ഇതുപോലെയുള്ള മന്ത്രിമാരാണ് അക്രമത്തിന് പ്രേരണ നല്‍കുന്നത്; എകെ ബാലനെതിരെ വി. മുരളീധരന്‍

തിരുവനന്തപുരം: മാഹി കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി എ.കെ ബാലന്‍ നടത്തിയ വിവാദപരാമര്‍ശത്തിനെതിരെ വി മുരളീധരന്‍ എംപി. അക്രമത്തിന് കാരണം ഇത്തരം പരാമര്‍ശങ്ങളാണെന്നും ഇതുപോലെയുള്ള മന്ത്രിമാരാണ് അക്രമത്തിന് പ്രേരണ നല്‍കുന്നതെന്നും എംപി പറഞ്ഞു. മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും വി. മുരളീധരന്‍ എംപി പറഞ്ഞു.

ഇങ്ങോട്ട് കിട്ടിയപ്പോള്‍ അങ്ങോട്ടും പ്രതികരണമുണ്ടായെന്നാണ് മാഹി കൊലപാതകത്തില്‍ എകെ ബാലന്റെ പ്രതികരണം. പല സ്ഥലങ്ങളിലും കായിക ബലം ഉപയോഗിച്ച് ആര്‍എസ്എസ് ഇടതുപക്ഷത്തെ നേരിടുകയാണെന്നും മന്ത്രി പറഞ്ഞിരുന്നു.

ആര്‍എസ്എസ് ഇന്നും ഇന്നലെയുമല്ല സിപിഐഎമ്മിനെ വേട്ടയാടാന്‍ തുടങ്ങിയത്. ഒരു ആക്രമ സംഭവങ്ങള്‍ക്കും സിപിഐഎം തുടക്കം കുറിച്ചിട്ടില്ല. എന്നാല്‍, ഇങ്ങോട്ട് കിട്ടിയാല്‍ തിരിച്ചും കൊടുക്കും. പ്രതിരോധത്തിന്റെ ഭാഗമായുണ്ടാകുന്ന ആക്രമണങ്ങള്‍ അല്ലാതെ മനപൂര്‍വം സിപിഐഎം അക്രമങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ബാലന്‍ പറഞ്ഞിരുന്നു.

പള്ളൂരില്‍ തിങ്കളാഴ്ച രാത്രിയാണ് രണ്ടു കൊലപാതകങ്ങളും നടന്നത്. സി.പി.ഐ.എം. നേതാവും മുന്‍ നഗരസഭാ കൗണ്‍സിലറുമായ കണ്ണിപ്പൊയില്‍ ബാബു(47), ഓട്ടോറിക്ഷാ ഡ്രൈവറും ആര്‍.എസ്.എസ്. പ്രവര്‍ത്തകനുമായ ന്യൂമാഹി പെരിങ്ങാടി പറമ്പത്ത് വീട്ടില്‍ യു.സി. ഷമേജ് (36) എന്നിവരാണ് മരിച്ചത്. പള്ളൂര്‍ കൊയ്യോടന്‍ കോറോത്ത് ക്ഷേത്രത്തിനുസമീപം രാത്രി ഒന്‍പതരയോടെയാണ് ബാബുവിന് വെട്ടേറ്റത്. ബാബു വീട്ടിലേക്ക് പോകുന്നവഴി ഒരുസംഘം ആയുധങ്ങളുമായി ആക്രമിക്കുകയായിരുന്നു. ഇതിനു തിരിച്ചടിയായാണ് ഷമേജിന് രാത്രിതന്നെ വെട്ടേറ്റത്. കൊലപാതകങ്ങളെ തുടര്‍ന്ന് മാഹിയിലും പരിസര പ്രദേശങ്ങളിലും അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു.