ചെങ്ങന്നൂരില്‍ എല്‍.ഡി.എഫ് ലീഡ് 10,000 കടന്നു

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് വ്യക്തമായ മുന്നേറ്റം. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളെന്ന് കരുതുന്ന മാന്നാര്‍, പാണ്ടനാട് പഞ്ചായത്തുകളിലും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയിലും സജി ചെറിയാന്‍ വ്യക്തമായ ലീഡ് നേടി. അവസാനം പുറത്തുവരുന്ന വിവരമനുസരിച്ച് 10,357 വോട്ടുകളുടെ ലീഡാണ് സജി ചെറിയാനുള്ളത്. ആദ്യഫലസൂചനകള്‍ ലഭ്യമായപ്പോള്‍തന്നെ എല്‍.ഡി.എഫ് വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു.

യു.ഡി.എഫ് ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്ത് എന്‍.ഡി.എ സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയാണുള്ളത്.

കഴിഞ്ഞ തവണ യു.ഡി.എഫിന് ലീഡ് കിട്ടിയ പഞ്ചായത്താണ് പാണ്ടനാട്. 288 വോട്ടുകളായിരുന്നു യു.ഡി.എഫ് ലീഡ്.  തിരുവണ്ടൂരും ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റിയും എണ്ണുന്നതോടെ ചിത്രം വ്യക്തമാകും. 181 ബൂത്തകളാണ് ആകെയുള്ളത്.

പോസ്റ്റല്‍ വോട്ടുകളാണ് ആദ്യം എണ്ണിയത്. തപാല്‍ സമരം കാരണം 12 പോസ്റ്റല്‍ വോട്ടുകള്‍ മാത്രമാണ് എത്തിയത്.

ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. പതിമൂന്ന് റൗണ്ടുകളില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാവും.12 മണിയോടെ പൂര്‍ണഫലം അറിയാന്‍ സാധിക്കും.

പതിന്നാല് മേശകളാണ് വോട്ടെണ്ണലിന് ക്രമീകരിച്ചത്. 42 ഉദ്യോഗസ്ഥര്‍ ഒരേസമയം എണ്ണലില്‍ പങ്കാളികളാകുന്നുണ്ട്. മൈക്രോ ഒബ്‌സര്‍വര്‍, കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്റ് എന്നിങ്ങനെ മൂന്നുപേരടങ്ങുന്നതാണ് ഓരോ മേശയും.