ഇസ്സ്‌ലാമിക് ബാങ്കില്‍ പ്രതീക്ഷയര്‍പ്പിച്ച് കേരളം

2009 – 2010 കാലഘട്ടത്തില്‍ അന്നത്തെ ധനമന്ത്രി ഡോ. തോമസ് ഐസക്ക് മുന്നോട്ട് വച്ച ഇസസ്ലാമിക് ബാങ്കിങിനായുള്ള റിസര്‍വ് ബാങ്കിങ്ങിന്റെ പുതിയ നീക്കം ഏറെ സഹായകമാകുമെന്ന പ്രതീക്ഷയിലാണ് കേരളം. ഗള്‍ഫ് മേഖലയില്‍ നിഷ്‌ക്രിയമായി കിടക്കുന്ന മൂലധനം ഇതുവഴി കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് ഉയോഗിക്കാന്‍ കഴിയും. ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തേക്ക് വന്‍തോതില്‍ പൊണമൊഴുക്കുണ്ടാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. പലിശരഹിതബാങ്കിംങ്ങിന് അവസരം ഒരുക്കി സമ്പൂര്‍ണ ബാങ്കിംങ്ങ് എന്ന ആശയം ഇന്ത്യയില്‍ പ്രാവര്‍ത്തികമാക്കാനുളള റിസര്‍വ് ബാങ്ക് പദ്ധതിയാണ് ഇപ്പോള്‍ ഇസസ്ലാമിക് ബാങ്കിങിനും സഹായകമാകുന്നത്. സമ്പൂര്‍ണ ബാങ്കിംങ്ങ് കൈവരിക്കുന്നതിനായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ദീപക് മൊഹന്തി കമ്മിറ്റിയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം റിസര്‍വ് ബാങ്കിന് സമര്‍പ്പിച്ചത്

നിലവില്‍ ലോകത്ത് 75 ഇസ്‌ളാമിക് ബാങ്കുകളാണ് ഉളളത്. ഇന്ത്യയില്‍ ഗുജറാത്തിലാണ് ആദ്യ ഇസ്‌ളാമിക് ബാങ്ക് തുടങ്ങിയത്. അതിന്റെ തുടര്‍ച്ചയാണ് കേരളത്തിലെ നീക്കം. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ശേഷവും ഇന്ത്യയിലെ 35 ശതമാനംപേര്‍ ബാങ്കിംഗ് സേവനങ്ങളുടെ പരിധിയില്‍ എത്തിയിട്ടില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ചിലര്‍ വിശ്വാസങ്ങളില്‍ അനുസിരച്ച് മാറി നില്‍ക്കുന്നവരാണ്. പലിശ (റിബ) നിഷിദ്ധം എന്നതാണ് പലിശ അടിസ്ഥാനമാക്കി മാത്രം പ്രവര്‍ത്തിക്കുന്ന ബാങ്കിംഗ് മേഖലയില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്. ഇവരില്‍ പലരും ട്രെസ്റ്റുകള്‍ എന്ന രീതിയില്‍ പണം ധനസഹായമായി നല്‍കുന്നുണ്ട്. അത് നിയമപരമായ രീതിയില്‍ വിതരണം ചെയ്യുന്ന രീതിയാണ് ഇസ്ലാമിക് ബാങ്കിങ്ങിലൂടെ നടപ്പിലാവുക.

ഇസ്ലാമിക് ബാങ്കിംഗ് പ്രവര്‍ത്തനം ക്രമീകരിച്ചിരിക്കുന്നത് രണ്ടുതരത്തിലാണ്. പൂര്‍ണമായും ഇസ്‌ളാമിക് ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ നടത്തുതാണ് ഒന്നാമത്തേത്. എന്നാല്‍ സാമ്പ്രദായിക ബാങ്കിംഗ് നടത്തുന്ന സ്ഥാപനങ്ങളില്‍ പ്രത്യേകം പലിശ രഹിത ബാങ്കിംഗ് വിന്‍ഡോ ഏര്‍പ്പെടുത്തുന്നതാണ് രണ്ടാമത് വിഭാഗം. രണ്ടാമത് വിഭാഗമാണ് കേരളത്തില്‍ തുടങ്ങുക.

ഗള്‍ഫ് രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോള്‍ നിരവധി നിക്ഷേപകര്‍ ഇന്ത്യയിലേക്ക് വരാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇവിടെ ഇസ്‌ളാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍ ഔദ്യോഗികമായ അംഗീകാരം നേടിയിട്ടില്ലാത്തതുകൊണ്ട് നിക്ഷേപം ചൈന, തായ്വാന്‍, ഇന്‍ഡോനേഷ്യ, മലേഷ്യ എന്നിങ്ങനെയുള്ള രാജ്യങ്ങളിലേക്ക് പോകുകയായിരുന്നു. അവരുടെ കയ്യിലുള്ള കോടിക്കണക്കിനു വരുന്ന തുക കേരളത്തിലെ ധനവിഭവം ഉത്പാദന സേവന കാര്‍ഷിക രംഗങ്ങളില്‍ വിനിയോഗിക്കുകയും ബൗദ്ധികവും കായികവും ആയ പ്രവര്‍ത്തനങ്ങളിലൂടെ നേട്ടം ഉണ്ടാക്കണമെന്നാണ് പ്രതീക്ഷ.

ഓഹരി നിക്ഷേപത്തില്‍ നിന്നുള്ള ലാഭവിഹിതം, കടപ്പത്രത്തിലൂടെയുള്ള പലിശയ്ക്ക് ബദലായ പാട്ടത്തുക, ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ക്കും ആസ്തികള്‍ക്കും ലഭിക്കുന്ന റോയല്‍ട്ടി എന്നിവ സ്വഭാവഗുണം (ഹലാല്‍) ഉള്ളവയെന്ന നിലയില്‍ നിക്ഷേപകന് സ്വീകരിക്കാനാവും. ആഗോളതലത്തില്‍ ഇരുപതിനായിരംകോടി ഡോളറിന്റെ (2 ട്രില്യണ്‍) സാമ്പത്തിക ആസ്തിയാണ് ഇസ്‌ളാമിക് ബാങ്കിംഗ് സ്ഥാപനങ്ങള്‍ക്ക് നേടാനായത്. അതായത് ഒരു ദശക കാലയളവില്‍ ഇവയുടെ ആസ്തികളില്‍ പത്തിരട്ടി വര്‍ദ്ധന വന്നിരിക്കുന്നു. ഉദാത്തമായ ആശയത്തിന്റെ പിന്‍ബലമുള്ള ഇസ്‌ളാമിക് ബാങ്കിംഗിലൂടെ സമാഹരിക്കപ്പെടുന്ന ധനവിഭവം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ നിലവില്‍ പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചാല്‍ അത് ഗുണമാവും നല്‍കുക.

ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ പ്രാവര്‍ത്തികമായാല്‍ യു.എ.ഇ, ഖത്തര്‍, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്നു മാത്രം ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപം ഇന്ത്യന്‍ ബാങ്കുകളിലെത്തും.യുഎഇ ഖത്തര്‍ ബഹറിന്‍ എന്നിവിടങ്ങളില്‍ നിന്ന് മാത്രം കോടിക്കണക്കിന് രൂപയാകും കേരളത്തിലേക്ക് എത്തുക. കേരളത്തിലെ വന്‍ വ്യവസായികള്‍ അടക്കം ഇത്തരം നിക്ഷപകരുമായി ബന്ധം ഉള്ളവരാണ് എന്നുള്ളത് സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഇസ്സ്ലാമിക ബാങ്കുകളിലൂടെ ഇടപാടുകാര്‍ക്ക് ലഭിക്കുന്ന ഗുണങ്ങള്‍

1. എല്ലാവര്‍ക്കും എല്ലാ സേവനങ്ങളും കിട്ടും.
2. നിക്ഷേപത്തിന് നിശ്ചിത പലിശ എന്ന സംവിധാനം ഇല്ല, പകരം ലാഭവിഹിതം മാത്രം.
3. ലോണ്‍ എടുത്താല്‍ തിരിച്ചടക്കുന്നത് സ്വന്തം ബിസിനസിലെ ലാഭവിഹിതത്തിലൂടെ.
4. നിശ്ചലമായ പണത്തിന് പലിശയില്ല
5 . ചില നിരോധിത മേഖലകളില്‍ പണം മുടക്കില്ല- (മദ്യം, ലോട്ടറി )
6. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് പണം നിര്‍ബന്ധമായും കൊടുക്കണം.