ജിഷയുടെ അമ്മ: മലയാളിയുടെ അണിഞ്ഞൊരുങ്ങുന്ന ജാതി ബോധം

രജിത് ലീല രവീന്ദ്രൻ

ഞങ്ങളുടെ നാട്ടിൻപുറത്ത് പ്രചുര പ്രചാരത്തിലുള്ള ഒരു ചൊല്ലാണ്.
‘പേർഷ്യയിൽ പോയി തിരിച്ചു വന്ന തണ്ടാൻ തേങ്ങ കണ്ട് ഇത് എന്നത്തിൻ കാ ആണെന്ന് ചോദിച്ചെന്ന് “.
പുറമേ നിഷ്കളങ്കമെന്നു തോന്നിക്കാമെങ്കിലും ഈ ചൊല്ലിന്റെ അണ്ടർടോണുകൾ രണ്ടാണ്. ഒന്ന് ദളിതനായ തെങ്ങിൽ കയറുന്ന തണ്ടാൻ ഒരിക്കലും തെങ്ങിൽ കയറ്റം മറക്കരുത്, രണ്ട് ഗൾഫിലൊക്കെ പോയി കുറേ പൈസ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും നാട്ടിലെത്തിയാൽ അവൻ ഇപ്പോളും പഴയ തെങ്ങു കേറ്റക്കാരൻ മാത്രമാണ്.അതെ ദളിതന് ഒരു വിധത്തിലുമുള്ള സോഷ്യൽ മൊബിലിറ്റി നൽകാതിരിക്കാൻ/ഉണ്ടാകാതിരിക്കാൻ ‘നന്മകളാൽ സമൃദ്ധമായ നാട്ടിൻപുറം ‘ സദാ ജാഗരൂകരാണ്.

പെരുമ്പാവൂരിൽ അതിദാരുണമായി കൊല്ലപ്പെട്ട ജിഷയുടെ അമ്മയുടെ കാര്യത്തിലും മേല്പറഞ്ഞ തെങ്ങു കയറ്റത്തിന്റെ അതേ മനഃശാസ്ത്രമാണ് പ്രവർത്തിക്കുന്നത് . മുടിയൊക്കെ നരച്ചു, പാറി പറന്ന് ആർത്തലച്ചു കരയുന്ന ജിഷയുടെ അമ്മയുടെ ചിത്രം മലയാളിയുടെ മെമ്മറി ഡിസ്ക്കിൽ സേവ് ചെയ്തു കഴിഞ്ഞു. ജിഷയുടെ അമ്മ എന്നും അങ്ങനെ തന്നെ ഇരിക്കണമെന്നാണ് സമൂഹത്തിന്റെ തിട്ടൂരം.അവർ ബ്യൂട്ടിപാർലറിൽ പോയി മുടി ഒന്ന് ശരിയാക്കിയാൽ ,സ്വർണമാല ഇട്ടാൽ അപ്പോൾ നമുക്ക് ചോര തിളക്കണം. എല്ലാ രോഷവും ഫേസ്ബുക്കിൽ കത്തിച്ചു പിടിക്കണം,ഒന്ന് ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാകൂ എന്ന പഴഞ്ചോല്ലു ഉരുവിടണം, ജാത്യാലുള്ളത് തൂത്താൽ പോകുമോ എന്ന വൃത്തികേട് പറയണം.

എന്നാൽ മനഃപൂർവം ഒഴിവാക്കപ്പെടുന്ന ചില സത്യങ്ങളുണ്ട്.മക്കൾ മരിച്ച എല്ലാ അമ്മമാരും എങ്ങനെയാണ് ജീവിക്കുന്നതെന്ന് നിങ്ങൾ ഉറപ്പു വരുത്താറുണ്ടോ.അവർ ചിരിക്കാറില്ലെന്നും,ഒരുങ്ങാറില്ലെന്നും ആഭരണങ്ങൾ ധരിക്കാറില്ലെന്നും ഉള്ള അറിവ് എവിടെ നിന്നാണ്. മകൾ നഷ്ടപ്പെട്ട അമ്മ പിന്നീട് മകളെ പോലെ സിനിമയിൽ അഭിനയിച്ചപ്പോളും, ജിഷയുടെ അമ്മയെക്കാൾ ഒരുങ്ങിയും നടക്കുമ്പോൾ നമ്മളൊന്നും ഇവിടെ ഇല്ല സാർ. സിനിമാ താരത്തിന്റെ സിനിമാതാരമായ അമ്മയെ പോലെഉന്നതകുലജാതയും ,പേരിനൊപ്പമൊരു ജാതി വാലും ജിഷയുടെ അമ്മക്കില്ലല്ലോ. അമ്മയുടെ ജാതി വലിയൊരു പ്രശ്നം തന്നെയാണ്, ജിഷക്കും ജീവിച്ചിരുന്നപ്പോൾ അതൊരു പ്രശ്നമായിരുന്നു. എങ്ങനെയാണ് പരാമർശ വ്യക്തിയുടെ ജാതി മറ്റൊരാളുടെ കാഴ്ചപ്പാടിനെ തീരുമാനിക്കുന്നതെന്നു കാണിക്കാൻ വേറൊരുദാഹരണം ആവശ്യമില്ല.

എന്നിട്ടും ചില നിഷ്കളങ്കർ ഇപ്പോളും പറയുന്നു സർക്കാർ ധനസഹായം നൽകിയതല്ലേ ,ഞങ്ങളുടെ നികുതി പണമല്ലേ, അതുകൊണ്ട് ചോദിക്കാൻ ഞങ്ങൾക്ക് അവകാശമുണ്ടെന്ന്. ഭൂമിയുടെ നേരവകാശികളായ മണ്ണിൽ പണിയെടുക്കുന്നവരെ ജാതിയുടെ കിന്നരികൾ ചാർത്തിയ അധികാരത്തിന്റെ ദണ്ഡുപയോഗിച്ചുചാളകളിലേക്കും,അരികുകളിലേക്കും മുൻതലമുറകൾ മാറ്റിയിരുത്തിയതിനു പരിഹാരം ചെയ്തു കഴിഞ്ഞെന്നാണോ നിങ്ങളുടെ വിശ്വാസം. പീഡിതരും ,അവശരുമായ ദളിതർക്ക് നീക്കി വെച്ച തുക സർക്കാരും ,തദ്ദേശ സ്ഥാപനങ്ങളും നീതിയുക്തമായി വിതരണം ചെയ്തിരുന്നെങ്കിൽ അടച്ചുറപ്പില്ലാത്ത ആ വീട്ടിലിരുന്നു ജിഷയുടെ ജീവൻ പോകില്ലായിരുന്നു എന്ന് മറന്നു പോയോ. ഇതുപോലെ സർക്കാർ ധനസഹായം നൽകിയ രാഷ്ട്രീയ നേതാവിന്റെയും ,എം എൽ എ യുടെയും വീട്ടിലേക്കും , കുടുംബങ്ങളിലേക്കും നിങ്ങൾ സാമൂഹ്യ വിമർശനത്തിന്റെ ചൂണ്ടു പലകകൾ ഉയർത്തുന്നില്ലാത്തതിനാൽ ജിഷയുടെ അമ്മയുടെ നേരെ നീണ്ട നിങ്ങളുടെ കയ്യുകൾനിങ്ങളിലെജാതിവാദിയുടേതാണെന്ന സ്വയം ബോധ്യപ്പെടൽ ഉണ്ടാകണം.

കാലാ കാലങ്ങളോളം ദളിതർ പട്ടിണിക്കോലങ്ങളായിതുടരണമെന്നും ,നമ്മുടെ ഔദാര്യത്തിന്റെ വിളിപ്പുറത്തു അവർ എന്നും നിൽക്കണമെന്നുമുള്ള ഓർമപെടുത്തലുകൾ വെറും വിവരക്കേട് മാത്രമല്ല ജാതി അനുസരിച്ചു ഓരോ മനുഷ്യരെയും കൃത്യമായ ദൂരത്തേക്ക് മാറ്റിയിരുന്ന ഭൂതകാലംപുനർനിർമിക്കാനുള്ള സ്വകാര്യ ആഗ്രഹം കൂടിയാണ് .ഇതേ മനസ്ഥിതിയാണ് ദളിത് വിഭാഗത്തിൽ പെടുന്ന പെൺകുട്ടികൾ പുതിയ ചുരിദാർ ഇട്ടാൽ ,ആഭരണം ധരിച്ചാൽ പലരിലും ഉണ്ടാകുന്നത് .സമൂഹത്തിലെയും,സ്ഥാപനത്തിലെയും കുറ്റന്വേഷകരും,’അമ്മൂമ്മ ഡിറ്റക്റ്റീവുമാരും’ അന്വേഷണവുമായി ഇറങ്ങുകയായി .സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന എന്നാൽ ദലിതരല്ലാത്തവർക്ക് എത്ര വേണമെങ്കിലും പുതിയവസ്ത്രങ്ങൾധരിക്കാനും,മാലകളും ,വളകളും മാറി മാറി ധരിക്കാനുള്ള പ്രിവിലേജ് നമ്മുടെ സമൂഹം ഉദാരമായി നൽകുന്നുവെന്നു കൂടി പറയണം.

ഞാൻ കമ്മ്യൂണിസ്റ്റുകാരൻ ,ഞാൻ മനുഷ്യസ്നേഹി എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്ന ഫേസ്ബുക് പ്രൊഫൈലുകളും ജിഷയുടെ അമ്മയെ വിചാരണ ചെയ്യുന്നവരിൽ ഉണ്ടെന്നതാണ് വർത്തമാനകാല തമാശ. ശരിയായ കമ്മ്യൂണിസവും,മനുഷ്യസ്നേഹവുംഇതല്ലെന്ന് അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. ജയമോഹൻ എഴുതിയ നൂറു സിംഹാസനങ്ങൾ എന്ന ചെറിയ നോവൽ ഒരു പക്ഷെ ഇവരുടെ ചിന്തകൾക്ക് കുറച്ചു കൂടി തെളിച്ചം നൽകിയേക്കാം .

അതിനാൽ ദയവു ചെയ്തു ക്യാമെറകണ്ണുകൾ ജിഷയുടെ അമ്മയുടെ അടുത്ത് നിന്നും മാറ്റുക. അവരുടെ മകളുടെ മരണത്തിനു നമ്മളും ഉത്തരവാദികളാണെന്നോർക്കുക. മകളുടെ മരണത്തിന്റെ തീവ്ര ദുഖത്തിലൂടെ, ജീവിക്കുന്നയിടത്ത് പതിറ്റാണ്ടുകളോളം നീണ്ടു നിന്ന അധിക്ഷേപത്തിലൂടെ കടന്നു പോയ ആ സ്ത്രീ അവശേഷിക്കുന്ന കാലം അവർക്കിഷ്ടമുള്ളതു പോലെ ജീവിക്കട്ടെ .