കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും: സിദ്ധരാമയ്യ

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. യെഡിയൂരപ്പയും കുമാരസ്വാമിയും പറയുന്നത് അവര്‍ അധികാരത്തിലെത്തുമെന്നാണ്. എന്നാല്‍ പ്രധാനപ്പെട്ട മണ്ഡലങ്ങള്‍ ബിജെപിക്ക് പിടിച്ചെടുക്കാനാകില്ല. വന്‍ ഭൂരിപക്ഷം കോണ്‍ഗ്രസിന് തന്നെയായിരിക്കും. സിദ്ധരാമയ്യ പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകുമെന്ന് സര്‍വേ ഫലങ്ങളും വ്യക്തമാക്കുന്നു. 224 അംഗ കര്‍ണാടക നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നാണD സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം പറയുന്നത്. മോദിയുടെ പ്രചരണം ചൂടുപിടിക്കുമ്പോഴാണ് ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം പുറത്തു വന്നത്. ഏപ്രില്‍ 20മുതല്‍ 30 വരെ നടത്തിയ അഭിപ്രായ സര്‍വേയാണ് പുറത്തുവന്നത്. ബിജെപിയ്ക്ക് 63 മുതല്‍ 73 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

ബെംഗളൂരു, മഹാരാഷ്ട്രയോടടുത്ത് കിടക്കുന്ന ബോംബെ കര്‍ണാടക, തീരദേശ കര്‍ണാടക, ആന്ധ്രയോടടുത്തുള്ള ഹൈദരാബാദ് കര്‍ണാടക തുടങ്ങിയ മേഖലകള്‍ കോണ്‍ഗ്രസിനോടൊപ്പമാണെന്നും മധ്യകര്‍ണാടക ബിജെപിയ്‌ക്കൊപ്പമായിരിക്കുെമന്നും സര്‍വെ വിലയിരുത്തുന്നു. ജനതാദള്‍ എസിന് 29-36 സീറ്റുകള്‍ കിട്ടാന്‍ സാധ്യതയുണ്ട്. മുന്‍ മുഖ്യമന്ത്രി യെഡിയൂരപ്പയുടെ നേതൃത്വത്തിലാണ് ബിജെപി കര്‍ണാടകത്തില്‍ കച്ചമുറുക്കുന്നത്. പക്ഷേ അഴിമതി ആരോപണങ്ങള്‍ ബിജെപിക്ക് തലവേദനയാകുന്നു. ബെല്ലാരിയില്‍ ആയിരക്കണക്കിന് കോടികളുടെ അഴിമതി ആരോപണം നേരിടുന്ന റെഡ്ഡി സഹോദരന്‍മാര്‍ക്ക് സീറ്റു നല്‍കിയത് ബിജെപിക്ക് തിരിച്ചടിയാകുെമന്നാണ് നിലവില്‍ വിലയിരുത്തുന്നത്.

നരേന്ദ്രമോദി വീണ്ടും പ്രചാരണത്തില്‍ സജീവമാകുന്നതോടെ തെക്കേ ഇന്ത്യയിലും താമര വിരിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി. സിദ്ധരാമയ്യ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരം ഇല്ലായെന്നതിന് തെളിവാകുകയാണ് സര്‍വെ ഫലങ്ങള്‍. പുറത്തുവന്ന സര്‍വെ ഫലങ്ങള്‍ മിക്കതും കോണ്‍ഗ്രസിന് അനുകൂലമാണ്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കര്‍ണാടക ഇളക്കിമറിച്ചുള്ള പ്രചാരണമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളിലിലൂടെയും ഇരുപാര്‍ട്ടിയും വമ്പന്‍പ്രചാരണമാണ് നടത്തുന്നത്.

ഓരോ മണ്ഡലത്തിലേയും ശരാശരി വോട്ടര്‍മാരുടെ എണ്ണം 2.21 ലക്ഷമാണ്. 15ലക്ഷത്തോളം പേരാണ് കന്നിവോട്ടര്‍മാര്‍. 18ഉം 19ഉം പ്രായമുള്ളവര്‍ 7 ലക്ഷത്തോളം പേരാണ്. ഏപ്രില്‍ 17നാണ് വോട്ടെടുപ്പ് പ്രഖ്യാപിച്ചത്. നാമനിര്‍ദേശം കൊടുക്കാനുള്ള അവസാന തീയതി ഏപ്രില്‍ 24നായിരുന്നു. ഏപ്രില്‍ 27നാണ് നാമനിര്‍ദേശം പിന്‍വലിക്കാനുള്ള അവസാന തീയതി. മെയ് 15നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.

കോണ്‍ഗ്രസ്

സാമുദായിക പാര്‍ട്ടിയായ ബിജെപിക്കെതിരെ മാനവിക രൂപത്തിലുള്ള ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസാണ് തെരഞ്ഞെടുപ്പിലെ മുഖ്യ ആകര്‍ഷണം.

ബിജെപി

ബിജെപി അധ്യക്ഷന്‍ അമിത് ഷായും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പയും നടത്തിയ പ്രചാരണത്തില്‍ കൂടുതലും ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുകയും വ്യത്യസ്ത സാഹചര്യങ്ങളില്‍ കൊല്ലപ്പെട്ട ഹിന്ദു കുടുംബങ്ങള്‍ സന്ദര്‍ശിക്കുകയുമായിരുന്നു. ഈ ഓരോ കൊലപാതകവും കോണ്‍ഗ്രസ് ഭരണത്തിന് കീഴിലുള്ള നിയമവാഴ്ചയായും പാര്‍ട്ടിയുടെ ഹിന്ദു വിരുദ്ധ കാഴ്ചപാടായുമാണ് ബിജെപി ഉന്നയിച്ചത്.

ജെഡി(എസ്)

ആന്തരിക വിദ്വേഷത്താലും വ്യാകുലതയാലും ചുറ്റപ്പെട്ടിരിക്കുന്ന പാര്‍ട്ടിയാണ് ജെഡി(എസ്). ജാതിവ്യവസ്ഥയില്‍ പാര്‍ട്ടിയില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് സിദ്ധരാമയ്യയുടെ ഇഷ്ടങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ പ്രേരകമായി. അതിനിടെ ദേവഗൗഡയുടെ കുടുംബത്തിന്റെ അതിരുകടന്ന നിയന്ത്രണത്തെ തുടര്‍ന്ന് പാര്‍ട്ടിയിലെ ഏഴ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എന്നാലും ഈ തെരഞ്ഞെടുപ്പില്‍ ജെഡി(എസ്) മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.

കോണ്‍ഗ്രസും ബിജെപിയും കണക്കുകളില്‍

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ 17 എണ്ണവും വിജയിച്ച് 43.37ശതമാനം വോട്ട് നേടിയായിരുന്നു ബിജെപിയുടെ തിളക്കമാര്‍ന്ന വിജയം. 2008ല്‍ 33.86 ശതമാനം വോട്ടാണ് അവര്‍ നേടിയത്. ഇതോടെ 110 സീറ്റുകളില്‍ വിജയിച്ച് ബിജെപി ആദ്യമായി തെന്നിന്ത്യയില്‍ സര്‍ക്കാര്‍ രൂപീകരിച്ചു.