ഡിആര്‍ഐ ഓഫീസിന് മുകളില്‍ നിന്ന് ചാടി രത്‌നവ്യാപാരി ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) ഓഫീസിന് മുകളില്‍ നിന്ന് ചാടി രത്‌ന വ്യാപാരി ആത്മഹത്യ ചെയ്തു. ഇയാളുടെ ജ്വല്ലറിയില്‍ കഴിഞ്ഞ ദിവസം റെയ്ഡ് നടന്നിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യ എന്നാണ് വിവരം. ഗൗരവ് ഗുപ്ത എന്നയാളാണ് മരിച്ചത്.

സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗൗരവ് ഗുപ്ത മരിക്കുകയായിരുന്നു. എന്നാല്‍ റെയ്ഡിന് ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയോ മറ്റ് നടപടികളെടുക്കുകയോ ചെയ്തിട്ടില്ലെന്ന് ഡിആര്‍ഐ അധികൃതര്‍ പറഞ്ഞു.

”13 കോടിയുടെ അനധികൃത ചരക്കുകള്‍ കണ്ടെടുത്തിരുന്നു. നിര്‍ഭാഗ്യവശാല്‍ ഉച്ചക്ക് 12 മണിയോടെ ഡിആര്‍ഐ ഓഫീസിന്റെ സന്ദര്‍ശക മുറിയുടെ ജനാല വഴി ഉടമ എടുത്തുചാടുകയായിരുന്നു. അദ്ദേഹത്തെ വിളിപ്പിക്കുയോ അറസ്റ്റ് ചെയ്യുകയോ ഒന്നുമുണ്ടായിട്ടില്ല. സംഭവം നടന്നയുടന്‍ തന്നെ സഫ്ദര്‍ജംഗ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല”, ഡിആര്‍ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഗൗരവ് ഗുപ്തയുടെ ഭാര്യ സ്തുതി ഗുപ്ത ഷാലിമാര്‍ ബാഗ് എസ്എച്ച്ഒക്ക് പരാതി നല്‍കി. ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ഗൗരവിനെ കൊലപ്പെടുത്തിയതാണെന്നും ഭാര്യ പരാതിയില്‍ ആരോപിച്ചു.