മരിക്കും മുന്‍പ് കെവിന്‍ അനുഭവിച്ചത് നരകയാതന; കണ്ണുകള്‍ ചൂഴ്‌ന്നെടുക്കാന്‍ ശ്രമിച്ചതായി സംശയം; പ്രതികളില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും; കോട്ടയത്ത് നാളെ ഹര്‍ത്താല്‍

കൊല്ലം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട സംഭവം വിവാദമാകുന്നു. ക്രൂരമര്‍ദ്ദനത്തിന് ശേഷമാണ് കെവിനെ കൊലപ്പെടുത്തിയതെന്ന വിവരങ്ങളും ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. കണ്ണുകളില്‍ മാരക മുറിവേറ്റിട്ടുണ്ട്. കെവിന്റെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തുവെന്നാണ് സൂചന. മൃതദേഹം വലിച്ചിഴച്ചാണ് തോട്ടില്‍ തള്ളിയതെന്നും പ്രദേശത്ത് നിന്നും വ്യക്തമായിട്ടുണ്ട്.  മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റത്തിന്‍റെ മറ്റ് പാടുകളുണ്ടെന്നും കഴുത്തിലും ആഴത്തിലുള്ള മുറിവുണ്ടെന്നുമാണ് വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് നാളെ ബിജെപി ഹര്‍ത്താല്‍  പ്രഖ്യാപിച്ചു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കോട്ടയം ജില്ലയില്‍ നാളെ യുഡിഎഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

മൃതദേഹം കെവിന്റേതാണെന്ന് സ്ഥിരീകരിച്ച പോലീസ് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പുനലൂര്‍ താലൂക്ക്  ആശുപത്രിയിലേക്ക് മാറ്റാനൊരുങ്ങുകയാണ്.  കെവിന്റെ മരണം വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പന്ത്രണ്ട് പേര്‍ക്കും ഡിവൈഎഫ്‌ഐ ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനത്തിന്റെ ഉടമസ്ഥന്‍ ഇബ്രാഹിംകുട്ടിയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ കയ്യില്‍ നിന്ന് വാഹനം വാങ്ങിക്കൊണ്ടുപോയ നിയാസ് ഡിവൈഎഫ്‌ഐ തെന്‍മല യൂണിറ്റ് സെക്രട്ടറിയാണ്.

ഇന്ന് രാവിലെ പിടിയിലായ ഇശാലും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണ്. ഇടമണ്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇനി പിടിയിലാകാന്‍ ഉള്ളവര്‍ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാന്‍ തമിഴ്‌നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്.

തിരോധാനക്കേസില്‍ നടപടി വൈകിച്ച എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ കോട്ടയം എസ്പിയെയും മാറ്റി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഗാന്ധിനഗര്‍ എസ്‌ഐ എം.എസ്.ഷിബുവിനാണ് സസ്‌പെന്‍ഷന്‍. മേല്‍നോട്ടത്തില്‍ വീഴ്ച വരുത്തിയതിന് കോട്ടയം എസ്പി: മുഹമ്മദ് റഫീഖിനെ മാറ്റിനിര്‍ത്തി.

ബന്ധുക്കള്‍ ഗാന്ധി നഗര്‍ സ്റ്റേഷന്‍ ഉപരോധിക്കുകയാണ് ഇപ്പോള്‍. പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. കെവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ കൈക്കൂലി വാങ്ങി അന്വേഷണം വൈകിപ്പിച്ച പൊലീസുകാരുടേത് മാപ്പര്‍ഹിക്കാത്ത തെറ്റാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഞ്ഞടിച്ചു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം എന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനു മുന്നില്‍ രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കുത്തിയിരിക്കുകയാണ്. വന്‍ പ്രതിഷേധത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുന്നത്.

കെവിന്റെ മൃതദേഹം കൊല്ലം തെന്മലയില്‍ നിന്ന് 20 കി.മീ. അകലെ ചാലിയക്കര തോട്ടില്‍ ആണ് കണ്ടെത്തിയത്. വീടാക്രമിച്ച് കെവിനെ തട്ടിക്കൊണ്ടുപോയത് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്കായിരുന്നു. മൃതദേഹത്തില്‍ മാരകമായ മുറിവുകളുണ്ട്. തലയ്ക്കും പരുക്കുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഇഷാന്‍ കസ്റ്റഡിയിലുണ്ട്. കെവിനെ തട്ടിക്കൊണ്ടുപോയശേഷം പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണ്. കെവിന്‍ പി. ജോസഫിനെ തട്ടിക്കൊണ്ടുപോയെന്ന ഭാര്യ നീനു ചാക്കോയുടെ പരാതി ഗാന്ധിനഗര്‍ പൊലീസ് അവഗണിച്ചു. മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞ് അന്വേഷിക്കാമെന്നായിരുന്നു എസ്‌ഐ എം.എസ് ഷിബുവിന്റെ മറുപടി.

വിഷയത്തില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തു. മൂന്നാഴ്ചയ്ക്കകം പൊലീസ് റിപ്പോര്‍ട്ട് നല്‍കണം. ഇതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷിക്കുന്നതില്‍ പൊലീസ് വീഴ്ചവരുത്തിയോ എന്ന് അന്വേഷിക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.