ഫോമാ കൺവൻഷൻ കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉത്ഘാടനം ചെയ്യും.

വിനോദ് കൊണ്ടൂർ ഡേവിഡ്

ചിക്കാഗോ: 2018 ജൂൺ 21 മുതൽ 24 വരെ ചിക്കാഗോയ്ക്കടുത്തുള്ള ഷാംബർഗ് സിറ്റിയിലെ സ്വാമി വിവേകാനന്ദ നഗർ എന്ന് നാമധേയം നൽകിയിരിക്കുന്ന റെനസെൻസ് 5 സ്റ്റാർ കൺവൻഷൻ സെന്ററിൽ വച്ചു നടക്കുന്ന ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 6-ആമത് അന്താരാഷ്ട്ര കൺവൻഷന്റെ ഉത്ഘാടനം, കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം നിർവ്വഹിക്കും. ജൂൺ 21-ന് കൺവൻഷന്റെ വൈകിട്ട് നടക്കുന്ന സമ്മേളനമാണ് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ഉത്ഘാടനം ചെയ്യുന്നത്‌. ഫ്ലോറിഡയിൽ നിന്നുള്ള ജോസ്മാൻ കരേടന്റെ നേതൃത്വത്തിൽ 101 പേരുടെ ചെണ്ട മേളത്തോടും, ചിക്കാഗോയിൽ നിന്നുള്ള റോസ് വടകരയുടെ നേതൃത്വത്തിൽ 301 പെൺകൊടികളുടെ തിരുവാതിര യോടും കൂടിയാണ് കോട്ടയംകാരുടെ സ്വന്തം ആൽഫിയെ ഫോമാ കൺവൻഷനിലേക്ക് സ്വാഗതം ചെയ്യുന്നത്.

ലോക മലയാളികൾക്ക് അഭിമാനമായ അൽഫോൻസ് കണ്ണന്താനം ഫോമാ അന്താരാഷ്ട്ര കൺവൻഷനിൽ പങ്കെടുക്കുന്നത് നോർത്ത് അമേരിക്കൻ മലയാളികൾക്ക് എന്നും അഭിമാനിക്കാനാവുമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും ജനറൽ സെക്രട്ടറി ജിബി തോമസും ട്രഷറാർ ജോസി കുരിശിങ്കലും പറഞ്ഞു.

കേരളത്തിലെ കോട്ടയം ജില്ലയിലെ മണിമലഗ്രാമത്തിൽ പരേതനായ കെ.വി.ജോസഫിന്റെയും ബ്രിജിത്ത് ജോസഫിന്റെയും മകനായി 1953ഓഗസ്റ്റ് 8-ന് ജനിച്ചത്. മലയാളം മീഡിയം സ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാധമിക സ്കൂൾ വിദ്യാഭ്യാസം. കേവലം 42% മാർക്ക് കിട്ടിയാണ്‌ പത്താം തരം വിജയിച്ച കണ്ണന്താനം, സാമ്പത്തിക ശാസ്ത്രത്തിൽബിരുദാനന്തര ബിരുദം നേടി. 1979-ൽ സിവിൽ സർവ്വീസ് പരീക്ഷ എട്ടാം റാങ്കോടെ വിജയിച്ചു.

ദേവികുളം സബ്കളക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച കണ്ണന്താനം, മിൽമയുടെ മാനേജിങ്ങ് ഡയറക്ടർ, കോട്ടയം ജില്ലാ കളക്ടർ, ഡൽഹി ഡവലപ്പ്മെൻറ് അതോറിറ്റി കമ്മീഷണർ, കേരളാ സ്റ്റേറ്റ് ലാന്ഡ് യൂസ് ബോർഡ് കമ്മീഷണർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. 1994-ൽ ജനശക്തി എന്ന സന്നദ്ധസംഘടനക്ക് രൂപം നൽകി. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നൂറ് യുവനേതാക്കളിലൊരാളായി ഇദ്ദേഹത്തെ ടൈം ഇൻറർനാഷണൽ മാഗസീൻ തിരഞ്ഞെടുക്കുകയുണ്ടായി. 2006-ൽ നടന്ന തെരഞ്ഞെടുപ്പിൽ കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിൽ നിന്നും ജനപ്രതിനിധിയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നരേന്ദ്ര മോദി സർക്കാരിന്റെ മൂന്നാമത്തെ മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായി, രാഷ്ട്രപതി റാംനാഥ് കോവിന്ദ് മുൻപാകെ സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് സെപ്റ്റംബർ 3, 2017 നു സ്ഥാനം ഏറ്റെടുത്തു. കൾച്ചർ & ഐ.ടി. വകുപ്പും, ടൂറിസവുമാണ് അദ്ദേഹത്തിന് ചുമതലയുള്ള വകുപ്പ്.

അമേരിക്കൻ മലയാളി ദേശീയ സംഘടനകളുടെ ചരിത്രത്തിൽ ഒരു പ്രമുഖ സ്ഥാനം പിടിക്കാൻ ഉതകുന്ന രീതിയിലുള്ള കൺവൻഷനാണ് ചിക്കാഗോയിൽ അരങ്ങേറാൻ പോകുന്നത്. വിവിധ പ്രായക്കാർക്ക് വേണ്ടിയുള്ള പരിപാടികൾ ഉൾപ്പെടുത്തി കൊണ്ട് നടത്തപ്പെടുന്ന ഫോമാ 2018 ഫാമിലി കൺവൻഷന്റെ ആദ്യ ഘട്ട രജിസ്ട്രേഷൻ പൂർത്തിയാകുമ്പോൾ, മുന്നൂറിൽ പരം ഫാമിലികളാണ് ഇതു വരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിന്റെ സംസ്ക്കാരവും ഭാഷയും പരിചയപ്പെടുന്നതിനൊപ്പം, കേരളീയ ഭക്ഷണവും ഉൾപ്പെടുത്തി കൊണ്ടാണ് ഈ നോർത്ത് അമേരിക്കൻ മലയാളി മഹാമഹം കൊടിയേറുന്നത്.

പുതു തലമുറയ്ക്ക് കേരളീയ സംസ്ക്കാരം പരിചയപ്പെടുത്താനും, പഴയ തലമുറയ്ക്കൊപ്പം യുവ ജനതയുടെ ഒരു നാഷണൽ നെറ്റ് വർക്കും ഉണ്ടാക്കാനാകും എന്നത് ഫോമ പോലുള്ള ദേശീയ സംഘടനകളുടെ പിന്നിലെ ഉദ്ദേശ ശുദ്ധി.

ഫോമായെ കുറിച്ച് അറിയുവാനും കൂടുതൽ വിവരങ്ങൾക്കും സന്ദർശിക്കുക

www.fomaa.net

ബെന്നി വാച്ചാച്ചിറ 847 322  1973, ജിബി തോമസ് 914 573 1616 , ജോസി കുരിശിങ്കൽ 773 478 4357, ലാലി കളപ്പുരയ്ക്കൽ 516 232 4819, വിനോദ് കൊണ്ടൂർ 313 208 4952, ജോമോൻ കുളപ്പുരയ്ക്കൽ 863 709 4434, സണ്ണി വള്ളിക്കളം 847 722 7598.