യുഎസ് വ്യോമാക്രമണം: ചേരി തിരിഞ്ഞ് ലോകരാജ്യങ്ങള്‍

സിറിയയ്‌ക്കെതിരായ അമേരിക്കയുടെ ആക്രമണം ലോകരാജ്യങ്ങള്‍ക്കിടയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദ്ദേശപ്രകാരം നടന്ന ആക്രമണത്തില്‍ യുഎസിന് പിന്തുണയുമായി ബ്രിട്ടനും ഫ്രാന്‍സും ഒപ്പം ചേര്‍ന്നു. ദമാസ്‌കസില്‍ സമീപം ഡൗമയില്‍ സിറിയ നടത്തിയ രാസാക്രമണത്തിന് മറുപടിയായാണ് യുഎസ് ആക്രമണം നടത്തിയത്. യുഎസിനെതിരായ തിരിച്ചടി ഏത് സമയത്തുമുണ്ടാകുമെന്ന സൂചനയുള്ളതിനാല്‍ യുദ്ധഭീഷണി നിലനില്‍ക്കുകയാണ്. അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് റഷ്യയുടെ ആവശ്യപ്രകാരം യുഎന്‍ സുരക്ഷാകൗണ്‍സില്‍ ഇന്ന് രാത്രി യോഗം ചേരും.

വ്യോമാക്രമണത്തെ അപലപിച്ച് റഷ്യയും ഇറാനും രംഗത്ത് വന്നു. സിറിയന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് വിമതര്‍ക്കെതിരെ പോരാടുന്നതിനാല്‍ യുദ്ധമുന്നണിയിലെ ഇറാന്റേയും റഷ്യയുടേയും നിലപാട് നിര്‍ണായകമാണ്. സിറിയയ്ക്ക് എസ്-300 മിസൈല്‍ പ്രതിരോധ സംവിധാനം നല്‍കാന്‍ റഷ്യ തീരുമാനിച്ചു. സിറിയന്‍ വ്യോമാക്രമണത്തെത്തുടര്‍ന്നു ലോകം രണ്ടു ചേരിയിലായതാണ് റഷ്യയെ പുതിയ നീക്കത്തിനു പ്രേരിപ്പിച്ചിരിക്കുന്നത്.

സിറിയയില്‍ യുഎസ് നടത്തിയ ആക്രമണത്തിനെതിരെ നേരത്തെ പ്രതികരിച്ച റഷ്യ വീണ്ടും രംഗത്തെത്തി. പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ സംഭവത്തെ അപലപിച്ചു. എത്രയും വേഗം യുഎന്‍ രക്ഷാസമിതി യോഗം ചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയുടെ പ്രകോപനം സിറിയന്‍ ജനതയുടെ ജീവിതം ദുസ്സഹമാക്കും. യുഎസ് ആക്രമണം രാജ്യാന്തര ബന്ധങ്ങളെ ഉലയ്ക്കുമെന്നും സിറിയയിലെ മനുഷ്യദുരിതം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റഷ്യ, ഇറാന്‍, സിറിയ, ലബനന്‍, ഹിസ്ബുള്ള എന്നീ രാജ്യങ്ങള്‍ ഒരു പക്ഷത്തു നില്‍ക്കുമ്പോള്‍ യുഎസ്, ഫ്രാന്‍സ്, ബ്രിട്ടന്‍, തുര്‍ക്കി ജര്‍മനി, ഇസ്രായേല്‍ തുടങ്ങിയവ മറുപക്ഷത്താണ്. ഈ രാജ്യങ്ങളെല്ലാം സിറിയന്‍ ആക്രമണത്തില്‍ പരസ്യമായി നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്. രാസായുധങ്ങള്‍ ഒഴിവാക്കണമെന്നു യൂറോപ്യന്‍ യൂണിയനും സിറിയയോട് ആവശ്യപ്പെട്ടു കഴിഞ്ഞു. അതേസമയം, യുഎസ് ആക്രമണം മേഖലയിലെ നിലവിലെ അവസ്ഥയെ അസ്ഥിരപ്പെടുത്താനേ ഉപകരിക്കുകയുള്ളൂവെന്നും സെര്‍ഗെയ് വ്യക്തമാക്കി. സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസിലും മറ്റു നഗരങ്ങളിലും നിലവില്‍ സ്ഥിതി ശാന്തമാണെന്നും അദ്ദേഹം അറിയിച്ചു.

യുഎസിന്റെ ആക്രമണത്തെ പിന്തുണച്ചും ചില രാജ്യങ്ങള്‍ രംഗത്തുണ്ട്. ഇതിനാല്‍ തന്നെ ചേരി തിരിഞ്ഞുള്ള പോരിനും കളമൊരുങ്ങുമെന്ന കാര്യം ഉറപ്പായി. യുഎസ് നടത്തിയ ഈ ആക്രമണം അപകടകരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഇറാഖ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. മേഖലയിലേ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും തീവ്രവാദത്തിലേക്ക് ആക്രമണം വഴിവെയ്ക്കുമെന്നും ഇറാഖ് മന്ത്രാലയം വ്യക്തമാക്കി. സിറിയക്കെതിരായ ആക്രമണത്തില്‍ വ്യക്തമായ അന്വേഷണം വേണമെന്നും രാഷ്ട്രീയപരമായി മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ എന്നും ചൈന പ്രതികരിച്ചു.

Image result for syria airstrike

നൂറോളം മിസൈലുകളാണ് സിറിയയുടെ രാസായുധ കേന്ദ്രങ്ങള്‍ക്കു നേരെ പ്രയോഗിച്ചതെന്നാണ് യുഎസ് വ്യക്തമാക്കിയത്. എന്നാല്‍ മുപ്പതോളം മിസൈലുകളാണു വന്നതെന്നും അവയില്‍ ഭൂരിഭാഗവും തകര്‍ത്തതായും സിറിയ അറിയിച്ചു. ദമാസ്‌കസിനു തെക്കു ഭാഗത്ത് 13 മിസൈലുകള്‍ തകര്‍ത്തെന്നും സിറിയന്‍ വ്യോമസേന അറിയിച്ചു. സൈനിക നടപടിയുടെ പ്രത്യാഘാതം അമേരിക്ക നേരിടേണ്ടിവരുമെന്ന് അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതി അനറ്റോലി ആന്റനോവ് മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്ഌഡിമിര്‍ പുടിനെ അപമാനിക്കുന്ന നടപടിയാണ് അമേരിക്കയുടേതന്നും ഇത് സ്വീകാര്യമല്ലെന്നും സ്ഥാനപതി വ്യക്തമാക്കി.

എല്ലാവരും ഭയപ്പെട്ട കാര്യമാണു സംഭവിച്ചത്. ഞങ്ങളുടെ മുന്നറിയിപ്പെല്ലാം അവര്‍ തള്ളി. നേരത്തേ തയാറാക്കിയെടുത്ത ഒരു പദ്ധതിയാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. ഞങ്ങളെ പലപ്പോഴായി ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഒരു കാര്യം ഉറപ്പായും പറയാം, ഇത്തരം നടപടികള്‍ക്കെല്ലാം കൃത്യമായ തിരിച്ചടിയുണ്ടാകും. അതിന്റെയെല്ലാം ഉത്തരവാദിത്തം യുഎസിനും യുകെയ്ക്കും ഫ്രാന്‍സിനുമായിരിക്കും. റഷ്യന്‍ പ്രസിഡന്റിനെ അപമാനിക്കുന്നതു വച്ചുപൊറുപ്പിക്കാനാകില്ല. ലോകത്ത് ഏറ്റവുമധികം രാസായുധം ശേഖരിച്ചു വച്ചിരിക്കുന്ന യുഎസിന് റഷ്യയെ വിമര്‍ശിക്കാന്‍ യാതൊരു അധികാരവുമില്ല ആന്റനോവ് പ്രസ്താവനയില്‍ വ്യക്തമാക്കി.

യുഎസ് ആക്രമിച്ച കേന്ദ്രങ്ങളെല്ലാം നേരത്തേത്തന്നെ ഒഴിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് ദിവസങ്ങള്‍ക്കു മുന്‍പു തന്നെ റഷ്യന്‍ ഇന്റലിജന്‍സ് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്നും സിറിയ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ് തള്ളിക്കളഞ്ഞു. ‘ഇത്തവണ എല്ലാം ഒരൊറ്റ ആക്രമണത്തില്‍ ഒതുക്കുകയാണ് മാറ്റിസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. രാസായുധങ്ങള്‍ നിര്‍മിക്കാന്‍ അസദ് ഭരണകൂടത്തെ സഹായിക്കുന്ന കേന്ദ്രങ്ങളാണു തകര്‍ത്തതെന്നും മാറ്റിസ് പറഞ്ഞു.

എന്നാല്‍ രാസായുധ പ്രയോഗം നടത്തിയെന്ന വാദം സിറിയ പൂര്‍ണമായും തള്ളി. ‘നല്ല ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ആത്മാക്കളെ അപമാനിക്കാനാകില്ലെന്ന്’ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിന്റെ ഓഫിസ് ട്വീറ്റ് ചെയ്തു. രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണ് യുഎസ് നടത്തിയതെന്നും സിറിയ വിമര്‍ശിച്ചു. ആക്രമണം അവസാനിച്ചതിനു പിന്നാലെ ദമാസ്‌കസിലെ തെരുവുകളില്‍ ദേശീയത ഉദ്‌ഘോഷിക്കുന്ന ഗാനങ്ങളുമായി വാഹനങ്ങള്‍ സഞ്ചരിക്കുന്ന റിപ്പോര്‍ട്ടും ഏജന്‍സികള്‍ പുറത്തുവിട്ടു.

സിറിയയിലെ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുക മാത്രമാണു ലക്ഷ്യമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. രാജ്യാന്തര തലത്തിലും സിറിയയിലെ ജനങ്ങള്‍ക്കും ഏറെ ഭീഷണിയായ രാസായുധങ്ങള്‍ ഒരുകാരണവശാലും വച്ചുപൊറുപ്പിക്കാനാകില്ല’ അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയയുടെ ആഭ്യന്തര യുദ്ധത്തില്‍ ഇടപെടാന്‍ ആക്രമണത്തിലൂടെ ഉദ്ദേശിക്കുന്നില്ലെന്ന് ബ്രിട്ടിഷ് പ്രസിഡന്റ് തെരേസ മേ വ്യക്തമാക്കി. സിറിയന്‍ ഭരണകൂടത്തെ അട്ടിമറിക്കുകയെന്ന ലക്ഷ്യവുമില്ല. കൃത്യമായ ലക്ഷ്യം വച്ചുള്ള, നിയന്ത്രിത ആക്രമണമാണു സഖ്യസേന നടത്തിയത്. ആക്രമണമല്ലാതെ ഇത്തവണ ഒരു ബദല്‍ മാര്‍ഗമുണ്ടായിരുന്നില്ലെന്നും മേ വ്യക്തമാക്കി.

സിറിയയില്‍ സാധാരണക്കാര്‍ക്കു പ്രശ്‌നങ്ങളൊന്നുമുണ്ടാകാതെയുള്ള ആക്രമണത്തിനാണു ശ്രമിച്ചതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസ്. സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനു നേരത്തേ മുന്നറിയിപ്പു നല്‍കിയതാണ്. എന്നാല്‍ ഇത് അദ്ദേഹത്തിനു മനസ്സിലായില്ല. തുടര്‍ന്നാണ് സഖ്യശക്തികളുമായി ചേര്‍ന്ന് യുഎസിന്റെ ആക്രമണം. ഇനി രാസായുധ പ്രയോഗം ആവര്‍ത്തിക്കരുതെന്ന ശക്തമായ സന്ദേശമാണ് ആക്രമണത്തിലൂടെ നല്‍കിയിരിക്കുന്നത്.

റഷ്യയ്ക്ക് ആക്രമണം സംബന്ധിച്ചു മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ലെന്ന് മറീന്‍ ജനറല്‍ ഡണ്‍ഫോര്‍ഡ്. മൂന്നിടങ്ങളിലാണ് ആക്രമണം നടത്തിയത്: ദമാസ്‌കസിലെ ഒരു സയന്‍സ് റിസര്‍ച് കേന്ദ്രത്തിലേക്ക് ആദ്യ ആക്രമണം. ഹോംസ് നഗരത്തിനു പടിഞ്ഞാറായി രാസായുധ നിര്‍മാണത്തിനാവശ്യമായ വസ്തുക്കള്‍ സൂക്ഷിച്ചിരിക്കുന്ന സംഭരണകേന്ദ്രത്തില്‍ രണ്ടാമത്തെ ആക്രമണം. രാസായുധ ആക്രമണത്തിനുള്‍പ്പെടെ നിര്‍ദേശം പുറപ്പെടുവിക്കുന്ന ഒരു നിര്‍ണായക കമാന്‍ഡ് പോസ്റ്റിലായിരുന്നു മൂന്നാമത്തെ ആക്രമണം.

അതേസമയം സിറിയയിലെ യുഎസ് സഖ്യസേന ആക്രമണത്തിന്റെ കാരണങ്ങളിലൊന്ന് പാശ്ചാത്യ മാധ്യമങ്ങളെന്ന് റഷ്യ ആരോപണമുയര്‍ത്തി. സിറിയയിലെ ആക്രമണം സംബന്ധിച്ചു മാധ്യമങ്ങള്‍ തെറ്റിദ്ധാരണ പരത്തുന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിപ്പിച്ചെന്നും റഷ്യന്‍ ഇന്‍ഫര്‍മേഷന്‍ ഏജന്‍സി പറഞ്ഞു.

വിമതരുടെ ശക്തികേന്ദ്രമായ കിഴക്കന്‍ ഘൗട്ടയിലെ ഡൂമയില്‍ ശനിയാഴ്ചനടന്ന രാസായുധാക്രമണത്തില്‍ എഴുപതോളം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. സിറിയന്‍ സൈന്യം വിമതര്‍ക്കുനേരേ നേരത്തേയും രാസായുധം പ്രയോഗിച്ചതായി ആരോപണമുണ്ട്. 2013 ഓഗസ്റ്റില്‍ കിഴക്കന്‍ ഘൗട്ടയില്‍ നടന്ന വിഷവാതകപ്രയോഗത്തില്‍ നൂറിലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് അന്വേഷിച്ച യു.എന്‍.മിഷന്‍ വിഷവാതകമായ സരിന്‍ പ്രയോഗിച്ചതായി സ്ഥിരീകരിച്ചിരുന്നെങ്കിലും ആക്രമണം നടത്തിയത് ആരെന്ന് വ്യക്തമാക്കിയില്ല. 2017 ഏപ്രിലില്‍ ഖാന്‍ ശൈഖുനിലുണ്ടായ വിഷവാതക പ്രയോഗത്തില്‍ 80 പേര്‍ മരിച്ചിരുന്നു. ഈ സംഭവത്തില്‍ യു.എന്നും രാസായുധ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഒ.പി.സി.ഡബ്ല്യുവും സിറിയന്‍ സര്‍ക്കാരിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഉത്തരകൊറിയയാണ് സിറിയയ്ക്ക് രാസായുധം നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.