ദലിത് ഐക്യവേദി ഹര്‍ത്താല്‍ ഇന്ന്; കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകള്‍ പരീക്ഷ മാറ്റി

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ദലിത് സംഘടനകള്‍ നടത്തുന്ന ഹര്‍ത്താല്‍ ഇന്ന്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണു ഹര്‍ത്താല്‍. ഗോത്രമഹാസഭയും യൂത്ത് കോണ്‍ഗ്രസും ഹര്‍ത്താലിനു പിന്തുണ അറിയിച്ചിട്ടുണ്ട്. അതേസമയം, ഹര്‍ത്താലില്‍ പങ്കെടുക്കില്ലെന്ന് സ്വകാര്യ ബസുടമകളും വ്യാപാരവ്യവസായി സംഘടനയും അറിയിച്ചിട്ടുണ്ട്.

കെഎസ്ആര്‍ടിസി ബസുകളും സാധാരണ സര്‍വീസ് നടത്തുമെന്ന് എംഡി എ.ഹേമചന്ദ്രന്‍ അറിയിച്ചു. എല്ലാ ജീവനക്കാരും നാളെ ജോലിക്ക് ഹാജരാകണമെന്നും ജോലിക്കെത്തിയ ജീവനക്കാരുടെയും നടത്തിയ സര്‍വീസുകളുടെയും വിശദമായ റിപ്പോര്‍ട്ട് രാവിലെയും ഉച്ചയ്ക്കും അയയ്ക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ബസുകള്‍ക്കു മതിയായ സംരക്ഷണം നല്‍കണമെന്നു പൊലീസിനോടും കെഎസ്ആര്‍ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. പരീക്ഷകള്‍ മാറ്റി ഹര്‍ത്താലിനെ തുടര്‍ന്ന് കണ്ണൂര്‍, കാലിക്കറ്റ് സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അതേസമയം, ഹര്‍ത്താലില്‍ പരക്കെ അക്രമത്തിനു സാധ്യതയുള്ളതായും ഇന്റലിജന്‍സ് വിഭാഗം ഇതുസംബന്ധിച്ച മുന്നറിയിപ്പു നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഉത്തരേന്ത്യയിലെ ദലിത് പ്രക്ഷോഭങ്ങള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിലും ആക്രമണങ്ങളിലും പ്രതിഷേധിച്ചാണു ദലിത് ഐക്യവേദി ഹര്‍ത്താലിനു ആഹ്വാനം ചെയ്തത്.