മധുവിന്റെ മരണശേഷം ചുരമിറങ്ങുന്ന മരങ്ങൾ

അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരും ശ്രദ്ധിക്കാതെ പോയ ഒരു സംഭവമായിരുന്നു അട്ടപ്പാടിയിൽ നടക്കുന്ന അനധികൃത മരം മുറിയെകുറിച്ചുള്ളത്.മധു താമസിച്ചിരുന്ന ഗുഹയുടെ തൊട്ടടുത്ത് അനധികൃത മരംമുറി നടന്നിരുന്നു എന്നും മധു അവരുടെ കണ്ണിലെ കരടായിരുന്നു എന്നും അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്.

പക്ഷേ അതിനെക്കുറിച്ച് വേണ്ടത്ര അന്വേക്ഷണത്തിന് ആരും മനപ്പൂർവ്വം താൽപ്പര്യം കാണിച്ചില്ല.ഇന്ന്‌ ലോഡ് കണക്കിന് മരങ്ങളാണ് ഇരുളിന്റെ മറവിൽ അട്ടപ്പാടി ചുരമിറങ്ങി പോകുന്നത്.

അട്ടപ്പാടിയില്‍ അനധികൃത മരംമുറി വ്യാപകമായി നടക്കുന്നുണ്ട് എന്നത് പരസ്യമാണ്.വനംവകുപ്പ്‌ അധികൃതരുടെ ഒത്താശയോടു കൂടിയാണ്‌ ആദിവാസി ഭൂമിപ്രശ്‌നം നിലനില്‍ക്കുന്ന സ്‌ഥലങ്ങളില്‍ നിന്നുപോലും വ്യാപകമായി മരങ്ങള്‍ മുറിച്ചു കടത്തുന്നത്‌.

അട്ടപ്പാടിയിലെ പെട്ടിക്കല്‍, മിനര്‍വ്വ, വയലൂര്‍ തുടങ്ങിയ പ്രദേശങ്ങളിലാണ്‌ പ്രധാനമായും മരംമുറി നടക്കുന്നത്‌.
ഒറ്റപ്പാലം ആര്‍.ഡി.ഒ കോടതിയില്‍ കേസ്‌ നടന്നു വരുന്ന സാഹചര്യത്തില്‍ അധികൃതര്‍ ഈ ഭൂമികളില്‍ മരം മുറിച്ചു കടത്തുന്നതിന്‌ ഒത്താശ ചെയ്യുന്നതില്‍ ആദിവാസികളും പ്രതിഷേധത്തിലാണ്‌.
881, 890, 876, 8 94 തുടങ്ങിയ സര്‍വ്വേ നബരുകളില്‍ ഉള്ള ഭൂമികളില്‍ നിലവില്‍ ടി.എല്‍.എ.കേസുകള്‍ (ട്രൈബല്‍ ലാന്റ്‌ ആക്‌റ്റ്) നടന്നുവരുന്നുണ്ട്‌.

ഈ ഭൂമികളില്‍ നിന്ന്‌ ഇരുപതിലധികം ലോഡ്‌ മരം മുറിച്ച്‌ കടത്തിയിട്ടുണ്ട്‌.
ഇപ്പോഴും മരംമുറി നടന്നു കൊണ്ടിരിക്കുന്നു.ഇത്‌ അഗളി റെയിഞ്ച്‌ ഓഫീസര്‍ നല്‍കുന്ന പാസിന്റെ പിന്‍ബലത്തിലാണ്‌ കടത്തുന്നത്‌.

കേസ്‌ നടന്നുവരുന്ന ഭൂമിയുടെ നികുതി സ്വീകരിക്കുന്നതിനോ കൈവശാവകാശം ലഭിക്കുന്നതിനോ നിലവില്‍ നിയമമില്ല.വനംവകുപ്പില്‍ നിന്നും പാസ്‌ ലഭിക്കുന്നതിന്‌ കൈവശ അവകാശരേഖ ആവശ്യമായിരിക്കെ നടന്നുവരുന്ന മരം കടത്തല്‍ അധികൃതരുടെ ഒത്താശയോടു കൂടിയാണ്‌ എന്നതിൽ യാതൊരു സംശയവുമില്ല…

കേസുകളില്‍ ഉള്‍പ്പെടാതെയുള്ള ഭൂമികളുടെ പേരില്‍ സംഘടിപ്പിക്കുന്ന കടത്തുപാസ്‌ ഉപയോഗിച്ചാണ്‌ ആദിവാസി കേസ്‌ നിലനില്‍ക്കുന്ന ഭൂമികളില്‍ നിന്നും വനഭൂമികളില്‍ നിന്നു മരംമുറിക്കുന്നത്‌…!

ഈട്ടി, തേക്ക്‌, ചടച്ചി തുടങ്ങിയ മരങ്ങളാണ്‌ പ്രധാനമായും മുറിച്ചു കടത്തുന്നത്‌.രേഖകള്‍ ഇല്ലാത്ത അവസ്‌ഥയില്‍ തുച്‌ഛമായ തുകയാണ്‌ കച്ചവടക്കാര്‍ കൈവശക്കാരന്‌ നല്‍കുന്നത്‌.ബാക്കിയുള്ള ലാഭം ഉദ്യോഗസ്‌ഥര്‍ പങ്കിടുന്നതായാണ്‌ വിവരം.നടന്നുവരുന്ന കേസുകളില്‍ അന്തിമതീര്‍പ്പ്‌ ഉണ്ടാകാത്തിടത്തോളം കാലം ആദിവാസികള്‍ക്കു കൂടി അവകാശപ്പെട്ട മരങ്ങളാണ്‌ ഇത്തരത്തില്‍ കടത്തപ്പെടുന്നത്‌.
മുഖ്യമന്ത്രിയുടെ ശ്രദ്ധ ഇതിൽ പതിയേണ്ടതായിട്ടുണ്ട്.

ജോളി ജോളി