കര്‍ണാടകയില്‍ ഓപ്പറേഷന്‍ താമര പരാജയപ്പെട്ടു; ജനാധിപത്യം വിജയിച്ചു: കോണ്‍ഗ്രസ്

ബെംഗളൂരു: എതിര്‍പാര്‍ട്ടിയിലെ എംഎല്‍എമാരെ അടര്‍ത്തിയെടുക്കുന്ന ബിജെപിയുടെ ഓപ്പറേഷന്‍ താമര കര്‍ണാടകയില്‍ പരാജയപ്പെട്ടുവെന്നും ജനാധിപത്യം വിജയിച്ചുവെന്നും കോണ്‍ഗ്രസ്. വിശ്വാസവോട്ടെടുപ്പിന് തൊട്ടുമുമ്പ് യെദിയൂരപ്പ രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം.

രണ്ട് ദിവസം മാത്രം മുഖ്യമന്ത്രിയായ യെദിയൂരപ്പ തന്റെ തന്നെ റെക്കോര്‍ഡ് തകര്‍ത്തുവെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജെവാല പരിഹസിച്ചു. ഇത് ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കര്‍ണാടകയില്‍ ജനാധിപത്യം സംരക്ഷിക്കപ്പെട്ടുവെന്ന് മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരവും പ്രതികരിച്ചു. പാവകളിക്കാരന്‍ താഴെ വീണപ്പോള്‍ പാവയും വീണ് തകര്‍ന്നുവെന്ന് അദ്ദേഹം പരിഹസിച്ചു.