അഴിമതിക്കേസില്‍ ജഡ്ജിയും രണ്ട് അഭിഭാഷകരും അറസ്റ്റില്‍

ഹൈദരാബാദ്: അഡീഷണല്‍ മെട്രോപോളിറ്റന്‍ സെഷന്‍സ് ജഡ്ജിയും രണ്ട് അഭിഭാഷകരും അഴിമതിക്കേസില്‍ അറസ്റ്റിലായി. തെലങ്കാനാ അഴിമതി വിരുദ്ധ ബ്യൂറോയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനായി 7.5 ലക്ഷം രൂപ കൈക്കൂലി മേടിച്ചതാണ് ഇവര്‍ക്കെതിരായ കുറ്റം. ജഡ്ജി എസ് രാധാകൃഷ്ണ മൂര്‍ത്തിക്കെതിരെ ഹൈദരാബാദ് കോടതിയില്‍ കൈക്കൂലി കേസ് രജിസ്റ്റര്‍ ചെയ്തു.

മൂര്‍ത്തി അഴിമതിയിലൂടെ ജാമ്യം അനുവദിക്കുകയും വിധി പ്രസ്താവിക്കുകയും ചെയ്യാറുണ്ടെന്ന് അഡ്വ.ടി ശ്രീരംഗ റാവു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. എം ദത്തു എന്ന വിദ്യാര്‍ഥിക്ക് ജാമ്യം അനുവദിക്കാന്‍ 7.5 ലക്ഷം രൂപയാണ് മൂര്‍ത്തി വാങ്ങിയതെന്നും പരാതി വ്യക്തമാക്കുന്നു.

വിശദമായ അന്വേഷണത്തിന് ശേഷം ഹൈക്കോടതിയിലെ ഹൈദരാബാദ് മെട്രോപൊളിറ്റന്‍ സെഷന്‍സ് ജഡ്ജി കേസ് അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക്(എസിബി) കൈമാറി. അതിനുശേഷം, അഴിമതി ആരോപണങ്ങളെ കുറിച്ച് അന്വേഷിച്ച് മൂര്‍ത്തിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി തെലങ്കാന എസിബിയോട് നിര്‍ദ്ദേശിച്ചു.

1988ലെ അഴിമതി നിയമപ്രകാരം ഏപ്രില്‍ 11ന് കെ.ശ്രീനിവ് റാവു, ജി സതീഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ നടപടിയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഴിമതി വിരുദ്ധ ബ്യൂറോയുടെ പ്രിന്‍സിപ്പല്‍ സ്‌പെഷല്‍ ജഡ്ജ് കേസില്‍ സേര്‍ച്ച് വാറണ്ട് പുറപ്പെടുവിച്ചു.

സംഘത്തിലെ ആശയവിനിമയ സംവിധാനത്തില്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. മൂര്‍ത്തിയും രണ്ട് അഭിഭാഷകരും കൈക്കൂലി ആവശ്യപ്പെടുകയും രണ്ട് തവണയായി 2017 ഒക്ടബോര്‍ 31ന് തുക കൈപ്പറ്റുകയും ചെയ്തതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന് ശേഷം നവംബര്‍ 1ന് പ്രതിക്ക് മൂര്‍ത്തി ജാമ്യം അനുവദിക്കുകയും ചെയ്തു.

ദത്തുവിന്റെ അമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റാണ് ഇവര്‍ ലക്ഷങ്ങളുടെ കൈക്കൂലി കൊടുക്കാന്‍ കാശ് ഉണ്ടാക്കിയത്. എംടെക്കിന് പഠിക്കുകയാണ് ഇവരുടെ മകന്‍.

മൂര്‍ത്തിയേയും മറ്റ് രണ്ട് അഭിഭാഷകരേയും അറസ്റ്റ് ചെയ്ത ശേഷം ഹൈദരാബാദിലെ പ്രിന്‍സിപ്പല്‍ സ്‌പെഷല്‍ ജഡ്ജിയുടെ മുമ്പില്‍ ഹാജരാക്കി. കേസില്‍ അന്വേഷണം നടക്കുകയാണ്.