വരാപ്പുഴ കസ്റ്റഡി മരണം; പ്രതികളുടെ വീഡിയോ പുറത്തുവന്നത് തിരിച്ചറിയല്‍ പരേഡിനെ ബാധിക്കും

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണം അട്ടിമറിക്കാന്‍ ബോധപൂര്‍വശ്രമം. പ്രതികളുടെ വീഡിയോ പുറത്തുവന്നത് തിരിച്ചറിയല്‍ പരേഡിനെ ബാധിക്കും. പ്രതികളുടെ മുഖം കാണിക്കില്ലെന്ന അന്വേഷണസംഘത്തിന്റെ തീരുമാനം അട്ടിമറിക്കപ്പെട്ടു. വ്യാജരേഖയ്ക്ക് പിന്നാലെയാണ് കേസ് അട്ടിമറിക്കാന്‍ നീക്കം തുടരുന്നത്.

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ബലിയാടുകളാകുന്നുവെന്ന് ആര്‍ടിഎഫുകാര്‍ പറയുന്ന വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു. കേസില്‍ വ്യക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. കുറ്റക്കാര്‍ രക്ഷപ്പെടുകയാണെന്നും ഇവര്‍ ആരോപിക്കുന്നു. നുണപരിശോധനയ്ക്ക് തയ്യാറാണ്. കോടതിയെ മാത്രമേ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫുകാര്‍ വ്യക്തമാക്കി.

കേസില്‍ മൂന്ന് ആർടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് കഴിഞ്ഞ ദിവസമാണ് രേഖപ്പെടുത്തിയത്. സന്തോഷ്, സുമേഷ്, ജിതിൻ രാജ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കുറ്റക്കാരായ മുഴുവൻ പേർക്കുമെതിരെ നടപടിയുണ്ടാകുമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതല വഹിക്കുന്ന ഐജി എസ് ശ്രീജിത്ത് പറഞ്ഞു.

ബുധനാഴ്ച വൈകിട്ട് ഏഴരയോടെയാണ് ആലുവ റൂറൽ എസ്പി എ വി ജോർജിന്റെ റൂറൽ ടൈഗർ ഫോഴ്സിലെ മൂന്ന് പൊലീസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ശ്രീജിത്തിനെ ആര്‍ടിഎഫ് ഉദ്യോഗസ്ഥർ മർദിച്ചുവെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ശ്രീജിത്തിനെ മര്‍ദിക്കുന്നത്  കണ്ടുവെന്ന വീട്ടുകാരുടെയും നാട്ടുകാരുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റുള്‍പ്പെടെയുള്ള നടപടിയുണ്ടായത്. പൊലീസ് വാഹനത്തിലേക്ക് കയറ്റാന്‍ കൊണ്ടുപോകുന്നതിനിടെ ശ്രീജിത്തിനെ വഴിയില്‍ വച്ചും മതിലില്‍ ചേര്‍ത്ത് വച്ചും മര്‍ദിച്ചതായി നാട്ടുകാര്‍ മൊഴി നല്‍കിയിരുന്നു. രാവിലെ മുതല്‍ ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു വരികയായിരുന്നു. ആര്‍ടിഎഫ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് വൈകിപ്പിക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. എന്നാല്‍ കൃത്യമായ സാക്ഷി മൊഴികളുടെ പിന്‍ബലം ഈ ശ്രമങ്ങളെ തകര്‍ക്കുകയായിരുന്നു.

വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ കഴിയവേ ആശുപത്രിയിൽ വെച്ച് മരിച്ച ശ്രീജിത്തിന്റെ  അറസ്റ്റ് ആളുമാറിയാണെന്ന ആരോപണത്തിലാണ് പ്രത്യേക അന്വേഷണ സംഘം വ്യക്തത വരുത്തിയത്. വീടാക്രമണക്കേസിലെ പരാതിക്കാരന്റേതടക്കം നിരവധി സാക്ഷിമൊഴികൾ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതോടൊപ്പം കേസ് രേഖകളും പരിശോധിച്ചു.  ഇതിന്റെ  അടിസ്ഥാനത്തിലാണ് ആളുമാറിയുള്ള അറസ്റ്റാണെന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘം എത്തിയത്. വരാപ്പുഴയിൽ ആത്മഹത്യ ചെയ്ത വാസുദേവന്റെ സഹോദരൻ ഗണേശൻ നൽകിയ തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെയും സഹോദരനെയും രാത്രി ആര്‍ടിഎഫ് കസ്റ്റഡിയിലെടുത്തതെന്നാണ് കണ്ടെത്തൽ.