നിലബൂര്‍- നഞ്ചന്‍ഗോഡ്‌ പാതയ്‌ക്കായി ഇനി ബ്രിട്ടീഷ്‌ ഭരണം വരണോ… ?

ബ്രിട്ടീഷുകാര്‍ ഒരു നൂറ്റാണ്ടു മുബ്‌ വിഭാവനം ചെയ്‌ത നിലമ്ബൂര്‍-നഞ്ചന്‍ഗോഡ്‌ റെയില്‍പാത സ്വാതന്ത്ര്യം ലഭിച്ച്‌ 71 വര്‍ഷം കഴിഞ്ഞിട്ടും യാഥാര്‍ഥ്യമാക്കാനായില്ല എന്നതു വികസനരംഗത്തു നമ്മുടെ നാട്‌ നേരിടുന്ന വലിയ പ്രതിസന്ധിയാണു കാണിക്കുന്നത്‌.
നിലബൂര്‍-നഞ്ചന്‍ഗോഡ്‌ പാത വരാന്‍ ഇന്ത്യയില്‍ വീണ്ടും ബ്രിട്ടീഷ്‌ ഭരണം വരണമോ എന്ന ചോദ്യമാണ്‌ ഇവിടെ ഉയരുന്നത്‌.സംസ്‌ഥാനസര്‍ക്കാര്‍ മനസുവച്ചാല്‍ അഞ്ചുവര്‍ഷംകൊണ്ടു യാഥാര്‍ഥ്യമാക്കാവുന്ന ഈ സുപ്രധാന റെയില്‍പാത എന്തിനാണു രാഷ്‌ട്രീയ വടംവലിയില്‍ ഇല്ലാതാക്കുന്നത്‌.

റെയില്‍വേ ലൈനില്ലാത്ത വയനാട്ടില്‍ റെയില്‍പാത എത്തുമെന്നു മാത്രമല്ല, കേരളത്തിനും രാജ്യത്തിനും വികസനക്കുതിപ്പു നല്‍കുന്ന പദ്ധതിയുമാണിത്‌.വ്യവസായ, ടൂറിസം, ഐ ടി മേഖലകളില്‍ വന്‍കുതിച്ചുചാട്ടത്തിന്‌ പാത വഴിയൊരുക്കും.ഈ പാതവന്നാല്‍ ബംഗളുരു, മൈസൂര്‍, കൊച്ചി, കോയബത്തൂര്‍ എന്നീ നഗരങ്ങളിലേക്കുള്ള യാത്ര എളുപ്പത്തിലാക്കും.

കൊച്ചി, വിഴിഞ്ഞം തുറമുഖങ്ങളുടെ വികസനത്തിനും കേരളത്തിലേക്കുള്ള ചരക്കുനീക്കം വേഗത്തിലാക്കാനും സഹായിക്കും.
നിലബൂര്‍- നഞ്ചന്‍ഗോഡ്‌ പാത വരുബോള്‍ കൊച്ചി- ബംഗളുരു, മൈസൂര്‍- കോയബത്തൂര്‍ എന്നീ രണ്ടു റെയില്‍ ഇടനാഴികളാണു ലഭിക്കുക.
നിലവില്‍ 12 മണിക്കൂറെടുക്കുന്ന കൊച്ചി- ബംഗളുരു ട്രെയിന്‍ യാത്രാസമയം ഏഴു മണിക്കൂറായി കുറയും.

മൈസൂര്‍- കോയബത്തൂര്‍ യാത്രാസമയം അഞ്ചു മണിക്കൂറായും വയനാട്ടില്‍നിന്നു ബംഗളുരുവിലേക്കുള്ള ദൂരം മൂന്നുമണിക്കൂറായും കൊച്ചിയിലേക്കും കോയബത്തൂരിലേക്കുമുള്ള യാത്രാസമയം നാലുമണിക്കൂറുമായും കുറയും.രണ്ട്‌ ഐ ടി നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഈ പാത ദക്ഷിണേന്ത്യയുടെ ഐ ടി, ടൂറിസം, വ്യവസായങ്ങളുടെ സുവര്‍ണ ഇടനാഴിയായിരിക്കും.

കൊങ്കണ്‍ പാതയ്‌ക്കു സമാന്തര പാതയായും ഉപയോഗിക്കാമെന്ന നേട്ടവുമുണ്ട്‌.കൊങ്കണ്‍ റെയില്‍വേ യാഥാര്‍ഥ്യമാക്കിയ മെട്രോമാന്‍ ഇ. ശ്രീധരന്‍ നിലബൂര്‍-നഞ്ചന്‍ഗോഡ്‌ പാത ചരക്കുനീക്കത്തിലൂടെ ലാഭകരമാകുമെന്നും വ്യക്‌തമാക്കിയിട്ടുണ്ട്‌.ബ്രിട്ടീഷുകാര്‍ 100 വര്‍ഷം മുബാണു നിലമ്ബൂരില്‍നിന്നും നാഞ്ചന്‍ഗോഡിലേക്കു റെയില്‍പാതയ്‌ക്കായി ആലോചന തുടങ്ങിയത്‌.

1921ല്‍ പാതയ്‌ക്കായി സര്‍വേ നടത്തി.ഷൊര്‍ണൂരില്‍നിന്നും നിലബൂരിലേക്കുള്ള റെയില്‍പാതയ്‌ക്കുശേഷം നഞ്ചന്‍ഗോഡിലേക്കുള്ള റെയില്‍പാത യാഥാര്‍ഥ്യമാക്കാനാണു ബ്രിട്ടീഷ്‌ സര്‍ക്കാര്‍ തീരുമാനിച്ചത്‌.1923ല്‍ നിര്‍മാണം ആരംഭിച്ച ഷൊര്‍ണൂര്‍- നിലബൂര്‍ പാത നാലുവര്‍ഷംകൊണ്ടാണു പൂര്‍ത്തീകരിച്ചത്‌.

1920കളിലാണു കുറഞ്ഞസമയംകൊണ്ട്‌ റെയില്‍പാത പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്‌ എന്നതു ശ്രദ്ധേയമാണ്‌.

ഷൊര്‍ണൂര്‍- നിലബൂര്‍ പാതയെ മൈസൂര്‍ ചാമരാജ്‌ നഗറുമായി ബന്ധിപ്പിക്കുന്ന പാതയായിരുന്നു ബ്രിട്ടീഷുകാര്‍ വിഭാവനം ചെയ്‌തത്‌.

ബേലൂരില്‍നിന്നും കൂര്‍ഗിലേക്കും മാനന്തവാടി വഴി നിലബൂരിലേക്കും പാത നിര്‍മിച്ചു മൈസൂരുമായി ബന്ധിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ തീരുമാനിപ്പിച്ചു.രണ്ടാംലോക മഹായുദ്ധം വന്നതോടെയാണു പാതനിര്‍മാണം മാറ്റിവച്ചത്‌.

പാതി നിര്‍മാണച്ചെലവു വഹിക്കാമെന്നു കേരളം റെയില്‍വേയുമായി ധാരണാപത്രം ഒപ്പുവച്ച്‌ സ്‌പെഷല്‍ പര്‍പ്പസ്‌ വെഹിക്കിള്‍ കബനിയുണ്ടാക്കുകയും റെയില്‍വേ പിങ്ക്‌ ബുക്കില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌ത പദ്ധതിയാണു നിലബൂര്‍- നഞ്ചന്‍ഗോഡ്‌ പാത.
236 കിലോമീറ്റര്‍ പാതയ്‌ക്ക്‌ 6000 കോടി രൂപയാണു റെയില്‍വേ ചെലവു കണക്കാക്കിയത്‌.

എന്നാല്‍ പുതിയ അലൈന്‍മെന്റ്‌ പ്രകാരം 162 കിലോമീറ്ററില്‍ 3500 കോടി രൂപയ്‌ക്ക്‌ അഞ്ചുവര്‍ഷംകൊണ്ടു പാത യാഥാര്‍ഥ്യമാക്കാമെന്നാണ്‌ ഇന്ത്യന്‍ റെയില്‍വേയുടെ ഏകാംഗകമ്മിഷനും ഡി.എം.ആര്‍.സി. മുഖ്യഉപദേഷ്‌ടാവുമായ ഇ. ശ്രീധരന്‍ പറയുന്നത്‌.162 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 22 കിലോമീറ്റര്‍ അണ്ടര്‍ഗ്രൗണ്ട്‌ പാതയായിരിക്കും.കേരളത്തില്‍ 22 കിലോമീറ്ററും കര്‍ണാടകത്തില്‍ 13.5 കിലോമീറ്ററും മാത്രമാണു സംരക്ഷിത വനമേഖലയിലൂടെ കടന്നുപോകുന്നത്‌.

ബന്ദിപ്പൂര്‍ വനമേഖലയിലൂടെ 11 കിലോമീറ്റര്‍ ദൂരത്തില്‍ പാത കടന്നുപോകേണ്ടി വരും.വനത്തിന്റെ സ്വാഭാവിക പ്രകൃതിക്കു ദോഷകരമാകാതെ ഇതു തുരങ്കപാതയായി നിര്‍മിക്കാമെന്നാണ്‌ ഇ. ശ്രീധരന്‍ വ്യക്‌തമാക്കിയിട്ടുള്ളത്‌.

പാതയ്‌ക്കായി വരുന്ന ചെലവിന്റെ പകുതി റെയില്‍വേയും പകുതി കേരളവും വഹിക്കാമെന്നു റെയില്‍വേയുമായി കേരളം ധാരണാപത്രം ഒപ്പുവച്ച്‌ എസ്‌.പി.വി (സ്‌പെഷല്‍ പര്‍പ്പസ്‌ വെഹിക്കിളായ) കേരളാ റെയില്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡ്‌ എന്ന കബനിക്കും രൂപം നല്‍കിയിട്ടുണ്ട്‌.കേരളാ റെയില്‍ ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ രണ്ടാമത്തെ പദ്ധതിയായാണു നിലബൂര്‍നഞ്ചന്‍ഗോഡ്‌ പാത.

എന്നാല്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിലബൂര്‍- നഞ്ചന്‍ഗോഡട്‌ പാത മാറ്റി തലശേരി- മൈസൂര്‍ പാത കൊണ്ടുവന്നിരിക്കുന്നു.

മുന്‍ സര്‍ക്കാര്‍ എട്ടുകോടി രൂപയാണു പാതയുടെ പദ്ധതി രേഖയ്‌ക്കായി അനുവദിച്ചത്‌.ഇതില്‍ ഡി.എം.ആര്‍.സിക്കു സര്‍വേയ്‌ക്കായി അനുവദിച്ച രണ്ടുകോടി പോലും സര്‍ക്കാര്‍ നല്‍കിയില്ല.
തലശേരി- മൈസൂര്‍ പാതയ്‌ക്കായാണു നിലബൂര്‍- നഞ്ചന്‍ഗോഡ്‌ പാതയെ വെട്ടിയിരിക്കുന്നത്‌.ഈ പാതയ്‌ക്കെതിരേ കര്‍ണാടകയിലെ കുടകില്‍ ജനകീയ പ്രക്ഷോഭം ഉയര്‍ന്നിരിക്കുകയാണ്‌.കര്‍ണാടകയിലെ ജനപ്രതിനിധികളും ഈ പാതയ്‌ക്ക്‌ എതിരാണ്‌.
തലശേരി- മൈസൂര്‍ പാത ലാഭകരമാകില്ലെന്ന റിപ്പോര്‍ട്ടാണു ഡി.എം.ആര്‍.സി. നല്‍കിയിട്ടുള്ളത്‌.ഈ യാഥാര്‍ഥ്യം മനസിലാക്കി സര്‍ക്കാരും രാഷ്‌്രടീയ നേതൃത്വവും ഒറ്റമനസോടെ നിലബൂര്‍- നഞ്ചന്‍ഗോഡ്‌ പാതയ്‌ക്കായി രംഗത്തുവരികയാണു വേണ്ടത്‌.

നിര്‍ദ്ദിഷ്‌ട നിലബൂര്‍- നഞ്ചന്‍കോട്‌ പാതയില്‍ ബത്തേരി ജങ്‌ഷനില്‍നിന്നും മാനന്തവാടി വഴി തലശേരിക്കും പാത നീട്ടാനുമാവും.

രണ്ടുപാതയ്‌ക്കായി തമ്മിലടിച്ച്‌ രണ്ടും ഇല്ലാതാക്കുന്നതിനു പകരും എല്ലാവര്‍ക്കും ഒന്നിച്ചുനിന്നു നിലബൂര്‍- നഞ്ചന്‍ഗോഡ്‌ പാത യാഥാര്‍ഥ്യമാക്കാന്‍ കൈകോര്‍ക്കുന്നതാണു നാടിനു നല്ലത്‌.

സിബി വയലില്‍.
മലയോര വികസന സമിതി സംസ്‌ഥാന പ്രസിഡന്റ്