കേരളത്തിന് നാണക്കേടായി കോട്ടയത്തെ ദുരഭിമാനക്കൊല; പെണ്‍കുട്ടി കരഞ്ഞു പറഞ്ഞിട്ടും പൊലീസ് അനങ്ങിയില്ല

കേരളത്തിന് നാണക്കേടായി കെവിന്റെ ദുരഭിമാനക്കൊല. ദലിത് ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട യുവാവ് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചതാണ് പെണ്‍കുട്ടിയുടെ വീട്ടുകാരെ ചൊടിപ്പിച്ചത്. പല തവണ പൊലീസിന് മുന്നില്‍ വെച്ച് തന്നെ പെണ്‍കുട്ടിയെ വിളിച്ച് കൊണ്ടു പോകാന്‍ ബന്ധുക്കള്‍ ശ്രമിച്ചെങ്കിലും താന്‍ കെവിനൊപ്പം പോകുമെന്ന ഉറച്ച നിലപാട് പെണ്‍കുട്ടി എടുക്കുകയായിരുന്നു.

പെണ്‍കുട്ടിയും കെവിനും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ കെവിന്റെ ജാതിയും ജോലിയുമായിരുന്നു അവര്‍ പ്രശ്‌നമായി ഉയര്‍ത്തിയത്. ഒടുവില്‍ രജിസ്റ്റര്‍ മാര്യേജ് ചെയ്തതിന് പിന്നാലെ സഹോദരന്റെ നേതൃത്വത്തില്‍ ഗുണ്ടാസംഘം എത്തി ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു.

നട്ടാശേരി എസ്എച്ച് മൗണ്ട് പ്ലാത്തറ വീട്ടില്‍ കെവിനെയും ഇയാളുടെ പിതൃസഹോദരിയുടെ മകന്‍ മാന്നാനം കളമ്പുകാട്ടുചിറ അനീഷ് സെബാസ്റ്റ്യനെയുമാണ് മാരകായുധങ്ങളുമായെത്തിയ സംഘം കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോയത്. അനീഷിന്റെ വീട് സംഘം അടിച്ചു തകര്‍ക്കുകയും ചെയ്തു. അനീഷിനെ പിന്നീടു സംഘം റോഡില്‍ ഉപേക്ഷിച്ചെങ്കിലും. കെവിനെക്കുറിച്ചു വിവരമൊന്നുമില്ലായിരുന്നു. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത് .

മറ്റൊരു വിവാഹം നടത്താന്‍ ബന്ധുക്കള്‍ ഉറപ്പിച്ചതോടെ പെണ്‍കുട്ടി കെവിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി ഇവരുമായി സംസാരിച്ചിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം പെണ്‍കുട്ടി ഹാജരാക്കിയെങ്കിലും കെവിനൊപ്പം ജീവിക്കാനാണു താല്‍പര്യമെന്ന് അറിയിച്ചു. ഇതില്‍ പ്രകോപിതരായ ബന്ധുക്കള്‍ പെണ്‍കുട്ടിയെ പൊലീസിന്റെ മുന്നില്‍വച്ചു മര്‍ദിച്ചു വാഹനത്തില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും നാട്ടുകാര്‍ സംഘടിച്ചതോടെ പിന്‍വാങ്ങി.

ശനിയാഴ്ച രാവിലെയും ഇവരെത്തി നാട്ടുകാരെ ഭീഷണിപ്പെടുത്തി. ഇതിനിടെ, പെണ്‍കുട്ടി അമ്മഞ്ചേരിയിലുള്ള ലേഡീസ് ഹോസ്റ്റലിലേക്കു കെവിന്‍ രഹസ്യമായി മാറ്റി. അമ്മാവന്റെ മകനായ അനീഷിനൊപ്പം മാന്നാനത്തെ വീട്ടിലാണു കെവിന്‍ കഴിഞ്ഞിരുന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ മൂന്നു കാറുകളിലായി 10 പേര്‍ ആക്രമിക്കുകയായിരുന്നുവെന്ന് അനീഷ് പറയുന്നു. വീട്ടിലെ സാധനങ്ങളെല്ലാം അടിച്ചു തകര്‍ത്തശേഷം കാറില്‍ കയറ്റി കൊണ്ടുപോയി. കാറിലും മര്‍ദനം തുടര്‍ന്നു. അനീഷും കെവിനും വെവ്വേറെ കാറുകളിലായിരുന്നു.

സമീപമുള്ള വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും ഗുണ്ടാസംഘം ആയുധങ്ങളുമായി ഭീഷണി മുഴക്കിയതിനാല്‍ പുറത്തിറങ്ങിയില്ല. ഇവരാണു മറ്റു നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചത്. പൊലീസ് ഫോണില്‍ ബന്ധപ്പെട്ടതോടെ അനീഷിനെ പത്തനാപുരത്തുനിന്നു തിരികെ സംക്രാന്തിയിലെത്തി റോഡില്‍ ഇറക്കിവിട്ടു. സാരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. കാഴ്ച വൈകല്യമുമുള്ള അനീഷിന്റെ കണ്ണിനു ഗുണ്ടാസംഘത്തിന്റെ മര്‍ദനത്തില്‍ പരുക്കേറ്റിട്ടുണ്ട്.

ആദ്യം മുതല്‍ പൊലീസ് കാണിച്ച അലംഭാവമാണ് ഒരു പാവം യുവാവിന്റെ കൊലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടി ഇന്നലെ രാവിലെ തന്നെ പൊലീസില്‍ പരാതി നല്‍കിയിട്ടും വേണ്ട രീതിയില്‍ അന്വേഷിക്കാന്‍ പൊലീസ് തയാറായിരുന്നില്ല.

‘ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയോ? ഇപ്പോള്‍ അന്വേഷിക്കാന്‍ സമയമില്ല’, പൊലീസ് നീനുവിനോട് പറഞ്ഞതിങ്ങനെയാണ്. പൊലീസിന്റെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചയും അനാസ്ഥയുമാണ് കെവിന്റെ ജീവനെടുത്തത്. തന്റെ സഹോദരനാണ് കെവിനെ തട്ടിക്കൊട്ടുപോയതെന്ന് കരഞ്ഞ് പറഞ്ഞിട്ടും നടപടിയെടുക്കാന്‍ പൊലീസ് തയ്യാറായില്ലെന്ന് നീനു പറയുന്നു.

അതേസമയം പരാതി അവഗണിച്ച ഗാന്ധിനഗര്‍ എസ് ഐക്കെതിരെ അന്വേഷണം ആരംഭിച്ചു. പ്രതികളില്‍ നിന്ന് പണം കൈപ്പറ്റിയെന്ന പരാതിയാണ് ഡിവൈഎസ്പി അന്വേഷിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ