ആര്‍സിസിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നു: കെ.കെ ശൈലജ

തിരുവനന്തപുരം: ആര്‍സിസിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വ്യാജവാര്‍ത്തകള്‍ അതിന്റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.

രക്തദാനത്തിലൂടെ എച്ച്.ഐ.വി ബാധിച്ചുവെന്ന ആരോപണത്തിന് പിന്നാലെ ആര്‍.സി.സിയില്‍ രക്തം മാറി നല്‍കിയതു മൂലവും മരണം സംഭവിച്ചിരുന്നു. രോഗിയ്ക്ക് രക്തം മാറി നല്‍കിയെന്നത് സമ്മതിക്കുമ്പോഴും രോഗിയുടെ നില അതീവ ഗുരുതരമായിരുന്നതാണ് മരണ കാരണമായതെന്നാണ് ആര്‍സിസി നല്‍കിയ വിശദീകരണം. രക്തം മാറി നല്‍കിയതു മൂലം നാഗര്‍കോവില്‍ സ്വദേശിയാണ് മരിച്ചത്. ശസ്ത്രക്രിയക്കുശേഷം ഗുരുതരാവസ്ഥയിലായ രോഗിയെ വീണ്ടും ശസ്ത്രക്രിയ നടത്തുമ്പോള്‍ രക്തം മാറി നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ രോഗിയുടെ നില ഗുരുതരമായതിനാലാണ് മരണമെന്നാണ് ആര്‍സിസിയുടെ നിലപാട്.

അഞ്ചു വര്‍ഷം മുമ്പ് 2013 ഡിസംബര്‍ ഒന്നിന് ശസ്ത്രക്രിയക്കുശേഷം അമിത രക്തസ്രാവം ഉണ്ടായതിനെത്തുടര്‍ന്ന് വീണ്ടും ശസ്ത്രക്രിയ നടത്തവെയാണ് ഗ്രൂപ്പ് മാറി രക്തം നല്‍കിയത്. ശസ്ത്രക്രിയക്കുശേഷം അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ ആയിരുന്ന രോഗിയാണ് മരിച്ചത്. മരണത്തെക്കുറിച്ച് പതിവ് പോലെ ആഭ്യന്തര അന്വേഷണം നടത്തി . കുറ്റക്കാര്‍ക്കെതിരായ നടപടി വിശദീകരണം ചോദിക്കലിലും താക്കീതിലും ഒതുക്കി ആര്‍സിസി.