സായിപ്പിനെ കണ്ടാൽ കവാത്ത് മറക്കാമോ?

സുധക്കുട്ടി
2013 നവംബർ മാസം
ഇൻഫർമേഷൻ പബ്ളിക് റിലേഷൻസിൽ റീജിയണൽ ഡപ്യൂട്ടി ഡയറക്ടറായി ഞാൻ എറണാകുളത്ത് ജോലി ചെയ്യുമ്പോഴാണ് ബ്രിട്ടനിലെ ചാൾസ് രാജകുമാരനും കാമില രാജകുമാരിയും നാല് ദിവസത്തെ സന്ദർശനത്തിന് കൊച്ചിയിലെത്തിയത്.
സന്ദർശനത്തിന് ഏഴെട്ടു മാസം മുൻപേ പെരുമ്പറ അടി തുടങ്ങി.
മീഡിയ കോർഡിനേഷന്റെ ചുമതല ഡയറക്ടർ മിനി ആന്റണി ഐ എ എസിനായിരുന്നു . ഒറ്റ ഉത്തരവിലൂടെ അതെനിക്ക് ചാർത്തി തന്നിട്ട് അവർ തലയൂരി. അതോടെ എന്റെ ശനിദശ തുടങ്ങി.

രാത്രിയെന്നില്ല, പകലെന്നില്ല ഊണിലും ഉറക്കത്തിലും ബ്രിട്ടീഷ് ഹൈകമ്മീഷൻ എന്റെ കാതിലേയ്‌ക്ക് മുന്നൊരുക്കങ്ങളുടെ ഈയക്കുട്ട് ഉരുക്കിയൊഴിച്ചു തുടങ്ങി. നിബന്ധനകൾ അടിച്ചേല്പിച്ചു കൊണ്ടുള്ള ഇ-മെയിലുകളുടെ പ്രവാഹമായി.
ഒപ്പം കലക്ടറുടെ അധ്യക്ഷതയിൽ
തുരുതുരാ സംഘാടക യോഗങ്ങൾ.
സായിപ്പിനും കൂട്ടർക്കും നമ്മുടെ മീഡിയയോട് അത്ര മതിപ്പ് പോരാ.
സർക്കാരിന്റെ ഓഫീഷ്യൽ ഫോട്ടോഗ്രാഫർ മാത്രം മതിയത്രെ.
ബ്രിട്ടനിൽ നിന്നും മുപ്പതു പേരടങ്ങുന്ന മീഡിയാ സംഘം അവരെ അനുഗമിക്കുന്നുണ്ട്.

ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും, ( സ്കൂളിൽ പഠിച്ച ഓർമ) മീഡിയയെ ഒഴിവാക്കിയുള്ള കളി തീക്കളിയാണെന്നും അവറ്റയ്ക്കുണ്ടോ മനസ്സിലാവുന്നു. 1947 ന് മുൻപുള്ള ഇന്ത്യ തന്നെയാണ് ഇപ്പോഴും അവരുടെ മനസ്സിൽ എന്ന് തോന്നി.

സംസ്ഥാന പ്രോട്ടോക്കോൾ ഓഫീസർ വിജയകുമാർ അടുത്ത സുഹൃത്തും നാട്ടുകാരനും.
അവരുടെ നിബന്ധനകളല്ല നമ്മുടെ നാടിന്റെ നിയമങ്ങളാണ് നമുക്ക് വലുതെന്ന് പറഞ്ഞ് വിജയകുമാർ എന്റെ നിലപാടിന് ഒപ്പം നിന്നു.

അക്രഡിറ്റേഷൻ ഉള്ളവർക്കെല്ലാം പ്രസ്സ് പാസ് നൽകാൻ ഞങ്ങൾ പോലീസിനോട് ആവശ്യപ്പെട്ടു..വരുന്നിടത്ത് വച്ച് കാണാം .
ഹല്ല പിന്നെ , നമ്മളോടാണോ കളി !

കാമില രാജകുമാരിയോട് നമ്മുടെ മീഡിയക്കാർ വല്ല വെടക്ക് ചോദ്യോം ചോദിച്ചാലോ എന്ന് പേടിക്കുന്നതായി ദൽഹിയിലെ ബ്രിട്ടീഷ് ആസ്ഥാനത്തു നിന്നുള്ള ഉദ്യോഗസ്ഥ എന്നോട് അടക്കം പറഞ്ഞു..
വാദിച്ചും തർക്കിച്ചും ചിലപ്പോഴൊക്കെ അടവുകൾ പ്രയോഗിച്ചുമാണ് മീഡിയക്കാരുടെ സാന്നിധ്യം പല സ്ഥലങ്ങളിലും ഉറപ്പാക്കിയത്.

നാണം തോന്നിയ രംഗങ്ങൾ അരങ്ങേറിയത് ഹോട്ടൽ താജ് മലബാറിലാണ്.
ഒപ്പം നിന്ന് ഫോട്ടോ എടുക്കാൻ ഐ എ എസ് ഉദ്യോഗസ്ഥരുടെ കൂട്ടയിടി. ഗവ.സെക്രട്ടറിമാർ ഐ പാഡും കൊണ്ട് ഫോട്ടോയ്ക്കായി വിറളി പിടിച്ചോടി നടന്നു. ആരായാലെന്ത്, സായിപ്പുപ്പറ്റത്തിന് ങേഹേ , ഒരു കുലുക്കോമില്ല. ഏതായാലും സെൽഫി ഇത്രയ്ക്കങ്ങോട്ട് പോപ്പുലറായിരുന്നില്ല അന്ന് എന്നാണ് ഓർമ .

മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിയിലടക്കം മുൻ നിരയിൽ ഉദാസീനയായിരുന്ന് പുസ്തകം വായിച്ച് രസിച്ച വനിതാ സബ് കലക്ടർ വരെ (ഇവർക്കെന്താ നാളെ പരീക്ഷയാണോ ,എന്ന് ചില പത്രക്കാർ അന്ന് പരിഹസിച്ചിരുന്നു.) കേണു കൊണ്ടോടുന്നു
കേവലം ഒരു സ്നാപ്പിനായ്..
ഔദ്യോഗിക ഫോട്ടോഗ്രാഫർ അരികിലുണ്ടായിട്ടും ഞങ്ങൾ പി ആർ ഡിക്കാർക്ക് അങ്ങനെയൊരാഗ്രഹം തോന്നാഞ്ഞത് അഹങ്കാരമോ അഭിമാനമോ , അതോ രണ്ടും കൂടിയോ?
വകുപ്പിലെ ഏറ്റവും സമർത്ഥരായ ഒദ്യോഗസ്ഥരുടെ ഒരു ടീം തന്നെ എന്നോടൊപ്പമുണ്ടായിരുന്നു.
നന്ദി , നിജാസ് , അരുൺ , ചന്ദ്രഹാസൻ ,
പ്രിയ ബിനീഷ് , രാജശേഖരൻ ,
ഡാലു പരമേശ്വരൻ…

അടുത്ത ദിവസം കുമരകം ലേക് റിസോർട്ടിലും ബ്രിട്ടീഷ് പടയുടെ മൊട തുടർന്നു.കൂടിക്കാഴ്ചയ്ക്ക് നിശ്ചയിച്ച സമയത്ത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എത്തി, ഒപ്പം ഭാര്യ മാത്രമല്ല , കുഞ്ഞുകുട്ടി പരാതീനതകളടക്കം.
വിവിഐപി റിസോർട്ടിനുള്ളിലെ പ്രത്യേക പൂളിൽ കാമില രാജകുമാരി അപ്പോഴും നീന്തി തുടിക്കുകയാണ്. ഏറെ നേരം കാത്തിരുന്നിട്ടും മുഖ്യമന്ത്രിക്ക് ഒരു മുഷിച്ചിലുമില്ല. പക്ഷേ മുഖ്യമന്ത്രിയുടെ ഭാര്യയുടെ മുഖത്ത് കാത്തിരിപ്പിന്റേതായ സ്വാഭാവിക ശുണ്ഠി പടർന്നത് ,എന്റെ കൗതുകം കൊണ്ടാവാം ഞാൻ വായിച്ചെടുത്തു.

രാജകീയ നീരാട്ടും അമൃതേത്തും വീണ്ടും നീണ്ടപ്പോൾ
ഞങ്ങൾ ഉദ്യോഗസ്ഥർക്കും അല്പമൊക്കെ നീരസം തോന്നാതിരുന്നില്ല.
അതിഥി ദേവോ ഭവ എന്ന മുദ്രാവാക്യമെടുത്ത് കായലിലേയ്ക്ക് ഒറ്റ ഏറ് കൊടുക്കണമെന്ന് എനിക്ക് തോന്നി. സെക്യൂരിറ്റി നിന്ന പോലീസുകാരൻ ആരോടോ പിറുപിറുക്കുന്നത് കേട്ടു.

” ആ ഡയാനാ രാജകുമാരിയായിരുന്നേൽ ഒരു മനുഷ്യ പറ്റെങ്കിലും കണ്ടേനെ ”

യാത്ര പറഞ്ഞ് നീങ്ങുന്നതിനിടയിലാണ് മറിയാമ്മ ഉമ്മൻ ചാണ്ടി രാജകുമാരിക്ക് ഉപഹാരം നൽകിയത്.
ചന്തം തികഞ്ഞ ഒരു ആമാട പെട്ടിയും , പ്രത്യേകം നെയ്തെടുപ്പിച്ച വില പിടിച്ച കസവുടയാടയുമായിരുന്നു ഉപഹാരം .
രാജകുമാരി അത് വാങ്ങി അലക്ഷ്യമായി ഏതോ മദാമ്മയ്ക്ക് നൽകി അപ്രസന്നയായി നടന്നു നീങ്ങി.
സൈനിക വിമാനത്താവളത്തിലെ ലാഡർ പോയിന്റിൽ വീണ്ടും വർണക്കുട വിടർന്നു. ബ്രിട്ടീഷ് എയർവേയ്‌സിന്റെ സ്റ്റൈലൻ വിമാനത്തിൽ അവർ മേലോട്ടുയർന്നപ്പോൾ നാല് ദിവസത്തെ അലച്ചിലിന്റെ അരിശത്തെക്കാളുപരി
” സായിപ്പിനെ കാണുമ്പോൾ കവാത്തു മറക്കുമെന്ന ” നാടൻ ശൈലിയുടെ ഉപജ്ഞാതാവിനെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ഞാൻ ആശിച്ചു പോയി …..*