ബിജെപി എംഎല്‍എ ബലാത്സംഗം ചെയ്തു; മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ലക്‌നോ: ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ജീവനൊടുക്കാന്‍ ശ്രമിച്ചു. ബിജെപി എംഎല്‍എയും സുഹൃത്തുക്കളും ബലാത്സംഗം ചെയ്തതിനെതിരെ പരാതി നല്‍കിയിട്ടും ഒരു വര്‍ഷമായി നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് യുവതിയും കുടുംബവും തീ കൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിലെത്തിയ ഇവര്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഗൗതം പള്ളി പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയ യുവതി അവിടെവെച്ചും ആത്മഹത്യക്ക് ശ്രമിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഉനയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ കുല്‍ദീപ് സിംഗ് സെന്‍ഗറും സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. സംഭവത്തില്‍ കഴിഞ്ഞ ഒരുവര്‍ഷമായി ഓരോ ഓഫീസുകളില്‍ കയറിയിറങ്ങുകയാണ്. പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് യുവതി ആരോപിച്ചു. പരാതി നല്‍കിയതിന്റെ പേരില്‍ കുടുംബത്തിന് നേരെ നിരന്തരം ഭീഷണിയുണ്ടായതായും ബിജോപി പ്രവര്‍ത്തകര്‍ തന്റെ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായും യുവതി പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ കുല്‍ദീപ് നിഷേധിച്ചു. തന്നെ കുരുക്കാനാണ് യുവതിയുടെയും കുടുംബത്തിന്റെയും ശ്രമമെന്ന് എംഎല്‍എ കുറ്റപ്പെടുത്തി.

അതേസമയം, കുല്‍ദീപിന്റെ കുടുംബവുമായി യുവതിയുടെ കുടുംബത്തിന് പ്രശ്‌നങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ര്‍ഷങ്ങളായി ഇവര്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. അതുകൊണ്ട് യുവതി എംഎല്‍എയ്‌ക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ സത്യമാണോ എന്ന് അറിയില്ലെന്നും കേസ് ലക്‌നൗവിലേക്ക് മാറ്റിയെന്നും പൊലീസ് വ്യക്തമാക്കി