വിദേശ വനിതയുടെ കൊലപാതകക്കേസില്‍ പ്രതികളെ ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

വിദേശ വനിതയുടെ കൊലപാതകക്കേസില്‍ പ്രതികളെ ഈ മാസം 17 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. വിദേശ വനിതയുടെ കൊലപാതകക്കേസിലെ പ്രതി ഉമേഷ് മജിസ്‌ട്രേറ്റിന് നേരിട്ട് പരാതി നല്‍കി. ഏപ്രില്‍ 25ന് കസ്റ്റഡിയില്‍ എടുത്ത ശേഷം പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പരാതി. പ്രതികള്‍ക്ക് വൈദ്യസഹായം നല്‍കാന്‍ മജിസ്ട്രേറ്റ് നിര്‍ദ്ദേശിച്ചു.

ഇതിനിടെ കോവളത്ത് വിദേശവനിതയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ തടഞ്ഞു. കോടതിവളപ്പില്‍നിന്ന് പുറത്തുപോകണമെന്നായിരുന്നു ആവശ്യം. ഇതിനിടെ പ്രതികളുടെ ബന്ധുക്കള്‍ പൊലീസിനെതിരെ കോടതിവളപ്പില്‍ പ്രതിഷേധിച്ചു.

കേസിലെ പ്രതികളായ ഉമേഷ്, ഉദയന്‍ എന്നിവരെ കൊലപാതകം, ബലാത്സംഗം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വിദേശവനിതയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

മാര്‍ച്ച്‌ 14നാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചില്‍ ഇവര്‍ എത്തി. ഓട്ടോറിക്ഷയിലാണ് ഇവര്‍ ഇവിടെ വരെയെത്തിയത്. തുടര്‍ന്ന് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് പോവുകയും ചെയ്തു. ഇവിടെവച്ചാണ് ഉമേഷും ഉദയനും വിദേശവനിതയെ കാണുന്നത്. തുടര്‍ന്ന് കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് ഇവരെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഫൈബര്‍ ബോട്ടിലാണ് ഇവരെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടിലെത്തിച്ചത്. തുടര്‍ന്ന് ഇവര്‍ ലഹരി ഉപയോഗിക്കുകയും ചെയ്തു. വൈകുന്നേരം അഞ്ചരയ്ക്കു ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.

ഫോറന്‍സിക്ഫലവും രാസപരിശോധനാഫലവും ലഭിച്ചതിനു ശേഷമാണ് ഇവരെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് വിദേശവനിതയുടെ ഒരുമാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. മൃതശരീരത്തില്‍നിന്ന് കണ്ടെത്തിയ ജാക്കറ്റ് ഉദയന്റേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കണ്ടല്‍ക്കാട്ടില്‍നിന്നു കണ്ടെത്തിയ മുടിയിഴകള്‍ പ്രതികളുടേതാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്