ഭൂരിപക്ഷം തെളിയിക്കുമെന്ന് യെദ്യൂരപ്പ

ബംഗളൂരു: നാളെ വിശ്വാസ വോട്ടടുപ്പ് നടത്തണമെന്ന സുപ്രിം കോടതി വിധി അംഗീകരിക്കുന്നതായി കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പ. വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിശ്വാസവോട്ടിന് കോടതി നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും ഉറപ്പുവരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുപ്രിംകോടതി വിധി സ്വാഗതം ചെയ്യുന്നുവെന്നും നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയാറാണെന്നും ബി.ജെ.പി എം.പി ശോഭ കരന്തല്‍ജെയും പറഞ്ഞു.

കര്‍ണാടകയിലെ രാഷ്ട്രീയക്കളിയില്‍ ബി.ജെ.പിക്കു കനത്ത തിരിച്ചടി നല്‍കുന്നതായിരുന്നു സുപ്രിം കോടതി വിധി.  ഭൂരിപക്ഷം തെളിയിക്കാന്‍ സമയം നല്‍കണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളിയ കോടതി നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് നിര്‍ദേശിച്ചു. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബി.ജെ.പിയുടെ ആവശ്യവും കോടതി തള്ളി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയും പ്രോട്ടം സ്പീക്കറുടെ തെരഞ്ഞെടുപ്പും നാളെ നാലിനു മുമ്പ് തീര്‍ക്കണം. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയെ നാമനിര്‍ദേശം ചെയ്യാനുള്ള ഗവര്‍ണറുടെ നിര്‍ദേശം കോടതി തടഞ്ഞതും ബി.ജെ.പിക്കു തിരിച്ചടിയായി. സര്‍ക്കാരുണ്ടാക്കാന്‍ തങ്ങള്‍ക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യം നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.