കര്‍ദ്ദിനാളിന് കാനോന്‍ നിയമമല്ല, പീനല്‍ കോഡാണ് ബാധകം: ജസ്റ്റിസ് കെമാല്‍ പാഷ

കൊച്ചി: ഹൈക്കോടതി നടപടിക്രമങ്ങളില്‍ അതൃപ്തി മറച്ച് വെക്കാതെ ജസ്റ്റിസ് കെമാല്‍ പാഷ. അവധിക്കാലത്തിന് മുമ്പ് പരിഗണനാ വിഷയം മാറ്റിയത് അനുചിതമെന്ന് കെമാല്‍ പാഷ വിലയിരുത്തി. കര്‍ദ്ദിനാളിനെതിരെ കേസെടുക്കണമെന്ന വിധി ന്യായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും. കര്‍ദ്ദിനാളിനു കാനോന്‍ നിയമമല്ല, ഇന്ത്യന്‍ പീനല്‍ കോഡാണ് ബാധകമെന്ന് അദ്ദേഹം പറഞ്ഞു. ജഡ്ജിമാരുടെ പരിഗണനാവിഷയങ്ങള്‍ മാറ്റിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

ജഡ്ജി നിയമനത്തിലും അദ്ദേഹം നിലപാട് കടുപ്പിച്ചു. ജഡ്ജി നിയമനത്തിന് പരിഗണനയിലുള്ളവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ടെന്നും അദ്ദേഹം പരിഹസിച്ചു. സുതാര്യതയില്ലെന്നും മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും ജസ്റ്റിസ് ബി. കെമാല്‍പാഷ പറഞ്ഞു.

ജഡ്ജിമാരില്‍ പലര്‍ക്കും ഇതേ അഭിപ്രായമുണ്ട്. പക്ഷേ എത്രപേര്‍ തുറന്നുപറയുമെന്നറിയില്ല– അദ്ദേഹം പറഞ്ഞു. വിരമിച്ചശേഷം പദവികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം സഹപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞത് ജഡ്ജിമാര്‍ക്ക് മുന്നറിയിപ്പായിതന്നെയാണ്. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചിട്ടില്ല, ആരൊക്കെ പാലിക്കുമെന്നും ഉറപ്പില്ല. തനിക്ക് വാഗ്ദാനങ്ങളില്ലെന്നും ശമ്പളമുള്ള ജോലി ഏറ്റെടുക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.