അമ്മയുടെ പ്രസിഡന്റ് സ്ഥാനം ഇനി ആര്‍ക്ക്?

കൊച്ചി: അമ്മയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഇന്നസെന്റ് ഒഴിയുന്നതോടെ അടുത്ത പ്രസിഡന്റ് ആരാകും എന്ന ആകാംഷയിലാണ് സംഘടനയിലെ മറ്റ് ആംഗങ്ങളും ആരാധകരും. ജൂണിലാണ് അമ്മയുടെ തെരഞ്ഞെടുപ്പ് നടക്കുക. ഇടവേള ബാബുവിനെ പ്രസിഡന്റാക്കാനാണ് ദിലീപ് അനുകൂലികളുടെ നീക്കം. എന്നാല്‍ വൈസ് പ്രസിഡന്റായ മോഹന്‍ലാലിന്റെയും ബാലചന്ദ്ര മേനോന്റെയും പേരുകളും ചിലര്‍ ഉയര്‍ത്തുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായി ശബ്ദമുയര്‍ത്തിയ പൃഥ്വിരാജിനെ പ്രസിഡന്റാക്കാനും യുവതാരങ്ങള്‍ക്കിടയില്‍ ചര്‍ച്ചയാകുന്നു. കുഞ്ചാക്കോ ബോബനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാനും വനിതാ കൂട്ടായ്മ ശ്രമിക്കുന്നുണ്ട്.

ഇന്നസെന്റും മമ്മൂട്ടിയും പ്രധാന സ്ഥാനങ്ങള്‍ നിര്‍വഹിക്കുമ്പോഴും എല്ലാത്തിലും പങ്കാളിയായി നില്‍ക്കുന്നത് ഇടവേള ബാബുവാണ്. അതിനാല്‍ അദ്ദേഹം തന്നെ ചുമതലയില്‍ വരുന്നതാണ് ഉത്തമമെന്നുമാണ് ഇക്കൂട്ടരുടെ വാദം. പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് ഇടവേള ബാബു സ്വന്തം നിലയ്ക്കും പിന്തുണ തേടി പലരെയും സമീപിച്ചതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എന്ത് വിലകൊടുത്തും ഇടവേള ബാബുവിനെ പ്രസിഡന്റാക്കുന്നതിനെ എതിര്‍ക്കാനാണ് വനിതാകൂട്ടായ്മയുടെ തീരുമാനം.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് മമ്മൂട്ടി ഒഴിഞ്ഞേക്കും. രാഷ്ട്രീയക്കാരായതിനാല്‍ മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ ചുമതലയില്‍ വരുന്നതിനോടും സംഘടനയില്‍ വിയോജിപ്പുണ്ട്.