‍ഷം പിറക്കുന്നു എന്നതാണ് കേരള കര്‍ഷകന്‍റെ വിശ്വാസ പ്രമാണം. കൊടിയ വേനലേറ്റു തപിച്ചു കിടക്കുന്ന ഭൂമി പുതുമഴയേറ്റു തരളിതയാവുമ്പോള്‍ കിളച്ചും ഉഴുതു മറിച്ചും കൃഷിയിറക്കാന്‍ കര്‍ഷകര്‍ പാടത്തേക്കിറങ്ങുന്നു. മണ്ണില്‍ കനകം വിളയിക്കാന്‍ ശുഭം വിഷുദിനമാണെന്നും കരുതിയിരുന്നു.
“വിത്തും കൈക്കോട്ടും ചക്കയ്ക്കുപ്പുണ്ടോ”
എന്ന നാടൻ ശീലുതന്നെ കേരളത്തിന്‍റെ കാര്‍ഷിക സംസ്കാരത്തില്‍ നിന്നുടലെടുത്തതാണ്.

കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ ചടങ്ങുകള്‍ വിഷുവിനുണ്ട്. ചാലുകീറലാണ് ഇതില്‍ പ്രധാനം. ഭൂമിപൂജ കഴിഞു പണിയാള്‍ ആയുധങ്ങള്‍ ഭൂഉടമയ്ക്കു നല്‍കുന്നു. അദ്ധേഹം അതുകൊണ്ട് ഭൂമിയില്‍ മൂന്ന് പ്രാവശ്യം ചാലു കീറും. തുടര്‍ന്ന് കൃഷി ആരംഭിക്കുകയായി. സൂര്യനെ നോക്കി തൊഴുത് ഭൂമി തൊട്ടു വന്ദിച്ച് കൃഷി ഇറക്കുന്നു.കാര്‍ഷികസമൃദ്ധിയുടെ സ്മരണകളുമായി വീണ്ടുമൊരു വിഷുക്കാലം കൂടി കർഷകൻ ആഘോഷിക്കുകയാണ് .വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്നകള്‍ നേരത്തെ പൂക്കും . നാടെങ്ങും കണിക്കൊന്നകള്‍ പൂത്തു നില്‍ക്കുന്നതു കാണുമ്പോള്‍ വിഷുവിനെ വരവേല്‍ക്കാന്‍ പ്രകൃതി തന്നെ അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണെന്ന് തോന്നും.

കേരളത്തിന്റെ പല ഭാഗങ്ങളിലും പല രീതിയിലാണ് വിഷു ആഘോഷിക്കുന്നത്. വടക്കന്‍ കേരളത്തില്‍ വിഷു കെങ്കേമമായി ആഘോഷിക്കും. ഇവിടെ ഓണത്തേക്കാളേറെ പ്രാധാന്യം വിഷുവിനാണ്. കണികാണലും കൈനീട്ടവും പടക്കം പൊട്ടിക്കലും സദ്യയും എല്ലാം ചേര്‍ന്ന് ആഘോഷം പൊടിപൊടിക്കും. വിഷുവിന് പുത്തന്‍ വസ്ത്രങ്ങള്‍ ധരിക്കണമെന്ന വിശ്വാസവും പലയിടത്തുമുണ്ട്. മധ്യകേരളത്തിലും വിഷു കേമമായി തന്നെ ആഘോഷിക്കും. എന്നാല്‍ തെക്കോട്ട് പോകുന്തോറും വിഷുവിന് പ്രാധാന്യം കുറയും. കണി കാണലിലും ക്ഷേത്ര ദര്‍ശനത്തിലും ഒതുങ്ങുന്ന ദിവസം. വിഷുസദ്യയുടെ കാര്യത്തിലും വ്യത്യാസമുണ്ട്. തെക്കോട്ട് വിഷുവിന് പ്രാധാന്യമില്ലാത്തതു പോലെ വിഷുസദ്യക്കും വലിയ പ്രാധാന്യമില്ല. ചോറും കറിയിലുമൊതുങ്ങുന്നു ഭക്ഷണം. എന്നാല്‍ വടക്കോട്ട് പോകുന്തോറും വിഷുസദ്യക്ക് പ്രത്യേക പ്രാധാന്യമുണ്ട്. തരാതരം വിഭവങ്ങളും പായസവും പപ്പടവും ഒക്കെയായി വിഭവസമൃദ്ധമായ സദ്യ. മാമ്പഴക്കാലവും ചക്കക്കാലവുമായതു കൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന വിഭവങ്ങളാണ് വിഷുസദ്യയില്‍ പ്രധാനം. ചിലയിടങ്ങളില്‍ വിഷുക്കഞ്ഞിയെന്നൊരു ഏര്‍പ്പാടുണ്ട്. വിഷുക്കട്ട, വിഷുപ്പുഴുക്ക് തുടങ്ങിയ ചില പ്രത്യേക വിഭവങ്ങളും വിഷുവിനോട് അനുബന്ധിച്ചു ഉണ്ടാക്കാറുണ്ട്. പഴയകാലത്തെ കാര്‍ഷികസമൃദ്ധിയെ ഓര്‍മിപ്പിക്കാനാണ് വിഷുക്കഞ്ഞിയെന്ന ഏര്‍പ്പാട്. മലബാറില്‍ വിഷുസദ്യക്ക് പച്ചക്കറി മാത്രമല്ലാ, ഇറച്ചി വിഭവങ്ങളും വിളമ്പും. മലയാളിക്ക് ഗൃഹാതുരമായ ഓര്‍മകള്‍ ഉണര്‍ത്തുന്നതാണ് ഒരോ വിഷുക്കാലവും.

വിഷുഫലം പറയുന്ന രീതി പണ്ടുകാലത്ത്‌ സാര്‍വത്രികമായിരുന്നു. പണിക്കര്‍ (കണിയാന്‍) വീടുകളില്‍ വന്ന്‌ വിഷുഫലം ഗണിച്ച്‌ പറയുന്നരീതിയാണിത്‌. ആ വര്‍ഷത്തെ മഴയുടെ ഏറ്റക്കുറച്ചിലനുസരിച്ചുള്ള കണക്കാണത്‌. എത്ര പറ മഴ കിട്ടും, മഴ ഇടിമിന്നലോടു കൂടിയാവുമോ, കാറ്റുണ്ടാവുമോ എന്നൊക്കെ വായിച്ച്‌ കേള്‍പ്പിക്കും. വിഷു സംക്രാന്തി നാളിലാണ്‌ പണിക്കര്‍ വരുന്നത്‌. അവര്‍ക്ക്‌ ഇതിനായി ലഭിക്കുന്ന പ്രതിഫലത്തെ `യാവന` എന്നാണ്‌ പറയുക.
നഷ്ടപ്പെട്ട ഇത്തരം കാര്‍ഷിക സംസ്‌കാരമഹത്വം കേരളത്തില്‍ തിരിച്ചുവരേണ്ടതിന്റെ ആവശ്യകത ഇന്നുണ്ട്‌. കൃഷി പാഠങ്ങള്‍ വരും തലമുറയെ അഭ്യസിപ്പിക്കാന്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു. നഷ്ടപ്പെട്ട ജന്മി കുടിയാന്‍ കാലഘട്ടത്തോടൊപ്പം കൃഷി പാഠങ്ങളും നമുക്ക്‌ ഇന്ന്‌ അന്യമായി.വിഷുവിനോട്‌ അനുബന്ധിച്ച്‌ അനവധി ആചാരങ്ങള്‍ കൃഷിയേ സംബന്ധിച്ച്‌ നിലനില്‍ക്കുന്നു. ചാലിടീല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുക്കരിക്കല്‍, വിഷുവേല, വിഷുവെടുക്കല്‍, പത്താമുദയം എന്നിവ വിഷുവിനോട്‌ അനുബന്ധിച്ച്‌ നടക്കുന്ന ആചാരങ്ങളാണ്‌. വിഷു ദിവസം ആദ്യമായി നിലം ഉഴുതുമറിച്ച്‌ വിത്ത്‌ ഇടുന്നതിന്‌ ചാലിടീല്‍ എന്നു പറയുന്നു. കന്നുകാലികളെ കുളിപ്പിച്ച്‌ കുറി തൊട്ട്‌ കൊന്നപ്പൂങ്കുലകള്‍ കൊണ്ട്‌ അലങ്കരിച്ച്‌ കൃഷി സ്ഥലത്ത്‌ എത്തിക്കുന്നു. പുതിയ വസ്‌ത്രം നിര്‍ബന്ധമില്ലെങ്കിലും കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവ ആയിരിക്കും ഉപയോഗിക്കുക. അത്‌ കന്നുകാലികളെ പൂട്ടി നിലം ഉഴുതുമറിക്കുന്നു. അതിനുശേഷം ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങാണിത്‌.

വിഷുവിന്റെ ഏറ്റവും സന്തോഷകരമായതും ,കുട്ടികൾ കാത്തിരിക്കുന്നതുമായ ഒന്നാണ് വിഷുക്കണി.കുടുംബത്തിലെ മുതിര്‍ന്ന സ്‌ത്രീകള്‍ക്കാണ്‌ വിഷുക്കണി ഒരുക്കുവാനും അത്‌ കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച്‌ പാതി നിറച്ച്‌, കൂടെ അലക്കിയ മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്‌ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്‌, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട്‌ തിരിയിട്ട്‌ കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്‌ണന്റെ വിഗ്രഹവും വെച്ചാണ്‌ വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്‌. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത്‌ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതചംക്രമണത്തിലേക്കുള്ള വികാസമാണത്രെ സംഭവിക്കുക.

പ്രായമായ സ്‌ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ്‌ കണികണ്ട്‌, മറ്റുള്ളവരെ കണികാണിക്കും. ഉറക്കത്തില്‍ നിന്ന്‌ വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ്‌ കണികാണിക്കുന്നത്‌. കുടുംബാംഗങ്ങള്‍ എല്ലാവരും കണികണ്ടാല്‍ പിന്നെ വീടിന്റെ കിഴക്കുവശത്ത്‌ കണികൊണ്ടുചെന്ന്‌ പ്രകൃതിയെ കണികാണിക്കണം, അതിനു ശേഷം ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണികാണിക്കുന്നു.

കണി കണ്ടതിനുശേഷം ഗൃഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക്‌ നല്‍കുന്ന സമ്മാനമാണ്‌ വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്‌. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയില്‍ ഉണ്ടാക്കിയ നാണയങ്ങള്‍ ആയിരുന്നു നല്‍കിയിരുന്ന്‌ അത്‌ വര്‍ഷം മുഴുവനും സമ്പല്‍ സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടേ എന്ന്‌ അനുഗ്രഹിച്ചുകൊണ്ടാണ്‌ കൈനീട്ടം.

വിഷു സദ്യയും വിശേഷം തന്നെ .പലവിധ വിഭവങ്ങൾ.വിഷു കഞ്ഞി,വിഷു കട്ട ,ത്രിമധുരം പായസം അങ്ങനെ പോകുന്നു സദ്യ വട്ടങ്ങൾ . വിഷു സദ്യയ്‌ക്ക്‌ ശേഷം നടത്തുന്ന ഒരു ആചാരമാണ്‌ കൈക്കോട്ടുചാല്‍. പുതിയകൈക്കോട്ടിനെ കഴുകി, കുറി തൊടുവിച്ച്‌ കൊന്നപ്പൂക്കള്‍ കൊണ്ട്‌ അലങ്കരിക്കുന്നു. അങ്ങനെ അണിയിച്ചൊരുക്കിയ കൈക്കോട്ട്‌ വീടിന്റെ കിഴക്കു പടിഞ്ഞാറു ഭാഗത്ത്‌ വച്ച്‌ പൂജിക്കയും അതിനുശേഷം കുറച്ചു സ്ഥലത്ത്‌ കൊത്തികിളയ്‌ക്കുന്നു. അങ്ങനെ കൊത്തിക്കിളച്ചതില്‍ കുഴിയെടുത്ത്‌ അതില്‍ നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ ഒരുമിച്ച്‌ നടുന്നു. പാടങ്ങളില്‍ കൃഷി ഇറക്കിക്കഴിഞ്ഞ കര്‍ഷകര്‍ പറമ്പു കൃഷിയിലും തുടക്കമിടുന്നു എന്നു വരുത്തുന്നതിനാണ്‌ ഈ ആചാരം നടത്തുന്നത്‌.

അങ്ങനെ ഐശ്വര്യത്തിന്‍റെ പൂത്താലവുമേന്തി ഒരിക്കല്‍ക്കൂടി വിഷുവെത്തുന്നു. കണിക്കൊന്നയുടെ നിറശോഭയോടെയെത്തുന്ന വിഷു മലയാളത്തിന് ആഘോഷത്തിമാര്‍പ്പിന്‍റെ ദിനങ്ങളാണ് സമ്മാനിക്കുനത്.
കാലത്തിന്‍റെ ഗതിക്കനുസരിച്ച് ആര്‍ക്കും ജീവിതരീതികളില്‍ മാറ്റം വന്നുവെങ്കിലും സംസ്കാരത്തിലധിഷ്‌ഠിതമായ വിശ്വാസങ്ങളാണ് ജീവിത വഴിയില്‍ നമുക്കെന്നും പാഥേയം. അതുകൊണ്ടുതന്നെ ഓരോ ഉത്സവവേളകളും നമ്മിലേക്കു തന്നെയുള്ള ഒരു തിരിച്ചുപോക്കാണ്.വിഷുവും അങ്ങനെ ഒരു തിരിച്ചു പോക്കാകുന്നു .വീണ്ടും തിരിച്ചു വരാനായി