മേന്മയല്ല, സുപ്രിംകോടതി ജഡ്ജി നിയമനം ധാരണയുടെ അടിസ്ഥാനത്തിലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ ജഡ്ജി നിയമനത്തെ വിമര്‍ശിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ വീണ്ടും രംഗത്ത്. പ്രകടന മേന്മയല്ല ധാരണയുടെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതിയില്‍ ജഡ്ജിമാര്‍ നിയമിതരാകുന്നതെന്ന് ചെലമേശ്വര്‍ തുറന്നടിച്ചത്.

‘ദി ഇന്ത്യന്‍ ഹയര്‍ ജുഡീഷ്യറി: പ്രശ്‌നങ്ങളും ഭാവിയും’ എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ ചരിത്രം പരിശോധിച്ച് അതിന്റെ അടിസ്ഥാനത്തിലാകണം ജഡ്ജിമാരുടെ നിയമനം നടത്തേണ്ടതെന്ന് ചെലമേശ്വര്‍ അഭിപ്രായപ്പെട്ടു. ഈ രീതി നടപ്പിലായാല്‍ തന്നെ ജുഡീഷ്യറിയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജുഡീഷ്യറിക്കുമേലുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ ഭരണഘടനാവിരുദ്ധമെന്ന് കഴിഞ്ഞ ദിവസം ചെലമേശ്വര്‍ പറഞ്ഞിരുന്നു. കേസുകള്‍ അനുവദിക്കുന്ന വിഷയത്തില്‍ ചീഫ് ജസ്റ്റിസ് കോടതിയുടെ കീഴ്‌വഴക്കം പാലിക്കുന്നില്ലെന്ന ആരോപണവും ചെലമേശ്വര്‍ ഉന്നയിച്ചു.