ട്രോളൻമാർ സൂക്ഷിക്കുക . . ഇനി കുമ്മനത്തെ തൊട്ടാൽ ഇവിടെ വരിക മിസോറാം പൊലീസ്

തിരുവനന്തപുരം: മിസോറാം ഗവര്‍ണ്ണറായി നിയമിതനായ കുമ്മനം രാജശേഖരനെ ഇനി ട്രോളുന്നവര്‍ ജാഗ്രത !.ഭരണഘടനാ പദവിയുള്ള ഗവര്‍ണ്ണര്‍ സ്ഥാനത്ത് അധികാരമേല്‍ക്കുന്നതോടെ നിയമപരമായി കുമ്മനത്തിനു വലിയ സംരക്ഷണ വലയമുണ്ടാകും.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്ന നിലയില്‍ ട്രോളിയതിന്റെ ഓര്‍മ്മയില്‍ ഇനി ആവര്‍ത്തിച്ചാല്‍ ത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കും. സ്വമേധയാ പൊലീസ് നടപടി സ്വീകരിച്ചില്ലങ്കില്‍ മറ്റാരെങ്കിലും പരാതി നല്‍കിയാല്‍ കേരളത്തിലെ പൊലീസിനും ഒഴിഞ്ഞു മാറാനാവില്ല.

ഇതൊന്നും പ്രശ്‌നമല്ലന്ന വാശിയിലും പിണറായി പൊലീസ് ആണെന്ന ധൈര്യത്തിലും ഗവര്‍ണ്ണറായി ചുമതലയേറ്റ ശേഷവും കേരളത്തില്‍ നിന്നും പരിഹാസം തുടരുകയാണെങ്കില്‍ മിസോറാം പൊലീസ് ആയിരിക്കും കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ പിടികൂടാന്‍ ഇവിടേക്ക് വരിക.

കേരളത്തില്‍ ഏറ്റവും അധികം രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനത്തിനും പരിഹാസത്തിനും വിധേയനായ ബി.ജെ.പി നേതാവാണ് കുമ്മനം രാജശേഖരന്‍.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രിയ കേന്ദ്രങ്ങളെ ഞെട്ടിച്ച് രാഷ്ട്രപതി ഭവൻ കുമ്മനത്തെ മിസോറാം ഗവർണ്ണറായി നിയമിച്ച ഉത്തരവ് പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ എന്നിവരാണ് കുമ്മനത്തിന്റെ പുതിയ നിയോഗത്തിനു പിന്നിൽ.