ബിഡിജെഎസ് എന്‍ഡിഎ വിട്ട് പുറത്ത് വരണമെന്ന് സജി ചെറിയാന്‍

ബിഡിജെഎസ് എന്‍ഡിഎ വിട്ട് പുറത്ത് വരണമെന്ന് ചെങ്ങന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍. ബിഡിജെഎസിന്റെ രാഷ്ട്രീയ ഭാവിക്ക് അതാണ് നല്ലതെന്നും സജി ചെറിയാന്‍ പറഞ്ഞു.

ഒരു രാഷ്ട്രീയ പ്രതിസന്ധിയും ബിഡിജെഎസിന് ഇല്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. അമിത്ഷായും തുഷാര്‍ വെള്ളാപ്പള്ളിയും ചര്‍ച്ച ചെയ്ത് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കണമെന്ന വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിലാണ് നേതാക്കളുടെ പ്രതികരണം.

ചെങ്ങന്നൂരില്‍ ബിഡിജെഎസ് തനിച്ച് മത്സരിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ബിജെപിയെ പാഠം പഠിപ്പിക്കാന്‍ ഇത് ആവശ്യമെന്നും .ഇനി ബിജെപിയുമായി സഖ്യം തുടര്‍ന്നാല്‍ അണികള്‍ അതിനെ പിന്തുണയ്ക്കില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ബിഡിജെഎസിന് ഇപ്പോഴുള്ളത് മനസുകൊണ്ട് തകര്‍ന്ന അണികളാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അണികളെ സൃഷ്ടിച്ചാല്‍ ഇപ്പോള്‍ തള്ളിപ്പറയുന്നവര്‍ പിന്നാലെ വരുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു.