കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബെംഗളൂരു: രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ബി.എസ്.യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിനു പിന്നാലെയാണ് മന്ത്രിസഭ രൂപീകരിക്കുന്നതിന് അനുമതി കുമാരസ്വാമി ഗവര്‍ണര്‍ വാജുഭായി വാലയെ രാജ്ഭവനില്‍ സന്ദര്‍ശിച്ചത്.

കോണ്‍ഗ്രസ് നേതാവ് ജി. പരമേശ്വര ഉപമുഖ്യമന്ത്രി ആയേക്കും. ഡി.കെ. ശിവകുമാറിനെ കെപിസിസി പ്രസിഡന്റായി നിയമിക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച്ചയാവും കോണ്‍ഗ്രസ-്‌ജെഡിഎസ് സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുക.

സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് രണ്ടുദിവസം മുമ്പുമാത്രം സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ രാജിക്ക് നിര്‍ബന്ധിതനായത്. വിശ്വാസ വോട്ടെടുപ്പിനു മുമ്പുതന്നെ ഭൂരിപക്ഷം ഉറപ്പായില്ലെങ്കില്‍ മാന്യമായി രാജിവയ്ക്കണമെന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യെദിയൂരപ്പയ്ക്കും കര്‍ണാടക ഘടകത്തിനും മുന്നറിയിപ്പ് നല്‍കിയിരുന്നു. വികാരാധീനനായിസഭയില്‍ നടത്തിയ പ്രസംഗത്തിനു ശേഷമാണു യെദിയൂരപ്പ രാജിപ്രഖ്യാപിച്ചത്. കുമാരസ്വാമി തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യുമെന്ന വിവരം പുറത്തുവന്നയുടന്‍ ബി.എസ്. യെദിയൂരപ്പ എച്ച്.ഡി. ദേവഗൗഡയെയും കോണ്‍ഗ്രസ് നേതാക്കളെയും നേരിട്ട് ആശംസ അറിയിച്ചു.