പോലീസ് ഒരു പബ്ലിക് സർവീസ് ആണ്. അവർ ഭരിക്കുന്നവരുടെ മർദ്ദന ഉപകരണങ്ങൾ അല്ല

ജെ .എസ് .അടൂർ
പോലീസ് കസ്റ്റഡി മർദ്ദനവും, ചിലപ്പോൾ മരണം കേരളത്തിൽ ഇപ്പൊഴും ഉണ്ടെന്നുള്ളത് അടിസ്ഥാന മനുഷ്യ അവകാശങ്ങളെ കുറിച്ച് ഇപ്പോഴും പോലീസിൽ ഉള്ളവർക്ക് ഒരു ബോധ്യവും ഇല്ലന്നതിന് തെളിവ് ആണ്. രാജൻ കേസ് പുറത്തു വന്നത് ഒരച്ചൻ രാപകൽ ഇല്ലാതെ സർക്കാർ പത്ര കോടതി ഓഫീസുകൾ കയറി ഇറങ്ങിയാണ്. അന്നത്തെ പോലീസ് മന്ത്രിയും പിന്നീട് മുഖ്യ മന്ത്രിയുമായ കെ. കരുണാകരൻ രാജി വച്ചു.

ഇപ്പോഴത്തെ ലോക്കപ്പ് മരണത്തിനു ഉത്തരവാദിത്തം കലിപ്പ് മൂത്ത പോലീസുകാർക്ക് മാത്രമല്ല. അവരെ മാനേജ്‌ ചെയ്യാൻ ഉത്തരവാദിത്തപ്പെട്ടു പോലീസ് മേധാവിമാരും. പോലീസ് സേന ജനായത്ത സ്വഭാവം വിട്ടു അക്രമസക്തമാകുന്നതിനെ നിയന്ത്രിക്കുവാൻ പരാജയപ്പെടുന്ന ആഭ്യന്തര മന്ത്രിയുമാണ്. കഴിഞ്ഞ രണ്ടു കൊല്ലത്തെ സർക്കാർ വകുപ്പുകളിൽ കാര്യക്ഷമവും നീതി പൂർവ്വകമായി ഭരണം നടക്കാത്ത വകുപ്പാണ് ആഭ്യന്തര വകുപ്പ്. കഴിഞ്ഞ രണ്ടു കൊല്ലത്തെ ഭരണത്തിനിടക്ക് പോലീസ് അതിക്രമങ്ങൾക്ക് നിരവധി ഉദാഹരണങ്ങളുണ്ട്‌. രാഷ്ട്രീയ കൊലപാതകങ്ങൾ വർധിച്ചു. ഇതിനൊക്കയുള്ള ഉത്തരവാദിത്തത്തിൽ നിന്ന് ആഭ്യന്തര സുരക്ഷയുടെ ഉത്തരവാദിത്യം ഉള്ള മുഖ്യ മന്ത്രിക്കു ഒഴിഞ്ഞു മാറാൻ സാധിക്കില്ല.

പോലീസ് ഇന്നും ചീത്ത വിളിക്കാനും, അടിക്കാനും, ഇടിക്കാനും, കൊല്ലാനും ഉള്ള കൊളോണിയൽ കാവൽ നായ്ക്കളാണ് എന്ന ധാരണ മാറണം. ജനാധിപത്യ രാജ്യങ്ങളിൽ പോലീസ് ജനങ്ങളോട് ബഹുമാനവും ഉത്തരവാദിത്തവുമുള്ള പൊതു സുരക്ഷ ഉറപ്പാക്കുന്ന ജനകീയ സർവീസാണ്. കേരളത്തിൽ തത്വത്തത്തിൽ ജന മൈത്രീ പോലീസ് സർവീസ് ഒക്കെയുണ്ടെങ്കിലും ഒട്ടുംമിക്ക പോലീസുകാരുടെയും സമീപനത്തിലും സ്വഭാവത്തിലും അധികാര അഹങ്കാരങ്ങൾ ഏറെയാണ്. ഇതൊക്കെയാണെങ്കിലും കർത്തവ്യ ബോധവും മാന്യതയും പ്രൊഫഷണൽ സമീപനവുമുള്ള നല്ല പോലീസുകാരും പോലീസ് ഓഫിസറുമാരും ഉണ്ടെന്നത് നല്ല കാര്യമാണ്.

പലപ്പോഴും കലിപ്പ് കയറി തെമ്മാടിത്തം കാണിക്കുന്ന ഒരു പറ്റം പോലീസുകാർ പോലീസ് സർവീസിന് മൊത്തം കളങ്കമാകുകയാണ്.

പോലീസിന്റെ മനോവീര്യം എന്ന് പറയുന്നത് ജനങ്ങൾക്ക്‌ സുരക്ഷയും സർവീസും കൊടുത്തു എല്ലാ മനുഷ്യർക്കും ഉള്ള അവകാശങ്ങളെ മാനിക്കുക എന്നതാണ്. അല്ലാതെ മനുഷ്യരെ കസ്റ്റഡിയിൽ ഇട്ടു മർദ്ദിച്ചു അവശനാക്കി കൊല്ലുകയല്ല. ഇതിനു ഉത്തരവാദികൾ ആയ പോലീസ്കാർ ശിക്ഷിക്കപ്പെടണം. അതിനു സത്വര നടപടികൾ എടുക്കണ്ടത് എന്ന് ബഹുമാനപെട്ട കേരള പോലീസ് മന്ത്രിയാണ്. ഇതു വരെ അങ്ങനെയൊന്നും നടന്നില്ല എന്നത് ആശങ്ക ജനകമാണ്.