സുനന്ദയുട മരണം ആത്മഹത്യ; ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം

ന്യൂ ഡല്‍ഹി: സുനന്ദ പുഷ്‌കരുടെ മരണത്തില്‍ ഭർത്താവും എംപിയുമായ ശശി തരൂരിനെ പ്രതിയാക്കി ദില്ലി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സുനന്ദയുടെ മരണം ആത്മഹത്യയെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നു. ആത്മഹത്യാ പ്രേരണ, ഗാര്‍ഹിക പീഡന കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയത്.  പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് ദില്ലി പൊലീസ് കുറ്റപത്രം നല്‍കിയത്.  കേസിൽ ഈമാസം 24ന് വീണ്ടും വാദം കേൾക്കും.

2014 ജനുവരി 17 നാണ് ദില്ലിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ദുരൂഹസാഹചര്യത്തില്‍ സുനന്ദപുഷ്‌കര്‍ മരിച്ചത്. തന്റെ ഭാര്യയുടെ മരണത്തെക്കുറിച്ചുള്ള അവസാന നിഗമനമെന്തെന്ന് അറിയാന്‍ കാത്തിരിക്കുകയാണെന്ന് ശശിതരൂര്‍ എംപി രണ്ട് മാസം മുന്‍പ് പ്രതികരിച്ചിരുന്നു.

സുനന്ദപുഷ്‌കര്‍ മരിച്ച കേസ് പ്രത്യേക അന്വേഷണം സംഘം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രമണ്യന്‍ സ്വാമി ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.വലിയ സ്വാധീനമുള്ള വ്യക്തികള്‍ക്ക് കേസില്‍ പങ്കുള്ളതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണം വൈകുന്നുവെന്നാരോപിച്ചായിരുന്നു ഹര്‍ജി.എന്നാല്‍ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞ് ദില്ലി ഹൈക്കോടതി തള്ളി. തുടര്‍ന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹര്‍ജിയുടെ ആവശ്യകത വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടത്.