കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ ജീവനോടെ കത്തിച്ച് കൊലപ്പെടുത്തിയ സംഭവം: പ്രധാന പ്രതി അറസ്റ്റില്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ കൂട്ടമാനഭംഗത്തിനിരയാക്കിയ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രധാന പ്രതിയും കൂട്ടാളികളും അറസ്റ്റില്‍. സംഭവത്തില്‍ 16 പേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. 20 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാലു പേര്‍ ഒളിവിലാണ്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

നക്‌സല്‍ ബാധിത ജില്ലയായ ഛത്രയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. പതിനാറുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയും പരാതി നല്‍കിയതിനെത്തുടര്‍ന്നു പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി തീ കൊളുത്തുകയുമായിരുന്നു. വ്യാഴാഴ്ച രാത്രിയില്‍ വീട്ടുകാര്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു പ്രദേശവാസികളായ നാലു പേര്‍ വീട്ടില്‍ കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഒഴിഞ്ഞ സ്ഥലത്തെത്തിച്ചു കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. സംഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നു പിതാവ് നാട്ടുപഞ്ചായത്തില്‍ പരാതി നല്‍കി. സംഭവത്തില്‍ പ്രതികള്‍ക്ക് 15,000 രൂപ വീതം പിഴയുള്‍പ്പെടെ ശിക്ഷയും വിധിച്ചു. ഇതിനു പിന്നാലെയാണു പ്രതികള്‍ വീണ്ടും വീട്ടിലെത്തി പെണ്‍കുട്ടിയെയും മാതാപിതാക്കളെയും മര്‍ദിച്ചത്. തടയാനെത്തിയ പെണ്‍കുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ഓടി രക്ഷപ്പെട്ട പ്രതികള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിരുന്നു. സംഭവത്തെ നിസ്സാരമായി കണ്ടതിനു നാട്ടുപഞ്ചായത്തിനെതിരെയും നടപടിയെടുക്കും. പെണ്‍കുട്ടിയുടെ കുടുംബത്തിനു താത്കാലിക നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ നല്‍കുമെന്നു ജില്ലാ ഭരണകൂടം അറിയിച്ചു.