സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണം: ഗോവ, മണിപ്പൂര്‍ ഗവര്‍ണര്‍മാരെ കണ്ട് കോണ്‍ഗ്രസ്, ബിഹാറില്‍ ആര്‍.ജെ.ഡിയും

പനാജി: കര്‍ണാടകയില്‍ ഗവര്‍ണര്‍ നടപ്പിലാക്കിയത് ഞങ്ങള്‍ക്കും ലഭിക്കണമെന്ന അവകാശവാദത്തോടെ, ഗോവയില്‍ വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് രംഗത്ത്. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്നാവശ്യപ്പെട്ട് ചന്ദ്രകാന്ത് കാവ്‌ലേക്കറുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹയെ രാജ്ഭവനിലെത്തി കണ്ടു.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്നും അതിനായി ക്ഷണിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തും കൈമാറി.

ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ ഏഴു ദിവസം നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

16 കോണ്‍ഗ്രസ് അംഗങ്ങളില്‍ 14 പേരാണ് ഗവര്‍ണറെ കാണാനെത്തിയത്. ഒരാള്‍ വിദേശത്തും ഒരാള്‍ ആശുപത്രിയിലുമായതിനാല്‍ എത്താനായില്ല.

കര്‍ണാടകയിലെ നടപടി ഇവിടെയും പാലിക്കണമെന്നും 2017 മാര്‍ച്ച് 12ന് ന്യൂനപക്ഷ പാര്‍ട്ടിയായ ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ വിളിച്ച തെറ്റ് തിരുത്തണമെന്നും അഭ്യര്‍ഥിച്ചതായി ചന്ദ്രകാന്ത് പറഞ്ഞു. ഞങ്ങളുടെ ആവശ്യത്തില്‍ നടപടി സ്വീകരിക്കാന്‍ ഏഴു ദിവസം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ 40 അംഗ നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റുകള്‍ നേടി കോണ്‍ഗ്രസാണ് വലിയ ഒറ്റകക്ഷി. എന്നാല്‍ 13 സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പി മറ്റു കക്ഷികളെ ചേര്‍ത്ത് സര്‍ക്കാരുണ്ടാക്കുകയായിരുന്നു.

ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കക്ഷിനില 16 ആണ്. വിശ്വജീത്ത് റാണെ എന്ന അംഗം കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേരുകയും ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

മണിപ്പൂര്‍

മണിപ്പൂരില്‍ കോണ്‍ഗ്രസ് പ്രതിനിധികള്‍ ആക്ടിങ് ഗവര്‍ണര്‍ ജദഗീഷ് മുഖിയെ കണ്ടു. 60 അഗം നിയമസഭയില്‍ 2017 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷി. എന്നാല്‍ സര്‍ക്കാരുണ്ടാക്കാനുള്ള ക്ഷണം ലഭിച്ചത് 21 സീറ്റുകള്‍ നേടിയ ബി.ജെ.പിക്ക്. കോണ്‍ഗ്രസില്‍ നിന്ന് ഒന്‍പതു പേരെ ചാക്കിലാക്കിയും ഒരു സ്വതന്ത്രന്റെ പിന്തുണയോടെയുമാണ് ബി.ജെ.പി സര്‍ക്കാരുണ്ടാക്കിയത്.

ആര്‍.ജെ.ഡി നേതാവ് തേജസ്വി ഗവര്‍ണറെ കണ്ടു

ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയാ ആര്‍.ജെ.ഡിയും ഇതേ ആവശ്യമുന്നയിച്ച് ഗവര്‍ണറെ കണ്ടു. മുഖ്യമന്ത്രി നിതീഷ് കുമാറുമൊത്ത് വിശാലസഖ്യമുണ്ടാക്കി മത്സരിച്ച് 243 അംഗ ബിഹാര്‍ നിയമസഭയില്‍ (2015) 80 സീറ്റുകള്‍ നേടി ആര്‍.ജെ.ഡിയാണ് വലിയ ഒറ്റകക്ഷി. തെരഞ്ഞെടുപ്പ് കാലത്ത് ആര്‍.ജെ.ഡിയുമായി സഖ്യത്തിലുണ്ടായിരുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യു (71) ആദ്യം സര്‍ക്കാരുണ്ടാക്കിയെങ്കിലും രാജിവച്ചു. 53 സീറ്റുകള്‍ മാത്രമുള്ള ബി.ജെ.പിയാണ് പിന്നീട് ജെ.ഡി.യുവുമായി സഖ്യമുണ്ടാക്കിയത്.

ഞങ്ങള്‍ക്ക് മൊത്തം 111 എം.എല്‍.എമാരുടെയും സന്തുഷ്ടരല്ലാത്ത കുറച്ച് ജെ.ഡി.യു എം.എല്‍.എമാരുടെയും പിന്തുണയുണ്ട്. നിതീഷ് കുമാറിനെപ്പോലെ യു- ടേണ്‍ അടിക്കുന്നവരുമായി സഖ്യം ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.